അബുദാബി: ട്വന്റി 20 ലോകകപ്പിൽ സെമി സാധ്യത നിലനിർത്താൻ ശ്രീലങ്കയ്ക്ക് എതിരെ ജീവൻ മരണ പോരാട്ടത്തിന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസിന് 20 റൺസിന്റെ തോൽവി. ലങ്ക ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസിലെത്താനേ സാധിച്ചുള്ളൂ. തോൽവിയോടെ വിൻഡീസിന്റെ സെമി മോഹങ്ങൾ പൂർണമായും അവസാനിച്ചു. ലങ്ക നേരത്തെ തന്നെ പുറത്തായിരുന്നു.

ക്രിസ് ഗെയ്ലും ആന്ദ്രെ റസലും ക്യാപ്റ്റൻ കീറോൺ പൊള്ളാർഡുമെല്ലാം നിരാശപ്പെടുത്തിയപ്പോൾ 53 പന്തിൽ പുറത്താകാതെ 80 റൺസെടുത്ത ഷിമ്രോൺ ഹെറ്റ്‌മെയറും 46 റൺസെടുത്ത നിക്കോളാസ് പുരാനും മാത്രമെ വിൻഡീസിനായി പൊരുതിയുള്ളു. വിൻഡീസ് നിരയിൽ മറ്റ് ബാറ്റർമാരാരും രണ്ടക്കം കടന്നില്ല. ലങ്കക്കായി വാനിന്ദു ഹസരങ്കയും ചമിക കരുണരത്‌നെയും ബിനുരാ ഫെർണാണ്ടോയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. സ്‌കോർ ശ്രീലങ്ക 20 ഓവറിൽ 189-3, വെസ്റ്റ് ഇൻഡീസ് ഓവറിൽ 20 ഓവറിൽ 169-8.

54 പന്തിൽ നിന്ന് നാലു സിക്സും എട്ടു ഫോറുമടക്കം 81 റൺസോടെ പുറത്താകാതെ നിന്ന ഹെറ്റ്മയറാണ് വിൻഡീസ് നിരയിലെ ടോപ് സ്‌കോറർ. ഹെറ്റ്മയർ അവസാന ഓവർ വരെ പൊരുതി നോക്കിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായിരുന്നില്ല. നിക്കോളാസ് പുരൻ 34 പന്തുകൾ നേരിട്ട് ഒരു സിക്സും ആറു ഫോറുമടക്കം 46 റൺസെടുത്തു.

വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു വിൻഡീസിന്റെ പ്രകടനം. അഞ്ച് പന്തിൽ ഒരു റൺ മാത്രമെടുത്ത് ഓപ്പണർ ക്രിസ് ഗെയ്ൽ രണ്ടാം ഓവറിൽ മടങ്ങിയപ്പോൾ അതേ ഓവറിൽ എവിൻ ലൂയിസിനെയും(6 പന്തിൽ 8) മടക്കി ബിനുരാ ഫെർണാണ്ടോ ലങ്കക്ക് ഇരട്ടപ്രഹരമേൽപ്പിച്ചു. വൺ ഡൗണായി ക്രീസിലെത്തിയ റോസ്റ്റൺ ചേസിനും ക്രീസിൽ അധികനേരം പിടിച്ചുനിൽക്കാനായില്ല. എട്ടു പന്തിൽ 9 റൺസെടുത്ത ചേസിനെ കരുണരത്‌നെ മടക്കി. പുരാനും ഹെറ്റ്‌മെയറും ചേർന്ന് വിൻഡീസിന് പ്രതീക്ഷ നൽകി.

പുരാനെ(34 പന്തിൽ 46) മടക്കി ചമീര വിൻഡീസിന്റെ വിജയപ്രതീക്ഷകൾക്ക് തിരിച്ചടി നൽകിയപ്പോൾ ആന്ദ്രെ റസലിനെ(4 പന്തിൽ 2) വീഴ്‌ത്തി കരുണരത്‌നെയും ക്യാപ്റ്റൻ കീറോൺ പൊള്ളാർഡിനെ ആദ്യ പന്തിൽ ക്ലീൻ ബൗൾഡാക്കി ഹസരങ്കയും വിൻഡീസിന്റെ പ്രതീക്ഷകൾക്കുമേൽ അവസാന ആണിയും അടിച്ചു. വാലറ്റത്തെക്കൂട്ടുപിടിച്ച് ഷിമ്രോൺ ഹെറ്റമെയർ നടത്തിയ ചെറുത്തുനിൽപ്പിന് വിൻഡീസിന്റെ തോൽവിഭാരം കുറക്കാനായെന്ന് മാത്രം.

ലങ്കയ്ക്കായി ബിനുര ഫെർണാണ്ടോ, ചാമിക കരുണരത്നെ, വാനിന്ദു ഹസരംഗ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക അർധ സെഞ്ചുറി നേടിയ ഓപ്പണർ പഥും നിസ്സങ്കയുടെയും ചരിത് അസലങ്കയുടെയും മികവിൽ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തിരുന്നു. 41 പന്തിൽ നിന്ന് എട്ടു ഫോറും ഒരു സിക്സുമടക്കം 68 റൺസെടുത്ത അലസങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറർ.

രണ്ടാം വിക്കറ്റിൽ നിസ്സങ്കയും അസലങ്കയും ചേർന്ന് കൂട്ടിച്ചേർത്ത 91 റൺസാണ് ലങ്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 41 പന്തുകൾ നേരിട്ട നിസ്സങ്ക അഞ്ചു ഫോറടക്കം 51 റൺസെടുത്ത് പുറത്തായി.

21 പന്തിൽ നിന്ന് ഒരു സിക്സും രണ്ട് ഫോറുമടക്കം 29 റൺസെടുത്ത കുശാൽ പെരേരയാണ് പുറത്തായ മറ്റൊരു താരം. ക്യാപ്റ്റൻ ദസുൻ ഷാനക 14 പന്തിൽ നിന്ന് ഒരു സിക്സും രണ്ടു ഫോറുമടക്കം 25 റൺസോടെ പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കെതിരേ ടോസ് നേടിയ വെസ്റ്റിൻഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിൻഡീസ് ടീമിൽ മാറ്റങ്ങളില്ല. ലങ്കൻ ടീമിൽ ലഹിരു കുമാരയ്ക്ക് പകരം ബിനുര ഫെർണാണ്ടോ ഇടംനേടി.