തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കേഡറ്റും തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമാകാൻ ഒരുങ്ങുന്നു. തിരഞ്ഞെടുപ്പിൽ പൊലീസിനെ സഹായിക്കാനായി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലനം ലഭിച്ചിട്ടുള്ള പൂർവ വിദ്യാർത്ഥികളെ നിയോഗിക്കാനാണ് സർക്കാർ തീരുമാനം. 18 വയസിനു മുകളിൽ പ്രായമുള്ള വിദ്യാർത്ഥികളെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. ഇതു സംബന്ധിച്ച ഡിജിപിയുടെ അഭ്യർത്ഥന സർക്കാർ അംഗീകരിച്ചു.

വിദ്യാർത്ഥികൾക്ക് സ്‌പെഷൽ പൊലീസ് ഓഫിസർമാരായാണ് നിയമനം. രണ്ടു വർഷത്തെ പരിശീലനം നേടുന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്ക് പൊലീസിന്റെ പ്രവർത്തനരീതി സുപരിചിതമാണ്. 2008 ഒക്ടോബറിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചത്.

ഐജി പി.വിജയനായിരുന്നു നേതൃത്വം. പിന്നീട് 2010ൽ പദ്ധതി 100 സ്‌കൂളുകളിൽ നടപ്പിലാക്കി. ഇപ്പോൾ സംസ്ഥാനത്തൊട്ടാകെയുള്ള 747 സ്‌കൂളുകളിൽ പദ്ധതി നടപ്പിലാക്കുന്നുണ്ട്. 72,000 വിദ്യാർത്ഥികളും 1300 അദ്ധ്യാപകരും 1500 പൊലീസ് ഉദ്യോഗസ്ഥരും പദ്ധതിയുടെ ഭാഗമാണ്.