തിരുവനന്തപുരം: തെന്നലയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയെന്ന പരാതിയിൽ പ്ലസ്ടൂ വിദ്യാർത്ഥിയെ കുടുക്കിയ സംഭവത്തിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് ശ്രീനാഥും കുടുംബവും. ശ്രീനാഥ് ബൈക്കിൽ പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പൊലീസ് കേസ്. എന്നാൽ പ്ലസ്ടൂ വിദ്യാർത്ഥിയായ ശ്രീനാഥിന് ബൈക്ക് ഓടിക്കാനറിയില്ലെന്ന് വീട്ടുകാർ പറയുന്നു. സ്വന്തമായി ബൈക്കും ഇല്ല. എന്നാൽ ശ്രീനാഥുമായി ഒരു ബന്ധവുമില്ലാത്ത മറ്റേതൊ ബൈക്ക് തെളിവാക്കി ശ്രീനാഥിന്റെ പേരിൽ കേസെടുത്തിരിക്കുകയാണ്.

ഡിഎൻഎ ടെസ്റ്റ് നെഗറ്റീവായിട്ട് പത്ത് ദിവസത്തോളമായിട്ടും യഥാർത്ഥപ്രതിയെ പിടിക്കാൻ പൊലീസ് താൽപര്യം കാണിക്കുന്നില്ലെന്നും അവർ ആരോപിച്ചു. പീഡനം നടന്നെന്ന് പറയുന്നത് ഒരു ഞായറാഴ്‌ച്ചയാണ്. ആ ദിവസം കുടുംബാംഗങ്ങൾ എല്ലാവരും വീട്ടിലുണ്ടായിരുന്നു. പിന്നെ എങ്ങനെയാണ് ശ്രീനാഥ് പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചത്? അവർ ചോദിക്കുന്നു.

തെളിവെടുപ്പിനായി കൊണ്ടുവന്ന പെൺകുട്ടി വീട്ടിലെ മുറികൾ പോലും തിരിച്ചറിയാതെ കുഴങ്ങിയത് കണ്ടവർക്ക് മനസിലാകും ആദ്യമായാണ് ആ കുട്ടി ശ്രീനാഥിന്റെ വീട്ടിലെത്തുന്നതെന്ന്. എന്നിട്ടും പൊലീസുകാർക്കത് മനസിലായില്ലേ. പൊലീസ് മനഃപൂർവം ശ്രീനാഥിനെ കള്ളക്കേസ് സൃഷ്ടിച്ച് കുടുക്കുകയായിരുന്നെന്നും വീട്ടുകാർ പറയുന്നു.

തന്നെ അറസ്റ്റ് ചെയ്ത പൊലീസ് പെൺകുട്ടിയുടെ വീട്ടിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചെന്ന് ശ്രീനാഥ് മറുനാടനോട് പറഞ്ഞു. ലോക്കപ്പിൽ വച്ചും മർദ്ദിച്ചു. ഇപ്പോൾ ഓർമശക്തിയും കേൾവിശക്തിയും ഭാഗികമായി ഇല്ല. ഒരുചെവിയുടെ കേൾവി പൂർണമായും നഷ്ടപ്പെട്ടു, ശ്രീനാഥ് പറയുന്നു.

തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും വിശ്വസിക്കാൻ പൊലീസ് തയ്യാറായില്ല. ഡിഎൻഎ റിസൾട്ട് വരുമ്പോൾ ഞാൻ രക്ഷപ്പെടുമെന്ന് ഉറപ്പായിരുന്നു. എനിക്കവരുടെ മൊഴികളൊക്കെ കേട്ടിട്ടുള്ള വിഷമമുണ്ട്. പ്രതിപട്ടികയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകും. അഡ്വ. ആളൂർ വക്കാലത്ത് ഏറ്റെടുത്തിട്ടുണ്ടെന്നും ശ്രീനാഥ് അറിയിച്ചു. 36 ദിവസം മൂന്ന് ജയിലായി കിടന്ന ശേഷം ഡിഎൻഎ ഫലം നെഗറ്റീവായതിനെ തുടർന്ന് കഴിഞ്ഞ 29നാണ് ശ്രീനാഥിന് ജാമ്യം കിട്ടിയത്.

കള്ള കേസിൽ കുടുക്കിയെന്ന പരാതിയുമായി പൊലീസിനെതിരെ നിയമ നടപടികളിലേക്ക് കടക്കുകയാണ് ശ്രീനാഥും കുടുംബവും. ജൂലൈ മാസം 22 ന് രാത്രിയാണ് പോക്സോ കേസിൽ ശ്രീനാഥിനെ വീട്ടിൽ നിന്ന് കൽപകഞ്ചേരി പൊലീസ് പിടിച്ചുകൊണ്ടുപോയത്. കത്തികാണിച്ച് ഭീഷണിപെടുത്തി കൈകൾ തോർത്തുപയോഗിച്ച് കെട്ടിയിട്ടാണ് പതിനാറുകാരിയായ പെൺകുട്ടിയെ വീട്ടിൽ വച്ച് പീഡിപ്പിച്ചതെന്നാണ് പൊലീസ് ഭാഷ്യം. പെൺകുട്ടിയുടെ മൊഴിപ്രകാരം തോർത്തുമുണ്ടും കത്തിയും തെളിവായി പൊലീസ് കണ്ടെടുക്കുകയും ചെയ്തു.

എന്നാൽ ഡി.എൻ.എ പരിശോധന ഫലം നെഗറ്റീവായതോടെ ശ്രീനാഥിനെ മാത്രം പ്രതിയാക്കിയ പൊലീസ് വെട്ടിലായി. എന്നാൽ ഡി.എൻ.എയുടെപേരിൽ ശ്രീനാഥ് കേസിൽ നിന്ന് ഒഴിവാകുന്നില്ലെന്ന നിലപാടിലാണ് പൊലീസ്. ഗർഭിണിയായതിന് ശ്രീനാഥ് ഉത്തരവാദിയല്ലെന്നുമാത്രമേ ഇപ്പോൾ തെളിഞ്ഞിട്ടുള്ളൂ.പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ മൊഴി പ്രകാരം ശ്രീനാഥ് പോക്സോ കേസിൽ ഇപ്പോഴും പ്രതി തന്നെയാണ്. ശ്രീനാഥിനെ അറസ്റ്റു ചെയ്തതിൽ തെറ്റുപറ്റിയിട്ടില്ലെന്നും പൊലീസിനു മാത്രമല്ല മജിസ്ട്രേറ്റിനു നൽകിയ രഹസ്യ മൊഴിയിലും ശ്രീനാഥിന്റെ പേര് മാത്രമേ പെൺകുട്ടി പറഞ്ഞിട്ടുള്ളൂവെന്നുമാണ് പൊലീസ് വിശദീകരണം.

എന്നാൽ ശ്രീനാഥിന് ജാമ്യം കിട്ടിയ ശേഷം എന്തുകൊണ്ടാണ് കേസ് ഇഴഞ്ഞുനീങ്ങുന്നതെന്നാണ് ശ്രീനാഥ് ചോദിക്കുന്നത്. യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമിക്കുന്നുവെന്നാണ് ശ്രീനാഥിന്റെ ആരോപണം. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ ആൾ കേരള മെൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരത്തിൽ പങ്കെടുക്കാനാണ് ശ്രീനാഥും കുടുംബവും തിരുവനന്തപുരത്തെത്തിയത്. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി അറിയിക്കുമെന്ന് അവർ പറഞ്ഞു.