തിരുവനന്തപുരം: സംസ്ഥാന മെഡിക്കൽ ഒന്നാം റാങ്ക് ആലപ്പുഴ വെട്ടിയാർ തണലിൽ എസ്. ഗൗരീശങ്കറിന്. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷ്ണർ തയാറാക്കിയ റാങ്ക് പട്ടിക ചൊവ്വാഴ്ച വൈകിട്ടാണ് പ്രസിദ്ധീകരിച്ചത്.

നീറ്റ് യുജി പരീക്ഷയിൽ 715 മാർക്കോടെ 17ാം റാങ്കായിരുന്നു ഗൗരീശങ്കറിന്. തൃശൂർ പെരിങ്ങോട്ടുകര പരയങ്കത്തിൽ വൈഷ്ണാ ജയവർധനൻ രണ്ടാം റാങ്കും( നീറ്റ് റാങ്ക് 23) കോട്ടയം പാലാ വൈപ്പനയിൽ ആർ.ആർ. കവിനേഷ് മൂന്നാം റാങ്കും (നീറ്റ് റാങ്ക് 31) സ്വന്തമാക്കി. മലപ്പുറം ചെങ്കാലങ്ങാടി സോപാനത്തിൽ പി.നിരുപമ നാലും എറണാകുളം ഇടപ്പള്ളി ഫളാറ്റ് 5 എ സ്‌കൈലൈൻ എമിനൻസിൽ ഭരത് നായർ അഞ്ചും റാങ്ക് സ്വന്തമാക്കി.

ആറു മുതൽ പത്തുവരെയുള്ള റാങ്കുകൾ:

എറണാകുളം വൈറ്റില തൈക്കൂടം ഹെവനിൽ ഭുവനീഷ് രമേഷ് മേനോൻ
കോഴിക്കോട് കൂതാളി കിഴക്കേപ്പറമ്പിൽ പി. നിമിഷ
മലപ്പുറം ചന്തനപ്പറമ്പ് വാരിക്കോടനിൽ വി.അബ്ദുൾ ഷുക്കൂർ
മലപ്പുറം പൊന്നിയാക്കുറിശി ഇലിക്കൂട്ടിൽ ഹമ്ദാ റഹ്മാൻ
തമിഴ്‌നാട് വെല്ലൂർ ഷെറിൽ സൂസൻ മാത്യു

എസ്സി വിഭാഗത്തിൽ ഒന്നാം റാങ്ക് മലപ്പുറം കുളത്തൂർ സരോവരത്തിൽ കെ.വി. രോഹിത്തിനും രണ്ടാം റാങ്ക് തിരുവനന്തപുരം ചെറ്റച്ചൽ ജഐൻവി ക്വാർട്ടേഴ്‌സിൽ എസ്.അനുരാഗ് സൗരവിനുമാണ്. എസ്ടി വിഭാഗത്തിൽ എറണാകുളം പള്ളൂരുത്തി നെല്ലിപ്പള്ളിൽ ജോനാഥൻ എസ്. ഡാനിയേലിനാണ്. ഈ വിഭാഗത്തതിലെ രണ്ടാം റാങ്ക് പ്രഖ്യാപിച്ചിട്ടില്ല.

നീറ്റ് യുജി പരീക്ഷാ ഫലം പ്രവേശന പരീക്ഷാ കമ്മീഷ്ണർക്ക് സമർപ്പിച്ച വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സംവരണ മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷ്ണർ തയാറാക്കിയ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്.42059 പേരാണ് കേരള റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്. ഇതിൽ 31722 പേർ പെൺകുട്ടികളും 10337 പേർ ആൺകുട്ടികളുമാണ്.

ഫലം പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റിൽ നിന്നറിയാം. വിവിധ സംവരണത്തിന് അർഹരായിട്ടുള്ളവരുടെ താത്കാലിക കാറ്റഗറി ലിസ്റ്റ് 20-നും അന്തിമ ലിസ്റ്റ് 24-നും പ്രസിദ്ധീകരിക്കും. പ്രവേശന ഷെഡ്യൂൾ അഖിലേന്ത്യാതലത്തിൽ തീരുമാനമാകുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക് www.cee.kerala.gov.in എന്ന സൈറ്റ് സന്ദർശിക്കണം.