തിരുവനന്തപുരം: ദൂരദർശൻ കേന്ദ്രത്തിലെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ അധികൃതർ ഇതുവരെ പൊലീസിൽ പരാതിപ്പെട്ടില്ലെന്ന് വിമർശനം. ദൂരദർശനിലെ തന്നെ ജീവനക്കാരനാണ് കുറ്റാരോപിതൻ എന്നതിനാലാണ് പൊലീസിൽ റിപ്പോർട്ട് ചെയ്യാത്തതെന്നാണ് ചിലർ പരാതി പറയുന്നത്. സ്ഥാപനത്തിലെ വനിതകൾ തന്നെയാണ് ക്യാമറ കണ്ടെത്തിയത്.

പരാതി ദൂരദർശനിലെ തന്നെ വനിതാ സമിതിയും അച്ചടക്ക സമിതിയുമാണ് ആദ്യം അന്വേഷിച്ചത്. ദൂരദർശനിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ടതാണ് ഈ സമിതി. വിരലടയാളവും മറ്റും ശേഖരിച്ച് ശാസ്ത്രീയ പരിശോധനയും നടത്തേണ്ട കേസ് പൊലീസിന് കൈമാറാത്തതിൽ നിരവധി ജീവനക്കാർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

താൽക്കാലിക ജീവനക്കാരനായ കുറ്റാരോപിതൻ വർഷങ്ങളായി ദൂരദർശനിൽ തുടരുന്നതെങ്ങനെയാണെന്നും ചോദ്യം ഉയരുന്നുണ്ട്. ക്യാമറ കണ്ടെത്തി രണ്ടുദിവസം കഴിഞ്ഞിട്ടും പൊലീസിൽ പരാതിപ്പെടാൻ അധികൃതർ തയാറാകാത്തത് കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണെന്നാണ് വിമർശനമുയരുന്നത്.

സംഭവം വാർത്ത ആയതോടെ വിവിധ പരിപാടികളും മറ്റും അവതരിപ്പിക്കാനായി ദൂരദർശനിൽ എത്തുന്ന പ്രമുഖ വ്യക്തികൾ അടക്കമുള്ളയാളുകൾ ആശങ്കയിലാണ്.