കാസർകോഡ്: കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശനത്തിന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ഏർപ്പെടുത്തിയ നിയന്ത്രണം ഏപ്രിൽ 24 രാവിലെ മുതൽ നടപ്പാക്കും. പെട്ടെന്ന് നടപ്പിലാക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് തീരുമാനം ഏപ്രിൽ 24ന് രാവിലെ എട്ടു മുതൽ കർശനമായി നടപ്പിലാക്കാൻ ശനിയാഴ്ച ഉച്ചയ്ക്ക് ചേർന്ന ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗം തീരുമാനിച്ചത്. ഓൺലൈനിൽ ചേർന്ന യോഗത്തിൽ അഥോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അധ്യക്ഷത വഹിച്ചു.

14 ദിവസത്തിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തി ലഭിച്ച നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷൻ ചെയ്തതിന്റെ സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, ഉപ്പള, കുമ്പള എന്നീ ടൗണുകളിൽ പ്രവേശിക്കാൻ അനുവദിക്കേണ്ടതുള്ളൂ എന്നാണ് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗം തീരുമാനിച്ചത്. ഇത് നടപ്പാക്കാനായി ഈ ടൗണുകളിൽ രണ്ട് വശത്തും പൊലീസ് പരിശോധന നടത്തും.

കോവിഡ് പരിശോധനയും വാക്‌സിനേഷനും നൽകാനുള്ള സംവിധാനവും ഈ പരിശോധനാ കേന്ദ്രങ്ങളോടനുബന്ധിച്ച് സജ്ജീകരിക്കും. ഇപ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പ്രദേശങ്ങളിലേക്ക് ഓരോ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയോഗിക്കും. നേരത്തെ പെട്ടെന്നുണ്ടായ നിയന്ത്രണത്തിൽ വ്യാപാര മേഖലയിൽ കടുത്ത എതിർപ്പുയർന്നിരുന്നു. കഴിഞ്ഞ ഒരു വർഷമായി വ്യാപാരമേഖല തകർച്ചയിൽ ആണെന്നും ഈ റംസാൻ സീസൺ കൂടി നഷ്ടപ്പെട്ടാൽ പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്ന് വ്യാപാരികൾ വ്യക്തമാക്കിയിരുന്നു.

അതേസമയം കർശന നിയന്ത്രണം 24 മുതൽ ആരംഭിക്കുമെങ്കിലും കോവിൽ മാനദണ്ഡങ്ങൾക്ക് യാതൊരു വിധ ഉപേക്ഷയും അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. കൃത്യമായ സാമൂഹിക അകലവും സൃഷ്ടിച്ച വേണം വ്യാപാരം നടത്തുവാൻ. സാനിറ്ററി സിങ് സംവിധാനങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കണം. പേരിനു മാത്രമുള്ള സാനിറ്ററിസിങ് അനുവദിക്കാൻ സാധിക്കില്ല. കൃത്യമായ രീതിയിൽ മാസ്‌ക് ധരിച്ച് വേണം പുറത്തിറങ്ങാൻ. നിയന്ത്രണങ്ങൾ ഇളവ് വരുത്തിയത് ലാഘവത്തോടെ കാണരുതെന്നും ജില്ലാഭരണകൂടം അഭ്യർത്ഥിച്ചു