ലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളായ ലാൽ ജോസ് മീടുവിനെ ക്കുറിച്ചുള്ള തന്റെ നിലാപാട് വ്യക്തമാക്കിയിരിക്കുകയാണ്.ജമേഷ് കോട്ടക്കൽ അവതരിപ്പിക്കുന്ന ജമേഷ് ഷോയിൽ ആണ്‌ മീ ടൂ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും തന്റെ നിലപാടും സംവിധായകൻ വ്യക്തമാക്കിയത്.

സിനിമകളിൽ സഹസംവിധായകരായി പുതിയ പെൺകുട്ടികൾ വരുമ്പോൾ രണ്ടാമതൊന്ന് ആലോചിക്കാറുണ്ടെന്ന് ലാൽജോസ് പറയുന്നു.പത്തു വർഷം മുമ്പ് എന്റെ സിനിമയിൽ എന്നോടൊപ്പം മൂന്ന് വനിതാ സഹസംവിധായകർ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കുക്കു പരമേശ്വരൻ, സമീറ സനീഷ് തുടങ്ങിയവർ എന്റെ സിനിമകൾക്കായി വസ്ത്രാലങ്കാരം ചെയ്യുന്നുണ്ട്. എന്നാൽ, സിനിമകളിൽ സഹസംവിധായകരായി പുതിയ പെൺകുട്ടികൾ വരുമ്പോൾ ഞാൻ ഇപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാറുണ്ട്. പുലിവാൽ പിടിക്കുമോ എന്ന് പേടിക്കാറുണ്ട്. ഭയം നല്ലതിനാണോ എന്നറിയില്ല.

'ഇരുപതു വർഷം മുമ്പ് ഒരാൾ എന്നോട് മോശമായി പെരുമാറിയെന്ന് ഇപ്പോൾ ജീവിതത്തിൽ മറ്റൊരു സാഹചര്യത്തിലെത്തി നിൽക്കുന്ന ഒരു വ്യക്തി പറയുന്നു. ചിലത് വാസ്തവവും ചിലത് വ്യാജവുമാകാം. ന്യൂ ഡൽഹിയിലെ തിരക്കുള്ള ഒരു മലയാളി പരസ്യ സംവിധായകനെതിരെ കടുത്ത ആരോപണങ്ങളുണ്ടായി. അത് ഏറ്റെടുത്തത് ഒരു വനിതാ പ്രവർത്തകയും. അദ്ദേഹത്തിന്റെ കുടുംബത്തെയടക്കം അപമാനിക്കുന്ന രീതിയിൽ വാർത്തകളും ചർച്ചകളുമുണ്ടായി. എന്നാലിപ്പോൾ ആ സംഭവത്തിൽ ഉൾപ്പെട്ടവർ നുണപ്രചാരണം നടത്തിയതാണെന്ന് ആ വനിതാ പ്രവർത്തക തന്നെ വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നു.

പരസ്പരവിരുദ്ധമായ, വാസ്തവമില്ലാത്ത കാര്യങ്ങളാണെന്ന് തെളിയുകയും ചെയ്തു. ഇരുപതു വർഷം മുമ്പ് ജോലിസ്ഥലത്തെ ക്യാബിനിൽ വച്ച് മോശമായി പെരുമാറിയെന്നാണ് സംവിധായകനെതിരെ ഉന്നയിച്ച പരാതി. എന്നാൽ അന്ന് ക്യാബിനുകളില്ലായിരുന്നുവെന്നും എല്ലാവരും ഒന്നിച്ചായിരുന്നു ജോലി ചെയ്തിരുന്നതെന്നും സംവിധായകനും വെളിപ്പെടുത്തി. അതോടെ ആ ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞു.

പല അവസരങ്ങളിലും അസിസ്റ്റന്റുമാരെ വഴക്കു പറയേണ്ടിയും ചീത്ത വിളിക്കേണ്ടിയുമൊക്ക വരും. അപ്പോഴൊക്കെ ആൺകുട്ടികളോട് പെരുമാറുന്നതു പോലെ തന്നെ പെൺകുട്ടികളോടും പല കാര്യങ്ങളും തുറന്നു സംസാരിക്കേണ്ടി വരും. അതിനെയൊക്കെ ഇപ്പോഴത്തെ പെൺകുട്ടികൾ എങ്ങിനെ എടുക്കും എന്ന ഭയം ഇപ്പോഴുണ്ടാകാറുണ്ട്. ആ ഭയം നല്ലതിനാണോ എന്നത് വേറെ വിഷയമാണ്. ലാൽ ജോസ് പറഞ്ഞു.കൂടെ ജോലി ചെയ്ത പെൺകുട്ടി സെറ്റിലുണ്ടായിരുന്ന എല്ലാവരേയും അടച്ചാക്ഷേപിക്കുന്നത് സിനിമയ്ക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.