തിരുവനന്തപുരം: ദുൽഖർ സൽമാൻ നായകനായെത്തിയ ചിത്രം കുറുപ്പിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ചിത്രത്തിന്റെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകും, ഏതായാലും ഇപ്പോഴില്ല. രണ്ടാം ഭാഗം പ്രതീക്ഷിച്ചോളൂ. ലേറ്റ് ആയി വന്നാലും നല്ല രസമായി തന്നെ വരും' ശ്രീനാഥ് രാജേന്ദ്രൻ പറഞ്ഞു.

ദുൽഖർ നായകനായെത്തിയ ആദ്യചിത്രം സെക്കന്റ് ഷോയ്ക്കും ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഹൻലാലുമായി ഒരു സിനിമ ചെയ്യണമെന്നത് തന്റെ ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.

ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിച്ച കുറുപ്പ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് പ്രേക്ഷകരിലേക്കെത്തിയത്. ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുകയായിരുന്നു.

ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം. സ്റ്റാർ എന്റർടൈന്മെന്റ്‌സും ചേർന്നാണ്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ. എസ്. അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്.

കുറുപ്പിന് പ്രേക്ഷകർ ഒന്നടങ്കം വമ്പൻ സ്വീകരണമാണ് നൽകിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ ഒരു ദിവസം ഏറ്റവും കൂടുതൽ ഷോകൾ കളിക്കുന്ന ചിത്രമെന്ന റെക്കോർഡ് കരസ്ഥമാക്കിയ കുറുപ്പ് കേരളത്തിൽ 500 സ്‌ക്രീനുകളിലാണ് പ്രദർശനത്തിനെത്തിയത്. എന്നാൽ വൈകിട്ടായപ്പോഴേക്കും അത് 550 സ്‌ക്രീനുകളിലേക്ക് എത്തിയിരുന്നു.

കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിക്കുന്നത്.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.