കൊച്ചി: ക്രിക്കറ്റിൽ നിന്നുള്ള എസ് ശ്രീശാന്തിന്റെ വിരമിക്കൽ പ്രഖ്യാപനം കേരളാ ക്രിക്കറ്റ് അസോസിയേഷനേയോ ബിസിസിഐയെയോ അറിയിക്കാതെ. ഒരു താരം വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ അത് അസോസിയേഷനുകളെ ഔദ്യോഗികമായി അറിയിക്കും. അതിന് ശേഷമാകും വിരമിക്കൽ പ്രഖ്യാപനം. നടത്തുക. എന്നാൽ കേരളാ ക്രിക്കറ്റ് അസോസിഷന് ശ്രീശാന്തിന്റെ വിരമിക്കലിനെ കുറിച്ച് യാതൊരു അറിവുമില്ല. ഇമെയിലിലൂടേയോ വാക്കാലോ ഇക്കാര്യം കേരളാ ക്രിക്കറ്റ് അസോസിയേഷനെ താരം അറിയിച്ചിട്ടുമില്ല. അതുകൊണ്ട് ശ്രീശാന്ത് ഉയർത്തുന്ന വിവാദങ്ങളോട് തൽകാലം കേരളാ ക്രിക്കറ്റ് അസോസിയേഷൻ പ്രതികരിക്കില്ല.

പരുക്കു മറയാക്കി ഗുജറാത്തിനെതിരായ രഞ്ജി മത്സരത്തിൽ കേരള ടീം മാനേജ്‌മെന്റ് തന്നെ തഴഞ്ഞെന്നു മുൻ ഇന്ത്യൻ താരം കൂടിയായ എസ്.ശ്രീശാന്ത് ആരോപിച്ചിരുന്നു. 'മത്സരത്തിൽ കളിച്ചുകൊണ്ടു വിരമിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഗുജറാത്തിനെതിരായ മത്സരം തുടങ്ങുന്നതിനു തലേന്നത്തെ ടീം യോഗത്തിൽ ഇതു തന്റെ അവസാന മത്സരമാകുമെന്നും വിരമിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു. ഒരു മത്സരം കൂടി കളിച്ചു വിരമിക്കാനുള്ള അവസരമെങ്കിലും ഞാൻ അർഹിക്കുന്നുണ്ടായിരുന്നില്ലേ?'-ഇതാണ് ശ്രീശാന്ത് ഉയർത്തിയ ചോദ്യം. എന്നാൽ വിരമിക്കലിനെ കുറിച്ച് കെ സി എയെ ശ്രീശാന്ത് ഔദ്യോഗികമായി അറിയിക്കാത്ത സാഹചര്യത്തിൽ ഇതേ കുറിച്ച് കെ സി എ പ്രതികരിക്കില്ല.

3 മാസമായി വിരമിക്കൽ പ്രഖ്യാപിക്കണമെന്ന തോന്നലുണ്ട്. 9 വർഷത്തിനു ശേഷം കളിക്കാൻ അവസരം ലഭിക്കുന്നു, അതിൽ 2 വർഷം കോവിഡ് കൊണ്ടുപോകുന്നു, ഐപിഎൽ വരുന്നു, ആദ്യം പേരു പോലും വന്നില്ല, അടുത്ത വർഷം പേരു വന്നപ്പോൾ വിളിക്കപ്പെടുന്നില്ല. അങ്ങനെ പലവട്ടം അവഗണന വരുമ്പോൾ ഏതൊരു മനുഷ്യനും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ. സംശയമെന്ത്? ഇപ്പോഴും 132 കിലോമീറ്റർ വേഗത്തിൽ ബോൾ ചെയ്യുന്നുണ്ട്. 19 വയസ്സുകാരൻ എറിയുന്ന അതേ വേഗത്തിൽ ഞാനിന്നും പന്തെറിയും. പക്ഷേ, യുവതാരങ്ങൾക്കു മുന്നിൽ റോഡ് ബ്ലോക്കായി നിൽക്കാൻ താൽപര്യമില്ലഇങ്ങനെ വിശദീകരിച്ചാണ് ശ്രീശാന്ത് കളിക്കളത്തോട് വിടപറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു ശ്രീശാന്തിന്റെ പ്രഖ്യാപനം.

