ന്യൂഡൽഹി: 84 കാരനായ മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്റ്റാൻ സ്വാമിയുടെ വിയോഗം പല രീതിയിൽ വ്യാഖ്യാനിക്കാം. അദ്ദേഹം പ്രായാധിക്യത്താൽ അവശനായിരുന്നു. രോഗാതുരനായിരുന്നു. എന്നാൽ, മരണത്തിന് തൊട്ടടുത്ത് നിൽക്കുവെന്ന് സ്വയം തിരിച്ചറിഞ്ഞ വേളയിലും നീതിപീഠത്തിന് പോലും വേണ്ടസമയത്ത് സഹായിക്കാൻ ആയില്ല എന്നതാണ് ദുരന്തം. റാഞ്ചിയിലെ വീട്ടിൽ നിന്ന് കഴിഞ്ഞ വർഷം ഒക്ടോബർ എട്ടിന് എൽഗാർ പരിഷദ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് മുതൽ പ്രായം കണക്കിലെടുത്തുള്ള ആനുകൂല്യങ്ങൾ ഒന്നും സ്റ്റാൻ സ്വാമിക്ക് കിട്ടിയില്ല. അപേക്ഷകൾ പലതും പോയെങ്കിലും, ചുവപ്പുനാടയിൽ കുരുങ്ങിയും സംവിധാനത്തിന്റെ മന്ദഗതിയിലും പെട്ട് സ്വാമിയുടെ ജീവിതം അവസാനിച്ചു.

പാർക്കിൻസൺസ് രോഗം ഉൾപ്പെടെ ഒട്ടേറെ അസുഖങ്ങൾ ബാധിച്ചതായി അവകാശപ്പെടുന്ന സ്റ്റാൻ സ്വാമി ആരോഗ്യപരമായ കാരണങ്ങളാൽ വൈദ്യചികിത്സയും ഇടക്കാല ജാമ്യവും തേടി അഭിഭാഷകനായ ദേശായി വഴി ഈ വർഷം ആദ്യം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ മാസം കൊറോണ പോസിറ്റീവായ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. അക്കാലത്ത് തന്നെ ഇടക്കാല ജാമ്യത്തിൽ വിട്ടയക്കണമെന്ന് അദ്ദേഹം ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. കാര്യങ്ങൾ അതേപടി തുടരുകയാണെങ്കിൽ ഉടൻ മരിക്കുമെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞിരുന്നു.

സ്വാമിയുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് എൻഐഎ കഴിഞ്ഞ മാസം ഹൈക്കോടതിക്ക് സത്യവാങ്മൂലം നൽകിയിരുന്നു. അദ്ദേഹത്തിന്റെ അസുഖങ്ങളുടെ മെഡിക്കൽ തെളിവ് നിലവിലില്ലെന്ന് അതിൽ പറഞ്ഞിരുന്നു. രാജ്യത്ത് അശാന്തി സൃഷ്ടിക്കാനുള്ള ഗൂഢാലോചന നടത്തിയ സ്വാമി ഒരു മാവോയിസ്റ്റാണെന്നും എൻഐഎ ആരോപിച്ചു.

ജീവിതം തുടങ്ങുന്നത്

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയാണ് സ്റ്റാൻ സ്വാമി. മുഴുവൻ പേര് ഫാദ.സ്റ്റാൻ ലൂർദ്ദുസ്വാമി. ജസ്യൂട്ട് പാതിരിയായിരുന്നു. ആദിവാസിക്ഷേമപ്രവർത്തനങ്ങളിൽ മുഴുകിയ അദ്ദേഹം അവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടി. വിശേഷിച്ച് ഝാർഖണ്ഡിലെ. 1975 മുതൽ 1986 വരെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബെംഗളൂരു ഡയറക്ടറായിരുന്നു. പിന്നീട്, ഝാർഖണ്ഡിലെത്തി ഭൂമി നഷ്ടപ്പെട്ടവരായ ആദിവാസികൾക്ക് വേണ്ടി പ്രവർത്തിച്ചു.

