ദുബായ്: 2020ൽ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ഈ വർഷം ശ്രീലങ്കയിൽ നടക്കും. പതിവ് ഏകദിന ഫോർമാറ്റിന് പകരം ഇക്കുറി ട്വന്റി 20 ഫോർമാറ്റിലാണ് ഏഷ്യാ കപ്പ് അരങ്ങേറുക. ടൂർണമെന്റ് ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെയാണ് നടക്കുക. യോഗ്യതാ മത്സരങ്ങൾ ഓഗസ്റ്റ് 20ന് ആരംഭിക്കും. 2020ൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. 2021 ജൂണിൽ നടത്താൻ ആലോചിച്ചെങ്കിലും കോവിഡ് വീണ്ടും വില്ലനായി.

ടൂർണമെന്റിൽ നിലവിലെ ചാംപ്യന്മാരാണ് ഇന്ത്യ 2018ൽ യുഎഇയിൽ നടന്ന ടൂർണമെന്റ് ഇന്ത്യയുടെ ഇപ്പോഴത്തെ മുഴുവൻ സമയ ക്യാപ്റ്റൻ രോഹിത് ശർമയുടെ കീഴിലാണ് ഇന്ത്യ സ്വന്തമാക്കിയത്. അന്ന് ഏകദിന ഫോർമാറ്റിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെയാണ് ഇന്ത്യ തോൽപ്പിച്ചത്. അതിനു മുമ്പ് 2016ലും ഇന്ത്യയായിരുന്നു ജേതാക്കൾ. എം എസ് ധോണിയുടെ കീഴിൽ ഇന്ത്യ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചു. ഹാട്രിക് കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഏറ്റവുമധികം ഏഷ്യാകപ്പ് സ്വന്തമാക്കിയ ടീമാണ് ഇന്ത്യ. ഏഴു തവണ ഇന്ത്യ ജേതാക്കളായി. കഴിഞ്ഞ രണ്ട് തവണ ജേതാക്കളായതിന് പുറമെ 1984, 88, 1990, 95, 2010 വർഷങ്ങളിലും ഇന്ത്യ കിരീടമുയർത്തി. രണ്ട് തവണ ധോണിക്ക് കീഴിലായിരുന്നു കിരീടനേട്ടം. ഒക്ടോബറിൽ ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യയുടെ നിർണായക തയ്യാറെടുപ്പ് കൂടിയായിരിക്കും ഈ വർഷത്തെ ഏഷ്യാകപ്പ്.

അവസാന തവണ വിരാട് കോലിക്ക് വിശ്രമം നൽകിയപ്പോഴാണ് രോഹിത് ക്യാപ്റ്റനാകുന്നത്. മുൻ ക്യാപ്റ്റൻ എം എസ് ധോണിയും ടീമിലുണ്ടായിരുന്നു.

ഇന്ത്യ, പാക്കിസ്ഥാൻ,ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളും ക്വാളിഫയറിൽ ജയിക്കുന്ന മറ്റൊരു ടീമുമാകും ഏഷ്യാ കപ്പിൽ ഏറ്റുമുട്ടുക. രണ്ട് വർഷം കൂടുമ്പോഴാണ് ഏഷ്യാ കപ്പ് നടക്കാറ്. 2018-ൽ നടന്ന ടൂർണമെന്റിൽ ഇന്ത്യയായിരുന്നു കിരീടം നേടിയത്.