തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ട കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ അപേക്ഷ നൽകി. സിപിഎം -ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതികളായ കേസാണ് ഇത്. ബിനീഷ് കോടിയേരിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ബിജെപി ഓഫീസ് ആക്രമിച്ചത്. 2017 ജൂലായ് 28നാണ് ബിജെപി ഓഫീസ് ആക്രമിക്കപ്പെട്ടത്.

സിപിഎം നേതാവും മുൻ കോർപ്പറേഷൻ കൗൺസിലറുമായ ഐ പി ബിനു, എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി പ്രിജിൽ സാജ് കൃഷ്ണ, ജെറിൻ, സുകേശ് എന്നിവരാണ് കേസിലെ നാലു പ്രതികൾ. തിരുവനന്തപുരം സിജെഎം കോടതിയിലാണ് സർക്കാർ അപേക്ഷ നൽകിയത്. കേസ് പിൻവലിക്കുന്നതിനെതിരെ ബിജെപി തടസ്സ ഹർജി നൽകി. കേസ് ജനുവരി ഒന്നിന് പരിഗണിക്കും.

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച സിപിഎം ഗുണ്ടകളുടെ പേരിലുള്ള കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു.

ഭരണത്തിന്റെ തണലിൽ ഒരു ദേശീയ പാർട്ടിയുടെ സംസ്ഥാന ഓഫീസ് ആക്രമിച്ച് അന്നത്തെ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ വധിക്കാൻ ശ്രമിച്ച സംഭവം കേരളത്തെ ഞെട്ടിച്ചതാണ്. ഇത് പിൻവലിക്കാനുള്ള നീക്കത്തെ ബിജെപി നിയമപരമായും രാഷ്ട്രീയമായും നേരിടും.

ഡിവൈഎഫ്‌ഐ ഗുണ്ടാ നേതാവിനെ രക്ഷിക്കാനാണ് സർക്കാർ കേസ് പിൻവലിക്കുന്നത്. അക്രമ രാഷ്ട്രീയത്തിന് സർക്കാർ തന്നെ ചൂട്ടുപിടിക്കുകയാണ്. സിപിഎമ്മിന് ഈ നാട്ടിൽ എന്തുമാകാമെന്ന ധാരണ ബിജെപി അനുവദിച്ചു തരില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച് മണിക്കൂറുകൾക്കകമാണ് ബിജെപി ഓഫീസ് ആക്രമിച്ചത്. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ അടക്കം ആറ് കാറുകളും, ഓഫിസ് ചില്ലുകളും എറിഞ്ഞ് തകർത്തു.

സുരക്ഷാ ഉദ്യോഗസ്ഥരെ ചീത്ത വിളിച്ചു എന്നിങ്ങനെയാണ് കേസുകൾ. ആക്രമണം തടയുവാൻ ശ്രമിച്ച മ്യൂസിയം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർക്ക് പൊലീസ് പാരിതോഷികം നൽകിയിരുന്നു.

പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ ആക്രമണത്തിന് നേതൃത്വം നൽകിയത് ഐപി ബിനുവാണെന്ന് വ്യക്തമാകുകയും ചെയ്തിരുന്നു. ബിജെപിയുടെ പാർട്ടി ഓഫിസിനുനേരെ ആക്രമണം നടത്തിയവരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

ബിനുവിനെ കസ്റ്റഡിയിൽ എടുത്ത കാര്യം പിന്നീട് പൊലീസ് അറിയിച്ചു. സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിക്കപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ബിജെപി പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളിൽ ബിനുവിനെയും പ്രജിൻസാജ് കൃഷ്ണയെയും തിരിച്ചറിഞ്ഞതായി വ്യക്തമാക്കിയിരുന്നു.