1937 ഏപ്രിൽ 26 ന് കർഷകരായ മാതാപിതാക്കളുടെ മകനായി ജനിച്ച സ്റ്റാൻ സ്വാമിയുടെ 20 വർഷത്തെ കരിയറിൽ ഏറിയ പങ്കും ഝാർഖണ്ഡിലെ തനത് ഗോത്രവിഭാഗങ്ങൾക്ക് വേണ്ടിയോ ആദിവാസികളുടെ അവകാശപോരാട്ടത്തിന് വേണ്ടിയോ ആണ് ഉഴിഞ്ഞുവച്ചത്. മാവോയിസ്റ്റുകളെന്ന് മുദ്രകുത്തി ജയിലിൽ അടച്ച 3000 ത്തോളം യുവതീയുവാക്കളുടെ മോചനത്തിനായി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിദൂരഗ്രാമങ്ങളിൽ സഞ്ചരിച്ച് അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാക്കി. ഖനികളും, അണക്കെട്ടുകളും, ടൗൺഷിപ്പുകളുമൊക്കെ അവരുടെ അറിവോ സമ്മതമോ കൂടാതെ കെട്ടിപ്പൊക്കുന്നതും, തങ്ങളുടെ ഭൂമി നഷ്ടപരിഹാരം കൊടുക്കാതെ ഇല്ലാതാക്കുന്നതിലെ അനീതിയും ഒക്കെ അവരെ ബോധവത്കരിച്ചു.

തിരുച്ചിറപ്പള്ളിയിലെ സെന്റ് ജോസഫ്‌സ് സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ ജസ്യൂട്ട് പാതിരിമാരുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി. 1957 ൽ മതപഠനത്തോടൊപ്പം പാവപ്പെട്ടവരുടെയും, പീഡിതരുടെയും ഉന്നമനത്തിനായി സ്വയം സമർപ്പിച്ചു. 1970 കളിൽ ഫിലിപ്പൈൻസിൽ ദൈവശാസ്ത്രവും സോസിയോളജിയിൽ ബിരുദാനന്തര ബിരുദവും എടുത്തു. 1971 ൽ മടങ്ങി എത്തിയ ശേഷം ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു.

പിന്നീട് ഖനിമാഫിയയ്‌ക്കെതിരായ ആദിവാസിജനതയുടെ കലാപത്തോട് തുറന്ന അനുഭാവം പ്രകടിപ്പിച്ചു. പൊതുഭൂമിയിലും വിഭവങ്ങളിലും അവർക്കുള്ള അവകാശങ്ങൾ ഊന്നിപ്പറഞ്ഞു. ഫാക്ടറികൾക്കും ഖനികൾക്കും വേണ്ടി വൻകിട കോർപറേഷനുകൾ ആദിവാസി ഭൂമി തട്ടിയെടുക്കുന്നതിനെ കുറിച്ച് നിരന്തരം ലേഖനങ്ങൾ എഴുതി.

എൽഗാർ പരിഷദ് കേസ്

നിരോധിത സിപിഐ മാവോയിസ്റ്റ് സംഘടനയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന മുന്നണി സംഘടനകളിലെ അംഗമെന്ന് ആരോപിച്ചാണ് ദേശീയ അന്വേഷണ ഏജൻസി അദ്ദേഹത്തെയും ചില സഹപ്രവർത്തകരെയും അറസ്റ്റ് ചെയ്തത്. സ്വാമി മാവോയിസ്റ്റാണെന്ന് എൻഐഎ ആവർത്തിച്ചുപറഞ്ഞു. സ്വാമി അത് നിഷേധിച്ചുകൊണ്ടുമിരുന്നു.

2018 ജനുവരി ഒന്നിന് ഭീമ കോറിഗാവ് യുദ്ധ വിജയാഘോഷ പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന് പ്രേരണ നൽകിയത് മാവോയിസ്റ്റ് ബന്ധമുള്ള എൽഗാർ പരിപഷദ് പരിപാടിയാണ് എന്നാണ് പൊലീസിന്റെ ആരോപണം. എൽഗർ പരിഷത്ത് കേസ് 2017 ഡിസംബർ 31 ന് പൂണെയിൽ നടന്ന ഒരു കോൺക്ലേവിൽ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളുമായി ബന്ധപ്പെട്ടതാണ്. പൂണെയ്ക്കടുത്തുള്ള കൊറെഗാവ്-ഭീമ യുദ്ധസ്മാരകത്തിന് സമീപം അക്രമത്തിന് പ്രേരിപ്പിച്ചതായി സ്റ്റാൻസ്വാമിയും കാരണമായതായി പൊലീസ് ആരോപിച്ചു. മാവോയിസ്റ്റ് ബന്ധമുള്ള ആളുകളാണ് കോൺക്ലേവ് സംഘടിപ്പിച്ചതെന്നും പൊലീസ് അവകാശപ്പെട്ടിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആക്ടിവിസ്റ്റുകൾ, മനുഷ്യാവകാശപ്രവർത്തകർ, എഴുത്തുകാർ, അക്കാദമിക് വിദഗ്ദ്ധർ എന്നിവരെ കേസിൽ പ്രതിചേർക്കുകയും യു.എ.പി.എ ചേർത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രഗല്ഭ പത്രപ്രവർത്തകനായ ഗൗതം നവലാഖ, തെലുഗ് കവി വരവരറാവു, മനുഷ്യാവകാശ പ്രവർത്തകനായ അരുൺ ഫെറീറ, അഭിഭാഷകയും ട്രേഡ് യൂണിയൻ സംഘാടകയുമായ സുധാ ഭരദ്വാജ്, അറിയപ്പെട്ട അക്കാദമിക് വിദഗ്ധരായ ആനന്ദ് തെൽതുംബ്‌ഡെ, ഷോമ സെൻ, മലയാളികളായ റോണ വിൽസൺ, ഡൽഹി യൂണിവേഴ്‌സിറ്റി പ്രഫസർ ഹാനി ബാബു എന്നിവർ സ്റ്റാൻ സ്വാമിയെ കൂടാതെ ഈ കേസിൽ പ്രതിചേർക്കപ്പെട്ട് വിചാരണത്തടവുകാരായി മുംബൈയിലെ തലോജ ജയിലിൽ കഴിയുകയാണ്.

ഒരു സ്‌ട്രോ ചോദിച്ചിട്ട് കൊടുത്തില്ല

കഴിഞ്ഞ വർഷത്തെ അറസ്റ്റിന് ശേഷം പാർക്കിൻസൺസ് രോഗിയായ തനിക്ക് സിപ്പർ ബോട്ടിലും സ്‌ട്രോയും അനുവദിക്കണമെന്ന് സ്റ്റാൻ സ്വാമി ആവശ്യപ്പെട്ടിരുന്നു. ഇരുകാതുകൾക്കും കേൾവിക്കുറവ്, സന്ധി വേദന, പ്രായത്തിന്റേതായ മറ്റ് അസ്വസ്ഥതകൾ എല്ലാം അ്‌ദ്ദേഹത്തെ അലട്ടി. കൈവിറയൽ ഉള്ളത് കാരണം വെള്ളം കുടിക്കാനുള്ള ഗ്ലാസ് പിടിക്കാൻ കഴിയില്ലായിരുന്നു. വെള്ളം കുടിക്കാൻ സ്‌ട്രോയും സിപ്പർ കപ്പും വേണമെന്ന് അദ്ദേഹം നിരവധി തവണ ജയിലധികൃതരോട് ആവശ്യപ്പെട്ടു. എന്നാൽ, ഒരുഫലവുമുണ്ടായില്ല. ഒടുവിൽ, ഇക്കാര്യമുന്നയിച്ച് നവംബർ ആറിന് അദ്ദേഹം കോടതിക്ക് അപേക്ഷ നൽകി.

ഒക്ടോബർ എട്ടിന് തന്നെ അറസ്റ്റ് ചെയ്യുമ്പോൾ ബാഗിൽ ഇവ രണ്ടുമുണ്ടായിരുന്നെന്നും അതുതന്നെ നൽകിയാൽ മതിയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അപേക്ഷ പരിഗണിച്ച കോടതി വിഷയത്തിൽ മറുപടി നൽകാൻ എൻ.ഐ.എക്ക് നൽകിയത് 20 ദിവസത്തെ സമയം. എന്നാൽ, 20ദിവസത്തിന് ശേഷം എൻ.ഐ.എയുടെ മറുപടി സ്റ്റാൻ സ്വാമിക്ക് നിരാശാജനകമായിരുന്നു. തങ്ങൾ പിടിച്ചെടുത്തവയിൽ സ്േട്രായും സിപ്പർ കപ്പും ഇല്ല എന്നായിരുന്നു. ദിവസങ്ങൾ പിന്നിട്ട ശേഷമാണ് സ്‌ട്രോ അനുവദിക്കാൻ തീരുമാനമായത്.

പറയാൻ വാക്കുകൾ ഇല്ലെന്ന് ബോംബെ ഹൈക്കോടതി

കോവിഡ് ബാധിതനായിരുന്നു ഫാദർ സ്റ്റാൻ സ്വാമി. പിന്നീട് രോഗം മാറിയെങ്കിലും കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. ശനിയാഴ്ച അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ അദ്ദേഹം ഐസിയുവിലാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. മഹാരാഷ്ട്ര സർക്കാരിനോട് സ്റ്റാൻ സ്വാമിക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ കത്ത് നൽകിയിരുന്നു. ഇതിനിടയിലാണ് ആരോഗ്യാവസ്ഥ വഷളായി അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.

