കൊച്ചി: ഭക്ഷണത്തിൽ മതം കലർത്തുന്നതിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റിനെ അഭിനന്ദിച്ച് ബിജെപി സഹയാത്രികൻ ശങ്കു ടി ദാസും നിരീക്ഷകൻ ശ്രീജിത്ത് പണിക്കരും. നല്ലത് ആര് ചെയ്താലും അംഗീകരിക്കണം എന്ന് നിയമസഭ തെരഞ്ഞെടുപ്പിൽ തൃത്താലയിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ശങ്കു ടി ദാസ് ഫേസ്‌ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.

ബജരംഗ് ദളോ ഹനുമാൻ സേനയോ എങ്കിലും ചെയ്യണമെന്ന് ഞാനുൾപ്പെടെ പലരും ആഗ്രഹിച്ച കാര്യമാണ് ഇന്ന് ഡിവൈഎഫ്ഐ ചെയ്തിരിക്കുന്നത് എന്നും ശങ്കു ടി ദാസ് കുറിച്ചു. ഫുഡ് സ്ട്രീറ്റിൽ നോൺ ഹലാൽ ആയ ഭക്ഷണം വിളമ്പുമോ? എന്നു ചോദിച്ച് നേരത്തെ ശങ്കു ടി ദാസ് നേരത്തെ ഡിവൈഎഫ്‌ഐ പരിപാടിക്കെതിരെ രംഗത്തു വന്നിരുന്നു.

ശങ്കു ടി ദാസിന്റെ കുറിപ്പിന്റെ പൂർണരൂപം :

നല്ലത് ആര് ചെയ്താലും അംഗീകരിക്കണം എന്നാണ്. ഭക്ഷണത്തിൽ മതം കലർത്തുന്ന ഹലാൽ വർഗ്ഗീയതക്ക് എതിരെ പോർക്ക് വിഭവങ്ങൾ ഉൾപ്പെടുത്തി നോൺ ഹലാൽ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ച ഡിവൈഎഫ്ഐയുടെ നടപടി ധീരമാണ്, മാതൃകാപരമാണ്, സ്വാഗതാർഹവുമാണ്.ബജരംഗ് ദളോ ഹനുമാൻ സേനയോ എങ്കിലും ചെയ്യണമെന്ന് ഞാനുൾപ്പെടെ പലരും ആഗ്രഹിച്ച കാര്യമാണ് ഇന്ന് ഡിവൈഎഫ്ഐ ചെയ്തിരിക്കുന്നത്.

അഭിവാദ്യങ്ങളുമായി ശ്രീജിത്ത് പണിക്കരും രംഗത്തെത്തിയിരുന്നു. ചിക്കനും ബീഫും പന്നിയും ബിരിയാണിയും വിളമ്പി, ഭക്ഷണത്തിന് മതമില്ലെന്ന് തെളിയിച്ച ഡിവൈഎഫ്ഐ സഖാക്കൾക്ക് അഭിവാദ്യങ്ങളെന്ന് ശ്രീജിത്ത് പണിക്കർ അഭിപ്രായപ്പെട്ടു.

ബിജെപിയുടെ നോൺ ഹലാലിനെതിരെയാണ് ഡിവൈഎഫ് ഐയുടെ ഇടപെടൽ. അതുകൊണ്ട് തന്നെ പന്നി ഇറച്ചി ഉണ്ടാകുമോ എന്ന സംശയവുമായി ബിജെപിക്കാർ സോഷ്യൽ മീഡിയയിൽ പ്രചരണവും നടത്തി. ഡിവൈഎഫ് ഐ ദേശീയ പ്രസിഡന്റ് എഎ റഹിമിനെ കടന്നാക്രമിക്കാനായിരുന്നു ശ്രമം. ഇവർക്കുള്ള മറുപടിയായാണ് ഭക്ഷണത്തിൽ മതം വേണ്ടെന്ന് വ്യക്തമാക്കിയുള്ള ഡിവൈഎഫ് ഐയുടെ ഇടപെടൽ. പന്നിയേയും ബീഫിനേയും മെനുവിൽ ഉൾപ്പെടുത്തി വിമർശകർക്ക് മറുപടി നൽകി ഡിവൈഎഫ്‌ഐ.

എറണാകുളത്ത് നടന്ന പരിപാടി അഡ്വ.സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. ചിന്താ ജെറോം അടക്കമുള്ളവർ പങ്കെടുത്തു. പന്നി ഇറച്ചി മറ്റുള്ളവർ കഴിക്കുന്നതിനെ മുസ്ലിം സഹോദരങ്ങൾ എതിർക്കുന്നില്ല. അതാണ് സത്യം. ആ സന്ദേശം നൽകാനാണ് ബീഫും പോർക്കും ഒന്നിച്ചു വച്ചതെന്ന് ഡിവൈഎഫ് ഐ വിശദീകരിക്കുന്നു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വലിയ പ്രതികരണമാണ് ഈ പ്രതിഷേധ ഫുഡ് ഫെസ്റ്റിന് കിട്ടിയത്. പ്രമുഖരെല്ലാം ഭക്ഷണം കഴിക്കാൻ എത്തി.

ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ആണ് ജില്ലാ കേന്ദ്രങ്ങളിൽ 'ഫുഡ് സ്ട്രീറ്റ്' നടത്തുന്നതെന്ന് ഡിവൈഎഫ് ഐ പ്രഖ്യാപിച്ചിരുന്നു. ഭക്ഷണത്തിന് മതമില്ലെന്നും നാടിനെ വിഭജിക്കുന്ന ആർഎസ്എസിന്റെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ റഹീം ആവശ്യപ്പെട്ടിരുന്നു.