ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് കടുത്ത പ്രതിസന്ധിയായി തുടരുന്നതിനിടെ സ്പുട്നിക് V വാക്സിൻ പ്രാദേശികമായി നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ റഷ്യ ഉടൻ ഇന്ത്യക്ക് കൈമാറും. വാക്സിൻ ഡോസുകളുടെ ആവശ്യകത രാജ്യത്ത് വർധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

റഷ്യയിൽ നിന്ന് സ്പുട്നിക് ഇറക്കുമതി ചെയ്യാൻ അനുമതിയുണ്ടെങ്കിലും രാജ്യത്ത് വ്യാപകമായി ഈ വാക്സിൻ ലഭ്യമായിത്തുടങ്ങിയിട്ടില്ല.

ഓഗസ്റ്റ് മുതൽ വാക്‌സിൻ ഇന്ത്യയിൽ ഉത്പാദനം ആരംഭിക്കുമെന്ന് റഷ്യയിലെ ഇന്ത്യൻ പ്രതിനിധി ഡി.ബി വെങ്കടേഷ് വർമ്മ പറഞ്ഞു. ലോകത്തെ മൊത്തം സ്പുട്‌നിക് V വാക്‌സിനുകളിൽ 65-70% ഇന്ത്യയിലാണ് നിർമ്മിക്കുക.

മെയ് അവസാനത്തോടെ 30 ലക്ഷത്തിലധികം ഡോസുകൾ വിതരണം ചെയ്യും. ജൂണിൽ ഇത് 50 ലക്ഷമായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

തുടക്കത്തിൽ 85 കോടി ഡോസ് വാക്സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കാനാണ് പദ്ധതിയെന്ന് വർമ്മ കൂട്ടിച്ചർത്തു.റഷ്യൻ വാക്സിൻ നിർമ്മാതാക്കൾ ഇന്ത്യയിലെ ഡോ. റെഡ്ഡീസ് ലാബുമായി സഹകരിച്ച് ഇതിനകം രണ്ട് ലക്ഷത്തിലധികം ഡോസുകൾ ഇന്ത്യയ്ക്ക് നൽകിയിട്ടുണ്ട്.

''സ്പുട്നിക് ആദ്യം 1,50,000 ഡോസും പിന്നീട് 60,000 ഡോസും ഇന്ത്യയ്ക്ക് നൽകിയിട്ടുണ്ട്, മെയ് അവസാനത്തോടെ 30 ലക്ഷം ഡോസുകൾ കൂടി വിതരണം ചെയ്യും. ഇവ ഇന്ത്യയിൽ വച്ചാണ് നിറയ്ക്കുക. ജൂണോടെ ഇത് 50 ലക്ഷമായി വർധിപ്പിക്കും. അതിനു ശേഷം ഓഗസ്റ്റോടെ ഇന്ത്യയിൽ ഉത്പാദനവും ആരംഭിക്കും', വർമ്മ കൂട്ടിച്ചേർത്തു.

സ്പുട്‌നിക് ലൈറ്റും റഷ്യ വിതരണം ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ അതിനുള്ള റെഗുലേറ്ററി അംഗീകാരങ്ങൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. റെഗുലേറ്ററി അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ സ്പുട്നിക് ലൈറ്റും താമസിയാതെ ഇന്ത്യയിൽ ലഭ്യമാക്കും.

ഇറക്കുമതി ചെയ്യുന്ന വാക്സിൻ ഡോസുകൾക്ക് നിലവിൽ 948 രൂപയാണ് പരമാവധി വിലയായി ഈടാക്കുന്നത്. 5 ശതമാനം ജിഎസ്ടി കൂടികണക്കാക്കുമ്പോൾ ഒരു ഡോസിന് 995.4 രൂപ വില വരും. സ്പുട്നിക് അടക്കം മൂന്ന് വാക്സിനുകൾ മാത്രമാണ് ഇതുവരെ ഇന്ത്യയിൽ വിൽക്കാൻ അനുമതി നൽകിയിട്ടുള്ളത് .