തിരുവനന്തപുരം: ഇന്ത്യയുടെ ഒളിമ്പിക് ഹോക്കി ഹീറോ പി ആർ ശ്രീജേഷിന് സംസ്ഥാന സർക്കാറിന്റെ ആദരം.പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ഡെപ്യൂട്ടി സ്പോർട്സ് ഓർഗനൈസർ തസ്തികയിൽ സേവനമനുഷ്ഠിച്ചു വന്നിരുന്ന അദ്ദേഹത്തിന്റെ തസ്തിക ജോയിന്റ് ഡയറക്ടർ (ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ്) ആയി ഉയർത്തിയാണ് സർക്കാർ ശ്രീജേഷിനെ സ്വീകരിച്ചത്.ഒളിമ്പിക്‌സിലെ മികച്ച പ്രകടനത്തെത്തുടർന്ന് അദ്ദേഹത്തിന്റെ തസ്തികയിൽ സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയ പി ആർ ശ്രീജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. 'കേരളത്തിന്റെ അഭിമാനമായ ഹോക്കി താരം പി ആർ ശ്രീജേഷ് ഓഫീസിൽ നേരിട്ടെത്തുകയുണ്ടായി. ഒളിമ്പിക്‌സിൽ മെഡൽ നേടി ചരിത്രം കുറിച്ച ഇന്ത്യൻ ഹോക്കി ടീമിന്റെ അവിഭാജ്യ ഘടകമാണ് ശ്രീജേഷ്. ഇന്ത്യൻ ഹോക്കിയെ അന്താരാഷ്ട്ര മികവിലേയ്ക്കുയർത്തുന്നതിൽ ശ്രദ്ധേയമായ സംഭാവന അദ്ദേഹത്തിന്റേതായുണ്ട്. ശ്രീജേഷിനെ നേരിട്ട് കാണാനും വിശേഷങ്ങൾ പങ്കു വയ്ക്കാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ശ്രീജേഷിനു കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു'. ശ്രീജേഷുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി ഫെയ്‌സ് ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയെ കണ്ടശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ സ്വീകരണ ചടങ്ങിൽ പി ആർ ശ്രീജേഷ് പങ്കെടുത്തു. മന്ത്രി വി ശിവൻകുട്ടിയുടെ നേതത്വത്തിൽ ശ്രീജേഷിനെ ആദരിച്ചു. ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യസ ഡയറക്ടർ ജീവൻബാബു കെ, എന്നിവർക്കൊപ്പം പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിവിധ സ്ഥാപനങ്ങളിലെ ഡയറക്ടർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

പുതിയ പദവി കൂടുതൽ ഉത്തരവാദിത്വം നിറഞ്ഞതാണെന്നും മികച്ച നേട്ടത്തിനായി പരിശ്രമിക്കുമെന്നും ഒളിമ്പ്യൻ പി ആർ ശ്രീജേഷ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.കൂടുതൽ താരങ്ങളെ കേരളത്തിൽ നിന്നും ഒളിമ്പിക്‌സിൽ എത്തിക്കാൻ ശ്രമിക്കുമെന്നും പറഞ്ഞ അദ്ദേഹം ഹോക്കി പരിശീലനത്തിനായി സ്‌കൂളുകളിൽ ടർഫുകൾ ഒരുക്കണമെന്നും സർക്കാറിനോട് ആവശ്യപ്പെട്ടു.