കൊച്ചി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തി ലോകമാകെയുള്ള വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് ശ്രീലങ്ക. പുതുക്കിയ മാർഗ്ഗനിർദ്ദേശം അനുസരിച്ച് വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ശ്രീലങ്കയിൽ പ്രവേശിക്കാം. പുറപ്പെടുന്ന രാജ്യത്തു നിന്നുള്ള നെഗറ്റീവ് പിസിആർ ഫലം കൈവശമുള്ളവർക്ക് ശ്രീലങ്കയിൽ ടെസ്റ്റിന് വിധേയമാകേണ്ടതില്ല.

ഒരു ഇടവേളയ്ക്കു ശേഷം എത്തുന്ന ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ആകർഷകമായ ഓഫറുകളാണ് ശ്രീലങ്കൻ എയർലൈൻസ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് കൊളംബോയിലേക്ക് പറക്കുന്ന ടൂറിസ്റ്റുകൾക്ക് ഒരു ടിക്കറ്റെടുത്താൽ മറ്റൊരെണ്ണം സൗജന്യമായി നേടാം. ഒക്ടോബർ 31 വരെ നടത്തുന്ന ബുക്കിങ്ങുകൾക്കാണ് ഈ ഓഫറുള്ളത്. ശ്രീലങ്കൻ ഹോളീഡേയ്സിന്റെയോ ശ്രീലങ്കൻ എയർലൈൻസിന്റെയോ വെബ്സൈറ്റിലൂടെ വേണം ബുക്ക് ചെയ്യാൻ.

കോവിഡിൽ പ്രതിസനന്ധിയിലായ വിനോദ സഞ്ചാരമേഖലയെ ശക്തിപ്പെടുത്താൻ ശ്രീലങ്കൻ സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനങ്ങൾ. കോവാക്സിൻ സ്വീകരിച്ചവർക്കും ശ്രീലങ്കയിൽ പ്രവേശിക്കാം. കോവിഡ് വാകിസനേഷൻ പതിനാല് ദിവസം മുമ്പ് പൂർത്തിയാക്കിയിരിക്കണം എന്നതു മാത്രമാണ് നിബന്ധന. അയൽരാജ്യമായതു കൊണ്ടും ദ്വീപ് രാഷ്ട്രമെന്ന സവിശേഷത കൊണ്ടും ഇന്ത്യയിൽ നിന്ന് പഴയപോലെ കൂടുതൽ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്കൻ ടൂറിസം മേഖല.