തിരുവനന്തപുരം : സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനും എതിരെയുള്ള സംസ്ഥാന സർക്കാരിന്റെ 'സ്ത്രീപക്ഷ നവകേരളം' പ്രചരണ പരിപാടിക്ക് ശനിയാഴ്ച തിരിതെളിയും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.

സമൂഹത്തിലെ സ്ത്രീവിരുദ്ധ പ്രവർത്തനങ്ങളെയും ചിന്തകളെയും ഇല്ലാതാക്കാനുതകുന്ന സർവതല സ്പർശിയായ ക്യാമ്പയിനാണ് സ്ത്രീപക്ഷ നവകേരളത്തിലൂടെ ഉയർത്തിക്കൊണ്ടുവരുന്നത്. ഡിസംബർ 18 മുതൽ അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8വരെ നീണ്ടുനിൽക്കുന്ന ഒന്നാംഘട്ട ക്യാമ്പയിനും പിന്നീട് തുടർപരിപാടികളും സംഘടിപ്പിക്കും.

ഉദ്ഘാടന പരിപാടിയിൽ തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദൻ അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസസാമൂഹ്യനീതിമന്ത്രി ആർ ബിന്ദു, ക്ഷീരവികസനമൃഗസംരക്ഷണമന്ത്രി ജെ ചിഞ്ചുറാണി, വനിതാശിശു വികസനമന്ത്രി വീണാ ജോർജ്, വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. സ്ത്രീപക്ഷ നവകേരളത്തിന്റെ ക്യാമ്പയിൻ അംബാസഡർ നടി നിമിഷാ സജയൻ ഉദ്ഘാടന പരിപാടിയിലും തുടർന്ന് ക്യാമ്പയിന്റെ വിവിധ ഘട്ടങ്ങളിലും പങ്കെടുക്കും.

പതിനാല് ജില്ലകളിൽ നിന്നുമുള്ള കുടുംബശ്രീ പ്രതിനിധികൾ പങ്കെടുക്കുന്ന സംസ്ഥാന തല ഉദ്ഘാടനത്തിൽ സ്ത്രീപക്ഷ നവകേരളത്തിന്റെ സമീപന രേഖ പ്രകാശനം ചെയ്യും. സ്ത്രീപക്ഷ നവകേരള പ്രതിജ്ഞയുമെടുക്കും. അതേ സമയം സംസ്ഥാനത്തെ ജില്ലാ തലത്തിലും എല്ലാ തദ്ദേശഭരണ സ്ഥാപന തലത്തിലും ഇരുപത്തിരണ്ടായിരത്തിലേറെ വാർഡ് തലങ്ങളിലും സ്ത്രീപക്ഷ നവകേരള പ്രതിജ്ഞയെടുക്കും.