ബംഗളൂരു: നിർബന്ധിത മത പരിവർത്തനം നടത്തുന്നുണ്ട് എന്ന് ആരോപിച്ച് ശ്രീരാം സേന പ്രവർത്തകർ പാസ്റ്ററെ കമ്മ്യൂണിറ്റി ഹാളിൽ പൂട്ടിയിട്ടു. കർണാടക ബെലഗാവി ജില്ലയിലെ മറാത്ത കോളനിയിലാണ് സംഭവം. ശ്രീരാം സേനയിൽ പെട്ടവരെന്ന് പറയുന്ന ഹിന്ദുത്വ പ്രവർത്തകർ കൂട്ട മതപരിവർത്തനം ആരോപിച്ച് കമ്മ്യൂണിറ്റി ഹാൾ ഉപരോധിച്ചതിനെ തുടർന്ന് സംഘർഷാവസ്ഥ നിലനിന്നിരുന്നു.

മതപരിവർത്തനം ലക്ഷ്യമിട്ട് കൂട്ട പ്രാർത്ഥനയുടെ പേരിൽ ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 200 പേരെ കെട്ടിടത്തിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. എന്നാൽ, കെട്ടിടത്തിൽ ഞായറാഴ്ച പ്രാർത്ഥനകൾ പതിവാണെന്ന് പൊലീസ് പറയുന്നു. പ്രകോപിതരായ പ്രതിഷേധക്കാർ പ്രാർത്ഥനക്കെത്തിയവരെ മുറിയിൽ പൂട്ടിയിട്ടു, പൊലീസ് എത്തിയതിന് ശേഷമാണ് അവരെ പോകാൻ അനുവദിച്ചത്.

എല്ലാ ഞായറാഴ്ചകളിലും കൂട്ട പ്രാർത്ഥനയുടെ പേരിൽ കെട്ടിടത്തിൽ മതപരിവർത്തനം നടക്കുന്നതായി തങ്ങൾക്ക് വിവരം ലഭിച്ചതായി ഹിന്ദുത്വ പ്രവർത്തകർ അവകാശപ്പെട്ടു. സംഭവത്തെ തുടർന്ന് മുൻകരുതൽ നടപടി എന്ന നിലയിൽ ഇരുപതോളം പൊലീസുകാരെ കെട്ടിടത്തിന് സമീപം വിന്യസിച്ചിട്ടുണ്ട്. ഞായറാഴ്ച പ്രാർത്ഥനകൾ പതിവാണെന്നും അതിൽ പങ്കെടുക്കാൻ ആരെയും നിർബന്ധിച്ചിട്ടില്ലെന്നും പാസ്റ്റർ ലെമ ചെറിയാൻ പറഞ്ഞു. അതേസമയം, പ്രാർത്ഥന നടത്തിയ പാസ്റ്റർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ബെലഗാവി പൊലീസ് കമ്മീഷണർ കെ. ത്യാഗരാജൻ അറിയിച്ചു.