കൊച്ചി : ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കും മതിയായ സംരക്ഷണം ആവശ്യപ്പെട്ട് രക്ഷകരെ രക്ഷിക്കുക എന്ന മുദ്രാവക്യവുമായി ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ രാജ്യവ്യാപകമായി നിൽപ്പ് സമരം നടത്തി. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ മുഴുവൻ ആശുപത്രികൾക്ക് മുന്നിലും ആരോഗ്യപ്രവർത്തകർ നിൽപ്പ് സമരം നടത്തി. എറണാകുളം മെഡിക്കൽ സെന്ററിൽ കൊച്ചി ഐ.എം.എ പ്രസിഡന്റ് ഡോ.ടി.വി.രവിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിൽപ്പ് സമരം പി.ടി.തോമസ് എംഎ‍ൽഎ ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രവർത്തകരെ കയ്യേറ്റം ചെയ്യുക എന്നത് നിയമ വ്യവസ്ഥ നിലനിൽക്കുന്ന ഒരു സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. ആശുപത്രികളിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റായ പ്രവർത്തികൾ നടക്കുന്നുവെന്ന് പരാതിയുള്ളവർ ഭാരതത്തിന്റെ ഭരണഘടന ഉറപ്പുനൽകുന്ന നിയമ വിധേയമായ മാർഗ്ഗങ്ങളാണ് സ്വീകരിക്കേണ്ടതെന്നും പി.ടി.തോമസ് പറഞ്ഞു.

കർമ്മ നിരതരായ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന രീതിയിലാണ് രാജ്യത്തിന്റെ പലഭാഗത്തും അക്രമണങ്ങൾ അരങ്ങേറുന്നത്. ആരോഗ്യപ്രവർത്തകർക്ക് ഭയരഹിതവും, സ്വതന്ത്രവുമായി അവരുടെ ജോലി നിർവ്വഹിക്കാനുള്ള അവസരം ഒരുക്കണമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ ഉന്നയിക്കുന്ന ആവശ്യമെന്ന് ഐ.എം.എ മധ്യമേഖല വൈസ് പ്രസിഡന്റ് ഡോ. എൻ.ദിനേശ് പറഞ്ഞു. ആശുപത്രികളെ സുരക്ഷിത മേഖലയായി പ്രഖ്യാപിക്കുക.

പൊലീസ് ഔട്ട്പോസ്റ്റ് അടക്കം സർക്കാർ സുരക്ഷാ സംവിധാനങ്ങൾ എല്ലാ ആശുപത്രികളിലും നടപ്പാക്കുക. അക്രമികളെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നിൽ കൊണ്ടുവരിക. അല്ലാത്തപക്ഷം അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് മുന്നിൽ ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ ഉന്നയിക്കുന്നതെന്ന് കൊച്ചി ഐ.എം.എ പ്രസിഡന്റ് ഡോ.ടി.വി.രവി പറഞ്ഞു. ഐ.എം.എ കൊച്ചി ട്രഷറർ ഡോ.ജോർജ് തുകലൻ, ഐ.എം.എ ഹൗസ് ചെയർമാൻ ഡോ.വി.പി.കുര്യേപ്പ്, ഡോ.സി.ജി.രഘു, ഡോ. എം.നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു