തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ അറസ്റ്റിലായതിനെ തുടർന്ന് നിയമ നടപടികൾ നേരിട്ടതിന്റെ പശ്ചാത്തലം വിവരിച്ച് പുസ്തകമെഴുതിയ ശിവശങ്കറിനെതിരെ തൽക്കാലം നടപടി വേണ്ടെന്ന നിലപാടിൽ സംസ്ഥാന സർക്കാർ. സർക്കാരിനേയോ സർക്കാർ നയങ്ങളേയോ വിമർശിക്കുന്ന പരാമർശങ്ങളൊന്നും പുസ്തകത്തിൽ ഇല്ലെന്നാണ് വിലയിരുത്തൽ.

എന്നാൽ കേന്ദ്ര ഏജൻസികൾക്കും മാധ്യമങ്ങൾക്കും എതിരെ രൂക്ഷമായ വിമർശനവുമുണ്ട്. ഈ സാഹചര്യത്തിൽ പരാതികൾ ലഭിച്ചാൽ മാത്രം തുടർനടപടികൾ ആലോചിക്കാമെന്ന് സർക്കാർ കരുതുന്നു.

ഓൾ ഇന്ത്യ സർവീസ് റൂൾ (1968) അനുസരിച്ച് പുസ്തകം എഴുതുന്നതിന് സിവിൽ സർവീസ് ഉദ്യോഗസ്ഥൻ അനുമതി വാങ്ങണം. കലാ, സാഹിത്യ സൃഷ്ടികൾ നടത്താൻ അനുമതി തേടേണ്ടതില്ല. എന്നാൽ ഐഎഎസ് ഉദ്യോഗസ്ഥൻ എഴുതുന്ന പുസ്തകത്തിൽ സർക്കാരിന്റെ നയങ്ങളെയോ സർക്കാരിനെയോ വിമർശിക്കുന്നുണ്ടെങ്കിൽ നടപടി സ്വീകരിക്കാം. ഇത് പ്രകാരമാണ് മുൻ ഡിജിപി ജേക്കബ് തോമസിന്റെ പുസ്തകം 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കേണ്ടിവന്നത്. അതേസമയം എം ശിവശങ്കറിന്റെ പുസ്തകത്തിൽ സർക്കാരിനെതിരേ വിമർശനമില്ലെന്നാണ് വിലയിരുത്തൽ.

എം. ശിവശങ്കറിന്റെ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകത്തിൽ പുസ്തകത്തിൽ പ്രധാനമായും കുറ്റപ്പെടുത്തുന്നത് കേന്ദ്ര ഏജൻസികളെയാണ്. ഒരു അധ്യായത്തിൽ മാത്രമാണ് സ്വപ്നയെക്കുറിച്ചും സ്വർണക്കടത്തു കേസിനെക്കുറിച്ചും പരാമർശങ്ങളുള്ളത്. ജയിൽ ജീവിതവും കേന്ദ്ര ഏജൻസികളുടെ സമീപനവുമാണ് മറ്റ് അധ്യായങ്ങളിൽ.

സർക്കാരിനെതിരെ മോശം പരാമർശം ഇല്ലാത്തതിനാൽ തൽക്കാലം നടപടി എടുക്കേണ്ടെന്ന തീരുമാനത്തിലേക്കു സർക്കാർ എത്തുകയായിരുന്നു. അതേസമയം, പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ ശിവശങ്കറിനെതിരേ ഏതെങ്കിലും തരത്തിലുള്ള പരാതികൾ ഉയർന്നാൽ നടപടിയെക്കുറിച്ച് പുനരാലോചിക്കാമെന്നാണ് സർക്കാർ നിലപാട്.