ടിനു യോഹന്നാണ് കേരളാ ടീമിന്റെ പരിശീലകൻ. സച്ചിൻ ബേബിയാണ് ക്യാപ്ടൻ. ടീമ മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തിയാണ് ശ്രീശാന്തിന്റെ വിരമിക്കൽ പ്രഖ്യാപനം. എന്നാൽ ടിനുവും സച്ചിനും തെറ്റൊന്നും ചെയ്തിട്ടില്ലെന്നതാണ് കെസിഎയുടെ നിലപാട്. കേരളാ ക്രിക്കറ്റ് അസോസിയന്റെ മുൻ ട്രഷറർ കൂടിയായ സജിമോനായിരുന്നു മാനേജർ. ഈ മൂന്നു പേരും പരിക്ക് മൂലമാണ് ശ്രീ ഒഴിവായതെന്ന നിലപാടാണ് എടുത്തിട്ടുള്ളത്. ഇതിന് ഏറ്റവും വലിയ തെളിവ് ശ്രീ തന്നെ ട്വിറ്ററിൽ ഇട്ട പരിക്കേറ്റ ചിത്രമാണെന്നും കെസിഎ കരുതുന്നു. അതുകൊണ്ട് തന്നെ ശ്രീ ഉയർത്തുന്ന വിവാദങ്ങൾ അവഗണിക്കാനാണ് തീരുമാനം. കെസിഎയെ കൂടുതൽ കുറ്റപ്പെടുത്താൻ ശ്രമിച്ചാൽ അച്ചടക്ക നടപടിയെ കുറിച്ചും അലോചനകൾ കെ സി എ തുടങ്ങും.

ട്വിറ്ററിലൂടെയുള്ള ഇത്തരം പ്രഖ്യാപനങ്ങളെ കേരളാ ക്രിക്കറ്റ് അസോസിയേഷൻ ഔദ്യോഗികമായി കണക്കാക്കുന്നില്ല. ഔദ്യോഗിക അറിയിപ്പ് കിട്ടിയ ശേഷം ശ്രീയുടെ കാര്യത്തിൽ കെ സി എ നിലപാട് അറിയിക്കും. വിവാദങ്ങളോട് പ്രതികരിക്കുകയും ചെയ്യും. ശ്രീശാന്തിനോട് കളി മതിയാക്കാൻ കെ സി എ ആവശ്യപ്പെട്ടിട്ടില്ലെന്ന സൂചനകളാണ് അവർ അനൗദ്യോഗികമായി നൽകുന്നത്. ഈ സീസണിലെ ആദ്യ രഞ്ജി ട്രോഫി മത്സരത്തിൽ കളിപ്പിച്ചു. അടുത്ത കളിക്ക് മുമ്പ് പരിക്കുണ്ടായി. ഈ സാഹചര്യത്തിലാണ് ടീമിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യമുണ്ടായത്. ആശുപത്രിയിൽ ചികിൽസ തേടിയത് അടക്കമുള്ള ചിത്രങ്ങൾ ശ്രീ തന്നെ പോസ്റ്റു ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തിൽ എന്തിനാണ് ഇപ്പോൾ വിവാദമുണ്ടാക്കുന്നതെന്ന ചോദ്യമാണ് കെ സി ഐ അനൗദ്യോഗികമായി ഉയർത്തുന്നത്.

വിരമിക്കൽ തീരുമാനം ഔദ്യോഗികമായി കെ സി എയെ ശ്രീ അറിയിച്ചാൽ എല്ലാ വിഷയങ്ങളോടും അവർ പ്രതികരിക്കുകയും ചെയ്യും. ഒരു കാലത്ത് ഇന്ത്യയുടെ പേസ് ബൗളിങ്ങിന്റെ മുഖമായിരുന്ന മലയാളി പേസർ പിന്നീട് ഒത്തുകളി കേസിൽ അകപ്പെടുകയും കരിയർ തകർന്നടിയുകയുമായിരുന്നു. ആജീവനാന്ത വിലക്കിനെതിരേ വലിയ നിയമ പോരാട്ടം നടത്തി ഏഴ് വർഷത്തിന് ശേഷം അദ്ദേഹം അനുകൂല വിധി നേടിയെടുത്തെങ്കിലും സ്വപ്നം കണ്ടതുപോലൊരു തിരിച്ചുവരവ് നടത്താനായില്ല. കേരളത്തിനായി കളിക്കാനായെങ്കിലും ഐപിഎല്ലിലേക്കടക്കമുള്ള തിരിച്ചുവരവ് സാധിക്കാതെ വന്നതോടെയാണ് ശ്രീശാന്ത് വിരമിക്കൽ പ്രഖ്യാപിച്ചത്. രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരായ മത്സരത്തിന് മുമ്പ് പരിക്കേറ്റതോടെ അദ്ദേഹം വിരമിക്കൽ തീരുമാനം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

ക്രിക്കറ്റിൽ താരമെന്ന നിലയിലെ കരിയർ അവസാനിപ്പിച്ചെങ്കിലും ഇനിയും ക്രിക്കറ്റുമായിത്തന്നെ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും ശ്രീശാന്ത് വെളിപ്പെടുത്തിയിട്ടുണ്ട് പരിശീലകനായും കമന്റേറ്ററായുമെല്ലാം മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സിനിമാ മേഖലയിൽ കൂടുതൽ ശ്രദ്ധ നൽകാനും ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു. കന്നട സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണെന്നും ഏപ്രിലിൽ താൻ അഭിനയിച്ച തമിഴ് സിനിമ പുറത്തിറങ്ങുമെന്നും ശ്രീശാന്ത് പറഞ്ഞു.

ക്രിക്കറ്റ് അക്കാദമി ആരംഭിക്കുന്നതിനെക്കുറിച്ചും ശ്രീശാന്ത് പറഞ്ഞു. കർണാടകയിലെ കൊല്ലൂർ മൂകാംബികയിൽ തന്റെ ആദ്യത്തെ ക്രിക്കറ്റക് അക്കാദമി സെപ്റ്റംബറോടുകൂടി ആരംഭിക്കുമെന്ന് ശ്രീശാന്ത് പറഞ്ഞു. ഇപ്പോഴും തനിക്ക് 132ന് മുകളിൽ വേഗത്തിൽ പന്തെറിയാനാവുമെന്നും ഏത് യുവതാരത്തിന്റെ വേഗത്തോടും ഒപ്പം നിൽക്കാനാവുമെന്നും ശ്രീശാന്ത് പറഞ്ഞു. ഇന്ത്യക്കായി താൻ കളിച്ചതിന് ശേഷം കേരള ക്രിക്കറ്റിൽ നിന്ന് 25 ഓളം പേസർമാർ ഉയർന്നുവന്നു. ഇത്രയും പേസ് ബൗളർമാർക്ക് പ്രചോദനമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഇതിഹാസ നായകൻ എംഎസ് ധോണിയെ ക്യാപ്റ്റൻ കൂളെന്ന് വിളിക്കുന്നുണ്ടെങ്കിലും അദ്ദേഹം ശാന്തനായിരുന്നത് കളത്തിൽ മാത്രമാണെന്നും ഡ്രസിങ് റൂമിൽ നന്നായി ദേഷ്യപ്പെടുമെന്നും ശ്രീശാന്ത് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ഭാവിയിൽ തന്റെ ആത്മകഥയിലൂടെ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.