തിരുവനന്തപുരം: ആമസോൺ പ്രൈമിൽ റീലീസ് ചെയ്ത ഹോം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇതിൽ ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രം സോഷ്യൽ മീഡിയ അഡിക്ട് കൂടിയാണ്.എന്നാൽ താൻ യഥാർത്ഥ ജീവിതത്തിൽ സോഷ്യൽ മീഡിയയുമായി അകലം പാലിക്കുന്നയാളാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീനാഥ് ഭാസി. ഒരു റേഡിയോ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

കുറെ നാളുകളായി എന്തുകൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമായി കാണാത്തത് എന്ന ചോദ്യത്തിന് 'സോഷ്യൽ മീഡിയ അത്ര സോഷ്യലല്ല' എന്നായിരുന്നു ശ്രീനാഥിന്റെ പ്രതികരണം. ''സോഷ്യൽ മീഡിയ അത്ര സോഷ്യലല്ലാത്തത് കാരണം ഞാൻ കുറച്ച് ഡിസ്റ്റൻസ് വച്ചതാണ്. സിനിമയുടെ പ്രമോഷന് വേണ്ടിയും ആളുകളുമായി ബന്ധപ്പെടാനും ഉപയോഗിക്കാറുണ്ട്. അല്ലാതെ ഭയങ്കര സോഷ്യൽ ആക്ടിവിറ്റി ഒന്നുമില്ല. അല്ലെങ്കിൽ നമ്മൾ ആവശ്യമില്ലാതെ അഡിക്റ്റഡ് ആവും,'' ശ്രീനാഥ് പറഞ്ഞു.

ഹോമിലെ ആന്റണിയെപ്പോലെ താൻ ഇതുവരെ സിനിമ സംവിധാനത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അതൊരു തലവേദനയുള്ള പണിയാണെന്നും ശ്രീനാഥ് അഭിമുഖത്തിൽ പറഞ്ഞു. ''ഭയങ്കര ജോലിയാണത്. തലവേദനയുള്ള കേസാണ്. ഇവിടെ ഒരുപാട് നല്ല സംവിധായകരുണ്ട്. സംവിധാനം ഞാൻ അങ്ങനെ ആലോചിച്ചിട്ടില്ല,'' താരം പറഞ്ഞു.

സോഷ്യൽ മീഡിയയിലെ ആളുകളാലും വ്‌ളോഗർമാരാലും സ്വാധീനിക്കപ്പെടുന്ന നല്ലതും ചീത്തയും തിരിച്ചറിയണമെന്നും ശ്രീനാഥ് പറഞ്ഞു. 'എല്ലാത്തിലും നല്ലതും ചീത്തയും ഉണ്ടല്ലോ. എല്ലാത്തിൽ നിന്നുമുള്ള നല്ലത് എടുക്കുക. നമുക്ക് ചോയ്‌സ് ഉണ്ടല്ലോ,' നടൻ പറഞ്ഞു.റോജിന്റെ ജീവിതമാണോ താൻ സിനിമയിൽ അവതരിപ്പിച്ചത് എന്ന് തനിക്ക് സംശയമുണ്ടെന്നും തമാശരൂപേണ താരം പറയുന്നു. ''എനിക്ക് തോന്നുന്നു, ഞാൻ വിശ്വസിക്കുന്നത് ഞാൻ റോജിന്റെ റോൾ ആണ് ചെയ്തതെന്ന്,'' നല്ലൊരു ടീം ആയിരുന്നു സിനിമയ്ക്ക് പിന്നണിയിലും എന്നും താരം പറയുന്നു.