ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന് ക്രിക്കറ്റിൽ ഏർപ്പെടുത്തിയ വിലക്ക് അവസാനിച്ചു. ഏഴ് വർഷത്തെ വിലക്ക് അവസാനിച്ചാണ് താരം വീണ്ടും കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. വീണ്ടും ക്രിക്കറ്റിൽ പുനരാരംഭം കുറിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ശ്രീശാന്ത് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.കേരളം പരിഗണിക്കുമെന്നതിൽ വാഗ്ദാനവും നടത്തിയിരുന്നു. ഫിറ്റ്‌നസ് തെളിയിക്കുകയാണെങ്കിൽ കേരളം അവസരം നൽകുമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്.

'എനിക്ക് വീണ്ടും കളിക്കാൻ സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു. ഇത് വലിയ ആശ്വസമാണ്. ഇപ്പോഴുള്ള മാനസികാവസ്ഥ മറ്റാർക്കെങ്കിലും മനസിലാവുമെന്ന് തോന്നുന്നില്ല '- ശ്രീശാന്ത് പറഞ്ഞു.ഞാൻ ഇപ്പോൾ സ്വതന്ത്രനായിരിക്കുന്നു. ഇഷ്ടപ്പെട്ട കായിക ഇനത്തെ പ്രതിനിധീകരിക്കും. എറിയുന്ന ഓരോ പന്തും ഞാൻ മികച്ചതാക്കും.

അത് പരിശീലനത്തിലാണെങ്കിൽപോലും- ശ്രീശാന്ത് വെള്ളിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു.എന്നാൽ കോവിഡ് പ്രതിസന്ധി കാരണം ഇന്ത്യൻ ആഭ്യന്തര സീസൺ മാറ്റിവച്ചിരിക്കുകയാണ്. കൊവിഡിൽ ഇന്ത്യയിലെ പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങളെല്ലാം നിറുത്തിവച്ചു. അതിനാൽ തന്നെ വളരെ പെട്ടെന്ന് തന്നെ ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ മലയാളി താരത്തിന് സാധിക്കില്ല.

ശ്രീശാന്ത് ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാനു വേണ്ടി കളിച്ചു കൊണ്ടിരിക്കെ ഒത്തുകളി ആരോപണം നേരിടുകയായിരുന്നു. ഇതേതുടർന്നാണ് ബി സി സി ഐ താരത്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. താരം ഇന്ത്യക്കായി ടെസ്റ്റിൽ 87 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 211 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള ശ്രീശാന്ത് 2007ൽ ടി20യിലും 2011ൽ ഏകദിനത്തിലും ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അംഗമായിരുന്നു.