തിരുവനന്തപുരം: എസ്.എസ്.എൽ.സി., പ്ലസ് ടു ക്ലാസുകളിൽ സിലബസ് മുഴുവൻ പഠിപ്പിക്കുമെങ്കിലും പരീക്ഷയ്ക്കുമുമ്പ് ചില പാഠഭാഗങ്ങൾ ഒഴിവാക്കുമെന്ന് റിപ്പോർട്ട്.ഇത് സംബന്ധിച്ച തീരുമാനം പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യു.ഐ.പി.) യോഗത്തിൽ അറിയിച്ചു. ഒഴിവാക്കുന്ന പാഠഭാഗങ്ങൾ വിദ്യാർത്ഥികളെ മുൻകൂട്ടി അറിയിക്കും. ഇതിൽ ഉചിതമായതു തിരഞ്ഞെടുക്കാൻ എസ്.സി.ഇ.ആർ.ടി.യെ ചുമതലപ്പെടുത്തി.

അടുത്തമാസം മുതൽ കുട്ടികൾ സ്‌കൂളിൽ എത്തിത്തുടങ്ങുന്നതോടെ ഓരോ കുട്ടിയുമായും വ്യക്തിപരമായി അദ്ധ്യാപകർ ഇടപെടുകയും പാഠഭാഗങ്ങളിൽ അവർക്കുള്ള ധാരണ വിലയിരുത്തുകയും വേണം.ശേഷമാവും അന്തിമതീരുമാനം.

മറ്റു ക്ലാസുകൾ തുടങ്ങുന്നതും അവരുടെ പരീക്ഷ സംബന്ധിച്ചും സർക്കാർ തീരുമാനമെടുത്തിട്ടില്ലാത്തതിനാൽ ക്യു.ഐ.പി. യോഗം ചർച്ചചെയ്തില്ല. ഡി.എൽ.എഡിന്റെ പ്രവേശനം ഉടൻ പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു. എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷാ നടത്തിപ്പിന് മാർഗനിർദ്ദേശം രൂപവത്കരിക്കാൻ എസ്.സി.ഇ.ആർ.ടി.യെ ചുമതലപ്പെടുത്തി.

എങ്കിലും മാർച്ചിൽത്തന്നെ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷ നടത്താനുള്ള തീരുമാനത്തിൽ അദ്ധ്യാപകരും രക്ഷിതാക്കളും ആശങ്ക അറിയിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് ജനുവരിയിൽ ക്ലാസ് തുടങ്ങുകയും പരീക്ഷ നീട്ടിവെക്കുകയും വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

അവധിക്കാലം ഉപേക്ഷിച്ച് തുടർന്നുള്ള മാസങ്ങളിൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കായി സജ്ജരാക്കാം. ഫസ്റ്റ്ബെൽ ക്ലാസുകൾ പറയുന്നത്ര കാര്യക്ഷമമായി നടന്നിട്ടില്ല. ആദ്യഘട്ടത്തിലുണ്ടായിരുന്ന പ്രാധാന്യം ഇപ്പോൾ ക്ലാസുകൾക്ക് വിദ്യാർത്ഥികൾ നൽകുന്നില്ലെന്നും അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു.ഹയർസെക്കൻഡറിയിലും മറ്റും രണ്ടാം ടേമിൽ പഠിപ്പിച്ചുതീർക്കേണ്ട പാഠഭാഗങ്ങൾ പൂർത്തിയായിട്ടില്ല. ശാസ്ത്രവിഷയങ്ങളിൽ പ്രാക്ടിക്കൽ ക്ലാസുകളെക്കുറിച്ച് ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ല. ഭാഷാവിഷയങ്ങളിലടക്കം പലതിലും പാഠഭാഗങ്ങൾ തൊട്ടിട്ടുപോലുമില്ലെന്നും അദ്ധ്യാപകർ പറയുന്നു.

എന്നാൽ അദ്ധ്യാപകരെ ക്രമീകരിക്കേണ്ട ഉത്തരവാദിത്തം സ്‌കൂളുകൾക്കാണ്.ഒരാഴ്ച പകുതിപ്പേർ, തൊട്ടടുത്തയാഴ്ച ബാക്കിയുള്ളവർ എന്ന രീതിയിലോ, പകുതിപ്പേർവീതം ഒന്നിടവിട്ട ദിവസങ്ങളിൽ എന്ന രീതിയിലോ അദ്ധ്യാപകരെ സ്‌കൂളുകൾക്കു ക്രമീകരിക്കാം.