ആലത്തൂർ: കാവശേരി പഞ്ചായത്ത് ഓഫിസിനു സമീപമുള്ള ഫാൻസി സ്റ്റോറും അതിനോടു ചേർന്ന ഒറ്റമുറി വീടും ഇന്നലെ സാക്ഷിയായത് വികാരനിർഭരമായ മുഹൂർത്തങ്ങൾക്കായിരുന്നു. കടത്തിണ്ണയിൽനിന്ന് ആലുവയിലെ ജനസേവ ശിശുഭവൻ വരെയെത്തിയ ശ്രീദേവി. ആ ശ്രീദേവിക്ക് സുരേഷ് ഗോപിയുടെ വീണ്ടുമുള്ള വരവ് പ്രതീക്ഷയാണ്. തനിക്കും കുടുംബത്തിനും നല്ലൊരു വീടെന്ന സ്വപ്‌നം മുന്നിൽ കാണുകായണ് ശ്രീദേവി.

വർഷങ്ങൾക്കു മുൻപു മലപ്പുറം കോട്ടയ്ക്കലിലെ തെരുവിൽ പെറ്റമ്മയാൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ വാരിയെടുത്തത് ആക്രി പെറുക്കി ജീവിക്കുന്ന തങ്കമ്മയായിരുന്നു. തങ്കമ്മ അവളുടെ പോറ്റമ്മയായി. മകളുടെ കുഞ്ഞിന്റെ തൊട്ടിൽ അവൾക്കും തൊട്ടിലായി. ശ്രീദേവിയെന്നു പേരുമിട്ടു. മൂന്ന് വയസ്സായപ്പോഴേക്കും തങ്കമ്മ രോഗാവസ്ഥയിലായി. തങ്കമ്മ മരിച്ചതോടെ അവൾ ഭിക്ഷാടകരുടെ കൈകളിലായി. ആ കുഞ്ഞു ശരീരത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞും മറ്റും മുറിവേൽപിച്ച് ഭിക്ഷാടനത്തിന് എത്തിച്ചു. പിന്നീട് ജനസേവന കേന്ദ്രത്തിലെത്തി. അന്ന് സഹായിക്കാൻ എത്തിയത് സുരേഷ് ഗോപിയാണ്.

സന്നദ്ധ സംഘടനകളും മമ്മൂട്ടി ഫാൻസ് അസോസിയേഷനും കൈകോർത്തപ്പോൾ ശ്രീദേവിക്ക് ആശ്വാസമെത്തി. ജനസേവ ശിശുഭവനിലെത്തിയ സുരേഷ് ഗോപി താൻ ശുപാർശ കത്ത് നൽകി പ്രവേശനം നേടിയ ശ്രീദേവിയെ കണ്ടു. ജനസേവയിൽ താമസിച്ച് 10ാം ക്ലാസ് പാസായ ശ്രീദേവിക്ക് തൊഴിൽ പരിശീലനവും ലഭിച്ചു. മനോരമ വിവാഹ പംക്തിയിൽ നൽകിയ വിവാഹ പരസ്യം കണ്ടാണ് കാവശേരി മുല്ലക്കൽ തെലുങ്കപ്പാളയത്തിലെ സതീഷ് ശ്രീദേവിയെ വിവാഹം കഴിച്ചു.

4 വയസ്സുള്ള മകളുണ്ട്, ശിവാനി. കോവിഡ് വ്യാപനത്തോടെ ജീവിതം വീണ്ടും പ്രതിസന്ധിയിലായി. കട തുടങ്ങാൻ എടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയതിനാൽ ജപ്തി നോട്ടിസ് വന്നു. താമസിക്കുന്ന വാടക മുറിക്ക് പ്രത്യേകം നമ്പർ ലഭിച്ചിട്ടില്ലാത്തതിനാൽ റേഷൻ കാർഡും കിട്ടിയിട്ടില്ല. തന്റെ ജീവിതകഥയും സുരേഷ് ഗോപിയോടുള്ള കടപ്പാടും ബിജെപി സംസ്ഥാന സമിതി അംഗമായ കാവശേരിയിലെ സി.എസ്. ദാസിനോട് ശ്രീദേവി പറഞ്ഞപ്പോൾ വീണ്ടും സുരേഷ് ഗോപി എത്തി.

അദ്ദേഹത്തെ കണ്ടപ്പോൾ ശ്രീദേവിക്ക് കരച്ചിലടക്കാനായില്ല. തനിക്കൊരു വീടു വേണമെന്ന അപേക്ഷ കേട്ടപ്പോൾ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നറിയിച്ച് അദ്ദേഹം മടങ്ങി. ആ വാക്കുകളിലാണ് ഇന്ന് ശ്രീദേവിയുടെ പ്രതീക്ഷ. കെട്ടുറപ്പുള്ള ഒരു വീട് തനിക്ക് സുരേഷ് ഗോപി ഒരുക്കി തരുമെന്നാണ് ശ്രീദേവിയുടെ പ്രതീക്ഷ.