ഹൈദരാബാദ്: വാക്‌സിൻ ക്ഷാമത്തെ തുടർന്ന് രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ സംബന്ധിച്ച ആശങ്കകൾ നിലനിൽക്കെ റഷ്യയിൽ നിന്നുള്ള സ്പുട്നിക് V വാക്സിന്റെ മൂന്നാമത്തേയും ഏറ്റവും വലുതുമായ വിഹിതം ഇന്ത്യയിലെത്തി.

56.6 ടണ്ണോളം വരുന്ന 30 ലക്ഷം ഡോസാണ് ഹൈദരാബാദിൽ എത്തിച്ചത്. രാജ്യത്തേക്കുള്ള കോവിഡ് വാക്സിനുകളുടെ ഏറ്റവും വിലയ ഇറക്കുമതിയാണിത്.

ഇന്ന് പുലർച്ചെ 3.43 ഓടെ ഹൈദരാബാദ് വിമാനത്താവളത്തിലെത്തി എത്തിയ പ്രത്യേക ചാർട്ടർ വിമാനത്തിലാണ് റഷ്യയിൽ നിന്നും വാക്സിൻ എത്തിയത്. സ്പുട്നിക് V വാക്സിനുകൾ പ്രത്യേക രീതിയിൽ കൈകാര്യം ചെയ്യുകയും സംഭരിക്കലും ആവശ്യമാണ്.

20 ഡിഗ്രി സെൽഷ്യസിലാണ് വാക്സിൻ സൂക്ഷിക്കുകയെന്നാണ് അധികൃതർ പറയുന്നത്. ഹൈദരാബാദ് നിലവിൽ രാജ്യത്തേക്കുള്ള വാക്സിൻ ഇറക്കുമതിയുടെ ഒരു ഹബ്ബായി മാറിയിരിക്കുകയാണ്.

വാക്സിനുകളുടെ ഇറക്കുമതിയും കയറ്റി അയക്കലും സുഗമമായ നടത്തുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് ഹൈദരാബാദ് വിമാനത്താവള അധികൃതർ പറഞ്ഞു.

സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡിനും ഭാരത് ബയോടെകിന്റെ കോവാക്സിനും ശേഷം ഇന്ത്യയിൽ ആദ്യമായി വിതരണം ചെയ്യാൻ അനുമതി ലഭിച്ചത് സ്പുട്നിക് വാക്സിനാണ്.

കൂടുതൽ വാക്സിനുകളാവശ്യപ്പെട്ട് സംസ്ഥാനങ്ങൾ നിരന്തരം കേന്ദ്ര സർക്കാരിനെ സമീപിച്ചുകൊണ്ടിരിക്കെയാണ് റഷ്യയിൽ നി്ന്നും സ്പുട്നിക് V വാക്സിന്റെ മൂന്നാമത്തെ വിഹിതം രാജ്യത്ത് എത്തിയത്.