കൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന ട്വന്റി20 ലീഗിലൂടെ ശ്രീശാന്ത് കളിക്കളത്തിൽ മടങ്ങിയെത്തും. ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ശ്രീശാന്തിന്റെ ക്രിക്കറ്റിലേക്കുള്ള മടങ്ങി എത്തൽ. രഞ്ജി ട്രോഫിയിലും ശ്രീശാന്ത് കളിക്കും.

ഐപിഎൽ ഒത്തുകളിക്കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയിരുന്ന 7 വർഷത്തെ വിലക്കിന്റെ കാലാവധി ഈ വർഷം സെപ്റ്റംബർ 13ന് അവസാനിച്ചിരുന്നു. ആഭ്യന്തര സീസണിലെ മത്സരങ്ങൾ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് സ്വന്തം പ്രീമിയർ ലീഗ് തുടങ്ങാൻ കെസിഎ ജനറൽ ബോഡി യോഗം കഴിഞ്ഞ മാസം തീരുമാനിച്ചത്. രഞ്ജി ട്രോഫി ജനുവരിയിൽ നടക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടില്ല.

കേരളത്തിലെ രജിസ്റ്റേഡ് താരങ്ങളെ 6 ടീമുകളാക്കി തിരിച്ച് ആലപ്പുഴ എസ്ഡി കോളജ് കെസിഎ സ്റ്റേഡിയത്തിൽ ട്വന്റി20 ലീഗ് നടത്താനാണ് നീക്കം. തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. കേരള പ്രീമിയർ ലീഗിൽ ശ്രീശാന്ത് കളിക്കുമെന്ന വിവരം കെസിഎ പ്രസിഡന്റ് സാജൻ കെ.വർഗീസ് തന്നെയാണ് സ്ഥിരീകരിച്ചത്.

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാകും മത്സരം. 'തീർച്ചയായും ശ്രീശാന്ത് തന്നെയായിരിക്കും ലീഗിന്റെ പ്രധാന ആകർഷണം. മുഴുവൻ താരങ്ങളും ആലപ്പുഴയിലെ ഒരു ഹോട്ടലിൽ ബയോ ബബിളിലായിരിക്കും. ഡിസംബർ ആദ്യവാരം ആരംഭിക്കാനാണ് ശ്രമം. സംസ്ഥാന സർക്കാരിന്റെ അനുമതിയാണ് പ്രധാനം.' സാജൻ പറഞ്ഞു.

മുപ്പത്തിയേഴുകാരനായ ശ്രീശാന്ത് 27 ടെസ്റ്റുകളിലും 53 ഏകദിനങ്ങളിലും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 87 വിക്കറ്റ്, 284 റൺസ്. ഏകദിനത്തിൽ 75 വിക്കറ്റ്, 44 റൺസ്. 10 ട്വന്റി20 മത്സരങ്ങളിൽനിന്ന് 7 വിക്കറ്റ്, 20 റൺസ്. 2007ൽ ട്വന്റി20 ലോകകപ്പും 2011ൽ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമുകളിൽ അംഗമായിരുന്നു. ഐപിഎല്ലിൽ കിങ്‌സ് ഇലവൻ പഞ്ചാബ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കായും കളിച്ചു.