ആലപ്പുഴ: നവോത്ഥാന മതിലിനൊപ്പം ചേർന്നത് തിരിച്ചടിയായെന്ന് മനസ്സിലാക്കുകയാണ് അതിനൊപ്പം ചേർന്ന ഹിന്ദു സംഘടനകൾ. പ്രത്യേകിച്ച് എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശൻ. ഹിന്ദു പാർലമെന്റ് നേതാവ ്‌സുഗതനും സർക്കാരിനെതിരെ ആഞ്ഞടിച്ചു. വെള്ളാപ്പള്ളിയായിരുന്നു വനിതാ മതിലിന്റെ സംഘാടക സമിതി ചെയർമാൻ. സുഗതൻ ജോയിന്റ് കൺവീനറും. സുഗതനും കെ പി എം എസിലെ പുന്നല ശ്രീകുമാറുമാണ് വനിതകളെ മതിലിൽ അണിചേർക്കാൻ ആഹോരാത്രം പണിയെടുത്തത്. ഇതിൽ സുഗതനെ പോലുള്ളവർക്ക് സർക്കാർ മുൻ കൈയെടുത്ത് വനിതകളെ ശബരിമല കയറ്റില്ലെന്ന ഉറപ്പ് ലഭിച്ചിരുന്നു. ഇതാണ് ഒറ്റരാത്രികൊണ്ട് തകർന്നത്.

ശബരിമലയുമായി നവോത്ഥാന മതിലിന് ബന്ധമില്ലെന്നും വിശ്വാസം സംരക്ഷിക്കുമെന്നും ആവർത്തിച്ച് പറഞ്ഞവരാണ് വെള്ളാപ്പള്ളിയും എസ് എൻ ഡി പി നേതാക്കളും. തുഷാർ വനിതാ മതിലിൽ പങ്കെടുക്കാത്തത് ബിഡിജെഎസിന് ആശ്വാസമായി. ഈ സാഹചര്യത്തിലാണ് സർക്കാരിനെതിരെ തുഷാർ കടന്നാക്രമണം നടത്തിയത്. ശബരിമലയിൽ രഹസ്യമായി യുവതികളെ ദർശനം നടത്തിച്ച സർക്കാർ തന്ത്രം തറവേലയാണെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ജനാധിപത്യത്തിനു യോജിച്ച പ്രവൃത്തിയല്ല ഇത്. ഭൂരിപക്ഷ സമുദായങ്ങളുടെ വിശ്വാസത്തെ നിന്ദിക്കലും വെല്ലുവിളിക്കലുമാണത്. ഭരണതന്ത്രജ്ഞതയില്ലാതെ രാഷ്ട്രീയം വിരോധം തീർക്കാൻ ശബരിമലയെ ഉപകരണമാക്കുകയാണു മുഖ്യമന്ത്രിയെന്നും തുഷാർ പറഞ്ഞു.

ക്രിസ്ത്യൻ സഭാതർക്കത്തിലെ സുപ്രീം കോടതി വിധി നടപ്പാക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച സർക്കാരാണ് അതേ കോടതിയുടെ വിധിയുടെ പേരിൽ ഒരു ചർച്ചയും കൂടിയാലോചനയും നടത്താതെ വിശ്വാസികളെ വേദനിപ്പിച്ചു ധാർഷ്ട്യം കാണിക്കുന്നത്. ആചാരലംഘനമുണ്ടായാൽ ശുദ്ധിക്രിയകൾ നടത്താൻ ബാധ്യതപ്പെട്ടവരാണു തന്ത്രിയും മേൽശാന്തിയും. അവരെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താൻ വൃഥാശ്രമമാണു സർക്കാരും ദേവസ്വം ബോർഡും നടത്തുന്നത്. വിശ്വാസവും ആചാരങ്ങളും കാത്തുസൂക്ഷിക്കാൻ ബാധ്യതപ്പെട്ട ദേവസ്വം ബോർഡ് പരാജയപ്പെട്ട സാഹചര്യത്തിൽ രാജിവയ്ക്കണമെന്നും തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ശബരിമലയിലെ യുവതീപ്രവേശത്തിൽ നിരാശയും വേദനയുമുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.

ശബരിമല വിശ്വാസികൾക്കുള്ളതാണ്. അല്ലാതെ ആക്ടിവിസ്റ്റുകൾക്കുള്ളതല്ല. പിൻവാതിലിലൂടെ യുവതികളെ പൊലീസ് കയറ്റിയത് നിരാശാജനകമാണ്. എസ്എൻഡിപി വിശ്വാസികൾക്കൊപ്പമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.