ഇന്നുച്ചയ്ക്ക് സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ ബാന്ദ്ര ഹോളിഫെയ്ത്ത് ആശുപത്രി ഡയറക്ടർ ഇയാൻ ഡിസൂസയാണ് സ്റ്റാൻ സ്വാമി അന്തരിച്ചെന്ന വിവരം കോടതിയെ അറിയിച്ചത്. 'ഞായറാഴ്ച പുലർച്ചെ 2.30-ന് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. പിന്നീട് അദ്ദേഹത്തിന് ബോധം തെളിഞ്ഞതേയില്ല. പിന്നീട് ഇന്ന് ഉച്ചയ്ക്ക് 1.24-ന് അദ്ദേഹം മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. പ്രാഥമികമായി അദ്ദേഹത്തിന്റെ മരണകാരണം പൾമണറി അണുബാധയും, പാർക്കിൻസൺസ് അസുഖവുമാണ് എന്ന് പറയാം. മറ്റ് അസുഖങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു'', എന്ന് ഡോ. ഇയാൻ ഡിസൂസ കോടതിയെ അറിയിച്ചു.

വിവരം കേട്ട ബോംബെ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ജഡ്ജി ജസ്റ്റിസ് എസ് എസ് ഷിൻഡെ ഇങ്ങനെ പ്രതികരിച്ചു.'അദ്ദേഹത്തിന്റെ മരണവാർത്ത കേട്ട് അക്ഷരാർത്ഥത്തിൽ ഞങ്ങൾ സ്തബ്ധരാണ്. ഏറ്റവുമൊടുവിൽ നടന്ന വിചാരണയിലും അദ്ദേഹത്തിന് ഇഷ്ടമുള്ള ആശുപത്രിയിൽ ചികിത്സ തുടരാൻ ഞങ്ങളനുവദിച്ചിരുന്നു. ഞങ്ങൾക്ക് പറയാൻ വാക്കുകളില്ല''.

കഴിഞ്ഞ വർഷം റാഞ്ചിയിൽ വച്ച് ഒക്ടോബർ എട്ടിനാണ് മനുഷ്യാവകാശ പ്രവർത്തകനായ ഫാദർ സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അന്ന് മുതൽ മുംബൈയിലെ തലോജ സെൻട്രൽ ജയിലിലാണ് സ്റ്റാൻ സ്വാമി.

അനുശോചന സന്ദേശങ്ങളുമായി പ്രമുഖർ

സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം നീതിയും മനുഷ്യത്വവും അർഹിച്ചിരുന്നുവന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

'സ്റ്റാൻ സ്വാമിയുടെ മരണത്തിൽ അതിയായ ദുഃഖമുണ്ട്. മനുഷ്യത്വം നിറഞ്ഞ ദൈവപുരുഷനായിരുന്നു അദ്ദേഹം. പക്ഷെ, അദ്ദേഹത്തോട് നമ്മുടെ സർക്കാറിന് മനുഷ്യത്വപരമായ പെരുമാറാൻ സാധിച്ചില്ല. ഒരു ഇന്ത്യക്കാരനെന്ന നിലയിൽ വളരെ സങ്കടമുണ്ട്. ആത്മാവിന് നിത്യശാന്തി നേരുന്നു' -കോൺഗ്രസ് എംപി ശശി തരൂർ പറഞ്ഞു.

സ്റ്റാൻ സ്വാമിയുടേത് ജുഡീഷ്യൽ കൊലപാതകമാണെന്ന് മനുഷ്യാവകാശ പ്രവർത്തകയും എഴുത്തുകാരിയുമായ മീന കന്തസ്വാമി ആരോപിച്ചു. 'ഇതിനെ വെറും മരണം എന്ന് വിളിക്കരുത്. ഇതൊരു ജുഡീഷ്യൽ കൊലപാതകമാണ്. എൻ.ഐ.എ, മോദി-ഷാ എന്നിവരടക്കം എല്ലാവരും ഇതിൽ പങ്കാളികളാണ്. ഭീമ കൊറെഗാവ് കേസ്, ജയിൽ വാസം, ഭരണവർഗം, മാധ്യമങ്ങൾ എന്നിവയുടെ വിഡ്ഡിത്തങ്ങൾ ഒരിക്കലും കാണാത്ത ജുഡീഷ്യറിക്കും ഇതിൽ പങ്കുണ്ട്.

'സ്റ്റാൻ സ്വാമി ഇന്ന് കൊല ചെയ്യപ്പെട്ടു. കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് നമുക്കെല്ലാവർക്കും അറിയാം. കൊലപാതകികളുടെ മരണം കഠിനമായിരിക്കും' -കോൺഗ്രസ് വക്താവ് ഡോ. ഷമ മുഹമ്മദ് പറഞ്ഞു.ഇനി അദ്ദേഹത്തിന് സമാധാനത്തോടെ വിശ്രമിക്കാമെന്ന് എഴുത്തുകാരൻ എൻ.എസ്. മാധവൻ ട്വിറ്ററിൽ കുറിച്ചു.