കൊളംബോ: വാർഷിക പ്രതിഫലത്തെ ചൊല്ലി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും താരങ്ങളും തമ്മിലുള്ള പോര് തുടരുന്നു. കരാർ പുതുക്കാനുള്ള അവസാന തിയതി ഞായറാഴ്ചയാണ് എന്നിരിക്കേ ഒപ്പിടുന്നതിൽ നിന്ന് ലങ്കൻ താരങ്ങൾ പിന്മാറിയതായി വാർത്താ ഏജൻസിയായ എഫ്എഫ്പി റിപ്പോർട്ട് ചെയ്തു. അതേ സമയം രാജ്യത്തിനായി കളിക്കുമെന്നും ഇംഗ്ലണ്ട് പര്യടനത്തിൽ നിന്നും വിട്ടുനിൽക്കില്ലെന്നും താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

വാർഷിക കരാറിനായുള്ള പുതിയ ഗ്രേഡിങ് രീതി സുതാര്യമല്ല എന്നായിരുന്നു താരങ്ങളുടെ വാദം. കരാർ പുതുക്കാനുള്ള അവസാന തിയതി ജൂൺ മൂന്ന് ആയിരുന്നെങ്കിലും ഞായറാഴ്ച വരെ നീട്ടിയിരുന്നു. എന്നാൽ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിരിക്കുന്ന പുതിയ കരാർ പ്രതിഫല പ്രശ്നം പരിഹരിക്കും വരെ ഒപ്പിടാനാകില്ലെന്ന് താരങ്ങളുടെ അഭിഭാഷകൻ നിഷാൻ പ്രേമാതിരത്നെ അറിയിച്ചു. കരാർ ഒപ്പിടുന്നതിൽ നിന്ന് വിട്ടുനിൽക്കുമ്പോഴും രാജ്യത്തിനായി കളിക്കുമെന്നും, അതിനാണ് പ്രാധാന്യം നൽകുന്നതെന്നും പ്രേമാതിരത്നെയുടെ പ്രസ്താവനയിൽ പറയുന്നു.

ലങ്കൻ ബോർഡ് 24 താരങ്ങൾക്കാണ് പുതിയ കരാർ വച്ചിനീട്ടിയിരിക്കുന്നത്. പുതിയ കരാർവ്യവസ്ഥകളിൽ ഏറ്റവും വലിയ നഷ്ടമുണ്ടായത് മുൻ നായകൻ ഏഞ്ചലോ മാത്യൂസ് അടക്കമുള്ള സീനിയർ താരങ്ങൾക്കാണ്. വാർഷിക പ്രതിഫലം വെട്ടിക്കുറച്ചതിന് പിന്നാലെ കഴിഞ്ഞ മാസം ലങ്കൻ താരങ്ങൾ കൂട്ടത്തോടെ വിരമിക്കൽ ഭീഷണി മുഴക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

കോവിഡ് ഏൽപ്പിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ താരങ്ങളുടെയെല്ലാം പ്രതിഫല തുക 35% കുറച്ചിരുന്നു. പുതിയ കരാറിൽ നാല് ഗ്രൂപ്പായിട്ടാണ് കളിക്കാരെ തിരിച്ചിരിക്കുന്നത്. ഉയർന്ന അടിസ്ഥാന പ്രതിഫലമായ ഒരു ലക്ഷം ഡോളർ കിട്ടുന്ന ഗ്രൂപ്പിൽ ഏഞ്ചലോ മാത്യൂസിനും ദിനേശ് ചാന്ദിമലിനും ഇടംപിടിക്കാൻ കഴിഞ്ഞില്ല. മിക്ക താരങ്ങളും പ്രതീക്ഷിച്ചതിലും താഴെയുള്ള ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്.

എന്നാൽ കളിക്കാരുമായി ആലോചിച്ച് എടുത്ത തീരുമാനമാണിതെന്നും കരാറിൽ മാറ്റം വരുത്തില്ലെന്നുമാണ് ബോർഡിന്റെ പ്രതികരണം. മുൻ നായകൻ അരവിന്ദ ഡി സിൽവയുടെയും ലങ്കയുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ടോം മൂഡിയുടേയും സഹായത്തോടെയാണ് പുതിയ വേതന വ്യവസ്ഥ തയ്യാറാക്കിയിരിക്കുന്നത്.