തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാനുള്ള അക്കാദമിക മാർഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്. എല്ലാ സ്‌കൂളുകളിലും അക്കാദമിക പ്രവർത്തനങ്ങൾ ഏകീകരിക്കുന്ന രീതിയിലാണ് മാർഗരേഖ തയ്യാറാക്കിയിരിക്കുന്നത്.

സ്‌കൂൾ തുറന്ന് ആദ്യ രണ്ടാഴ്ചത്തെ വിലയിരുത്തലിന് ശേഷം പാഠഭാഗങ്ങൾ ഏതെക്കൊ പഠിപ്പിക്കണം എന്നതിൽ സർക്കാർ തീരുമാനമെടുക്കും. ടൈം ടേബിൾ അതാത് സ്‌കൂളുകൾക്ക് തീരുമാനിക്കാം. പരമാവധി കുട്ടികളെ സ്‌കൂളിലേക്കെത്തിക്കാൻ രക്ഷിതാക്കളും അദ്ധ്യാപകരും ശ്രമിക്കണമെന്ന് അക്കാദമിക് മാർഗ്ഗരേഖ പ്രകാശനം ചെയ്ത് വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടു.

വലിയ ഇടവേളക്ക് ശേഷം സ്‌കൂൾ തുറക്കുമ്പോൾ ആദ്യം നേരെ പാഠഭാഗങ്ങൾ പഠിപ്പിക്കില്ലെന്നാണ് തീരുമാനം. നീണ്ട കാലം വീട്ടിലിരുന്ന കുട്ടികളെ ആദ്യ ആഴ്ചയിൽ വിലയിരുത്തും. വിക്ടേഴ്‌സ് വഴി നടന്ന പഠനത്തോടുള്ള കുട്ടിയുടെ പ്രതികരണം മനസ്സിലാക്കും. കളി ചിരികളിലൂടെ മെല്ലെ മെല്ലെ പഠനത്തിന്റെ ലോകത്തേക്ക് എത്തിക്കും. ആ രീതിയിലാണ് അക്കാദമിക് മാർഗ്ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ആഴ്ചകളിൽ വീഡിയോകൾ വഴിയും ഗെയിമുകൾ വഴിയുമോക്കെ പാഠഭാഗങ്ങൾ കാണിച്ച് കൂട്ടായി ചർച്ച ചെയ്ത് കുട്ടിയെ മനസ്സിലാക്കും.

സ്‌കൂൾ അന്തരീക്ഷവുമായി വിദ്യാർത്ഥികളെ സ്വാഭാവികമായി കണ്ണിചേർക്കുന്നതിനാണ് തുടക്കത്തിലുള്ള പ്രവൃത്തി ദിവസങ്ങൾ ഉപയോഗിക്കേണ്ടത്. ഇതിനായി കുട്ടികൾക്കുള്ള ഇഷ്ടമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരം നൽകണം. കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് അദ്ധ്യാപകർ മുൻഗണന നൽകണം. സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കണം. ലഘുവ്യായാമങ്ങൾ ചെയ്യിപ്പിക്കണം. ഇഷ്ടപുസ്തകങ്ങൾ വായിക്കാൻ അവസരം നൽകണം.

പഠനത്തിനായി ഓൺലൈൻ, ഓഫ്ലൈൻ സാധ്യതകൾ അദ്ധ്യാപകർ പ്രയോജനപ്പെടുത്തണം. അസൈന്മെന്റ് പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയാക്കണം. സ്‌കൂളിൽ എത്താൻ സാധിക്കാത്ത വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. കോവിഡ് സുരക്ഷാ മാനദണ്ഡം പാലിക്കാൻ ഓരോ സ്‌കൂളും പ്രവർത്തന സമയം ക്രമീകരിക്കണം. പഠനവിടവ് പരിഹരിക്കാൻ രക്ഷിതാക്കളുടെ സഹകരണം ഉറപ്പാക്കണം. താൽപര്യമുള്ള എല്ലാ വിദ്യാർത്ഥികളേയും സ്‌കൂളിലെത്തിക്കാനുള്ള സൗകര്യം ഉറപ്പാക്കണമെന്നും മാർഗരേഖ നിർദ്ദേശിക്കുന്നു.

കോവിഡ് പ്രതിസന്ധിയെ മറികടന്ന് സ്‌കൂളുകൾ തുറക്കുമ്പോൾ എല്ലാ വിദ്യാർത്ഥികളേയും സ്‌കൂളിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ സ്‌കൂളുകളിലും ഒരേ രീതിയിൽ അക്കാദമിക പ്രവർത്തനങ്ങൾ നടക്കേണ്ടതുമുണ്ട്. ഇത് മുന്നിൽ കണ്ടാണ് വിദ്യാഭ്യാസ വകുപ്പ് അക്കാദമിക മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്.

ആർക്കും ആശങ്ക വേണ്ടെന്നും ആരെയും ആദ്യനാളുകളിൽ നിർബന്ധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പക്ഷെ പരമാവധി കുട്ടികളെ സ്‌കൂളിന്റെ അന്തരീക്ഷത്തിലേക്ക് എത്തിക്കാൻ കൂട്ടായി ശ്രമിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് അഭ്യർത്ഥിച്ചു.