മെൽബൺ: ആഷസ് ടെസ്റ്റ് പരമ്പരയ്ക്ക് അടുത്തമാസം തുടക്കമാകാനിരിക്കെ ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് ടീം നായക സ്ഥാനത്തേക്ക് സ്റ്റീവ് സ്മിത്തിനെയും പരിഗണിക്കുന്നതായി റിപ്പോർട്ട്. നായകനാകാൻ യോഗ്യതയുള്ള നിരവധി പേർ ടീമിലുണ്ടെന്നും,സ്മിത്തും അവരിലൊരാൾ ആണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയർമാൻ റിച്ചാർഡ് ഫ്ര്യൂഡെൻസ്റ്റീൻ പറഞ്ഞു.

എന്നാൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനായി സെലക്ടർമാർ സ്മിത്തിനെ രഹസ്യമായി സമീപിച്ചെന്ന് ഹെറാൾഡ് സൺ റിപ്പോർട്ട് ചെയ്തു. സ്മിത്തിനെ ക്യാപ്റ്റനാക്കുന്നതിന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് സെലക്ടർമാരെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, നിലവിലെ വൈസ് ക്യാപ്റ്റൻ പേസർ പാറ്റ് കമ്മിൻസിന് നായകനാക്കണമെന്ന ആവശ്യവും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ 65 വർഷത്തിൽ ഒരിക്കൽ പോലും ബൗളർമാരെ ഓസ്‌ട്രേലിയ ടെസ്റ്റ് ടീം നായകനാക്കിയിട്ടില്ല. 1956ൽ റേ ലിൻഡ്വാളാണ് അവസാനമായി ഓസീസിനെ ടെസ്റ്റിൽ നയിച്ച ബൗളർ.

ക്രിക്കറ്റ് ബോർഡ് ജീവനക്കാരിക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ ടിം പെയ്ൻ അപ്രതീക്ഷിതമായി ക്യാപ്റ്റൻ സ്ഥാനം രാജിവച്ചതോടെ ഓസീസ് ക്രിക്കറ്റിൽ വീണ്ടും പ്രതിസന്ധി രൂപപ്പെട്ടത്. 2018ലാണ് പന്ത് ചുരണ്ടൽ വിവാദത്തിന് പിന്നാലെ സ്മിത്തിനെ നായകപദവിയിൽ നിന്ന് നീക്കിയത്.

രണ്ട് വർഷത്തേക്ക് നായക സ്ഥാനത്തേക്ക് പരിഗണിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിൽ ക്യാപ്റ്റനെന്ന നിലയിൽ സ്മിത്തിന്റെ പരിചയസമ്പത്ത് സഹായിക്കുമെന്നാണ് സെലക്ടർമാരിൽ ഒരു വിഭാഗത്തിന്റെ വാദം.

കമിൻസിനെ നായകനും സ്മിത്തിനെ കമിൻസിന് കീഴിൽ വൈസ് ക്യാപ്റ്റനും ആക്കണമെന്നും നിർദേശമുയർന്നിട്ടുണ്ട്. അടുത്ത മാസം എട്ടിന് ഗാബയിലാണ് ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ഏകദിന, ട്വന്റി 20യിലും നായകനായ ആരോൺ ഫിഞ്ച് ടെസ്റ്റ് ടീമിൽ ഇല്ല.