കൊല്ലം: കടയ്ക്കലിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്മിൾതച്ചോണം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന വർഷ(17)യെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ പ്ലസ്ടു ഫലം പുറത്തുവന്നിരുന്നു. പ്ലസ് ടു പരീക്ഷയിലെ പരാജയമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

ബുധനാഴ്ച വന്ന പ്ലസ് പരീക്ഷാ ഫലത്തിൽ ഒരു വിഷയത്തിനു പെൺകുട്ടി തോറ്റിരുന്നു. ഇതിനെത്തുടർന്ന് കുട്ടി കടുത്ത മാനസികസമ്മർദത്തിലായിരുന്നു. സംഭവം നടക്കുമ്പോൾ കുട്ടിയുടെ സഹോദരനും അച്ഛനും ജോലിക്കു പോയിരിക്കുകയായിരുന്നു. അമ്മ റേഷൻ കടയിൽ പോയി തിരികെ വന്നപ്പോഴാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസും ഫൊറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.