ടോക്യോ: ഒളിമ്പിക്‌സ് പുരുഷന്മാരുടെ ലോങ്ജമ്പിൽ മലയാളി താരം എം.ശ്രീശങ്കർ ഫൈനലിന് യോഗ്യത നേടാനാകാതെ പുറത്തായി. 15 പേർ മത്സരിച്ച യോഗ്യതാ റൗണ്ട് ബിയിൽ ശ്രീശങ്കറിന് 13-ാം സ്ഥാനം മാത്രം. 7.69 മീറ്റർ ദൂരമാണ് മലയാളി താരം പിന്നിട്ടത്. 8.15 മീറ്റർ ദൂരമായിരുന്നു ഫൈനലിലേക്കുള്ള യോഗ്യതാ മാർക്ക്. മറ്റന്നാൾ ആണ് ഫൈനൽ.

ആകെ 31 പേർ മത്സരിച്ച യോഗ്യതാ റൗണ്ടിൽ ശ്രീശങ്കർ 25ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യ എട്ടു സ്ഥാനക്കാർക്കാണ് ഫൈനൽ യോഗ്യത. ശ്രീശങ്കറിന്റെ കരിയറിലെ ഏറ്റവും മികച്ച സമയമായ 8.26 മീറ്റർ പ്രകടനം ആവർത്തിക്കാനായിരുന്നെങ്കിൽ ഇവിടെ നേരിട്ട് ഫൈനലിന് യോഗ്യത നേടാമായിരുന്നു.

തന്റെ ആദ്യ ശ്രമത്തിലാണ് താരം 7.69 മീറ്റർ താണ്ടിയത്. രണ്ടും മൂന്നും ശ്രമങ്ങളിൽ യഥാക്രമം 7.51 മീറ്ററും 7.43 മീറ്ററുമായിരുന്നു ദൂരം. ദേശീയ റെക്കോഡിന് ഉടമയായ ശ്രീശങ്കറിന് തന്റെ മികച്ച പ്രകടനത്തിന് അടുത്തെത്താൻ പോലും കഴിഞ്ഞില്ല.



ഈ വർഷം മാർച്ചിൽ പാട്യാലയിൽ നടന്ന ദേശീയ സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 8.26 മീറ്റർ ദൂരം താണ്ടിയാണ് ഒളിമ്പിക്സിന് യോഗ്യത നേടിയത്. 2018 സെപ്റ്റംബറിൽ ഭുവനേശ്വറിൽ നടന്ന നാഷണൽ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ 8.20 മീറ്ററും ശ്രീശങ്കർ കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യ ഏറ്റവും മെഡൽ പ്രതീക്ഷ പുലർത്തിയിരുന്ന ഷൂട്ടിങ്ങിൽ താരങ്ങളുടെ ദയനീയ പ്രകടനം തുടരുന്നു. വനിതകളുടെ 50 മീറ്റർ റൈഫിൽ 3 പൊസിഷനിൽ ഇന്ത്യയുടെ അഞ്ജും മുദ്ഗിലും തേജസ്വിനി സാവന്തും ഫൈനൽ കാണാതെ പുറത്തായി. യോഗ്യതാ റൗണ്ടിൽ 1167 പോയിന്റുമായി അഞ്ജും മുദ്ഗിൽ 15ാം സ്ഥാനത്തും 1154 പോയിന്റുമായി തേജസ്വിനി 33ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ആദ്യ എട്ടു സ്ഥാനക്കാർ മാത്രമാണ് ഫൈനലിനു യോഗ്യത നേടുന്നത്.