തിരുവനന്തപുരം: ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചിലവഴിച്ചും സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തും സിപിഎം ഇന്ന് സംഘടിപ്പിച്ച വനിതാ മതിൽ വൻ പരാജയം ആയിരുന്നെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ഏറെ കൊട്ടിഘോഷിച്ച വനിതാ മതിൽ പൊതുസമൂഹത്തിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ ചലനം സൃഷ്ടിക്കാത്ത ഒരു മൂന്നാംകിട പാർട്ടി പരിപാടിയായി അധ: പതിച്ചെന്ന് ബിജെപി അദ്ധ്യക്ഷൻ പ്രസ്താവനയിൽ പറഞ്ഞു.

സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും ശുഷ്‌കമായ പങ്കാളിത്തമാണ് മതിലിൽ ഉണ്ടായത്. കേരളത്തിലുടനീളം ഇടയ്ക്കിടെ നീണ്ട വിടവുകൾ ഉള്ള വനിതാ മതിലാണ് ദൃശ്യമായത്. കേരളത്തിലെ ഇടത് മുന്നണിയുടെ വനിതാ മതിൽ ഓർമ്മിപ്പിക്കുന്നത് 1989ൽ അന്നത്തെ സോവിയറ്റ് യൂണിയനിൽ സംഘടിപ്പിക്കപ്പെട്ട 'ബാൾട്ടിക്ക് ചെയ്നി'നെ ആണ്. സോവിയറ്റ് യൂണിയനിലെ മൂന്ന് പ്രവിശ്യകളെ കോർത്തിണക്കികൊണ്ട് 675 കിലോ മീറ്റർ ദൈർഘ്യത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പണിതീർത്ത 'ബാൾട്ടിക്ക് ചെയ്ൻ' എന്ന മനുഷ്യ ശൃംഖല സോവിയറ്റ് യൂണിയന്റെയും സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും തകർച്ചയിലാണ് കലാശിച്ചത്. കേരളത്തിലും ചരിത്രം ആവർത്തിക്കുകയാണെന്ന് ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു.

'ബാൾട്ടിക്ക് ചെയ്ൻ' തീർത്ത് ഏഴ് മാസങ്ങൾക്കുള്ളിൽ സോവിയറ്റ് സാമ്രജ്യത്തിന്റെ ശിഥിലീകരണം ആരംഭിക്കുകയായിരുന്നു. കേരളത്തിലും വനിതാ മതിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെയും കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെയും അന്ത്യം അടുത്തിരിക്കുന്നു എന്ന സൂചനയാണ് നൽക്കുന്നത്. വിഭാഗീയതയുടെയും വർഗീയതയുടെയും ഈ ദുരന്ത മതിൽ പിണറായി സർക്കാരിന്റെ മരണമണിയാണ് മുഴക്കുന്നത്. കേരളം ഭരിച്ച അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന ഖ്യാതി ആവും പിണറായി വിജയൻ നേടുക എന്നും പിള്ള പറഞ്ഞു.

അതേസമയം വനിതാ മതിലിൽ സർക്കാരിനെ പ്രശംസിച്ചും സുകുമാരൻ നായരേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും കടന്നാക്രമിച്ചും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. വനിതാ മതിലിന് വേണ്ടി സംഘടനാ മനോഭാവത്തോടെ ഇത്രയധികം പേരെ ഒരുമിച്ച് അണിനിരത്താൻ പിണറായി വിജയൻ മുഖ്യമന്ത്രിയായുള്ള സർക്കാരിന് മാത്രമേ സാധിക്കുകയുള്ളൂവെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രശംസ. വനിതാ മതിലിലെ ജന പങ്കാളിത്തം രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വെള്ളാപ്പള്ളി ആഞ്ഞടിച്ചു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ജാതി പറഞ്ഞ് ആഭ്യന്തര മന്ത്രിയായ ആളാണ് രമേശ് ചെന്നിത്തലയെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. ''അന്ന് രമേശ് ചെന്നിത്തല പറഞ്ഞത് ഭൂരിപക്ഷ സമുദായത്തിന് താക്കോൽ സ്ഥാനം നൽകണമെന്നായിരുന്നു. അതിനർത്ഥം നായർ സമുദായക്കാരനായ തന്നെ ആഭ്യന്തര മന്ത്രിയാക്കണമെന്ന്'' എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.ഇതിന് പിന്നിൽ സുകുമാരൻ നായരുടെ ഇടപെടലുണ്ടായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജാതി പറഞ്ഞ് അധികാരം ചോദിച്ച് വാങ്ങുന്നവരാണ് ഇപ്പോൾ ജാതി വേർതിരിവിനെ കുറിച്ച് സംസാരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, വനിതകളുടെ പ്രാതിനിധ്യം കൊണ്ട് ചരിത്രമെഴുതിയിരിക്കുകയാണ് വനിതാ മതിൽ. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ സംഘടിപ്പിച്ച വനിതാ മതിലിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 620 കിലോമീറ്റർ അണിനിരന്നത് ലക്ഷക്കണക്കിന് വനിതകൾ. കാസർഗോഡ് കെ.കെ.ശൈലജ ആദ്യ കണ്ണിയായപ്പോൾ തിരുവനന്തപുരത്ത് അവസാന കണ്ണിയായത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും.