ലണ്ടൻ: ഇന്ത്യയിൽ നിന്നുമുൾപ്പടെ പല രാജ്യങ്ങളിൽ നിന്നും പഠനാർത്ഥം ബ്രിട്ടനിലെത്തിയ വിദ്യാർത്ഥികൾ കടന്നുപോകുന്നത് സമാനകളില്ലാത്ത പരീക്ഷണ ഘട്ടത്തിലൂടെയാണ്. ഫീസ് കൊടുക്കാൻ പോലും പണമില്ലാതെ കഷ്ടപ്പെടുമ്പോൾ സർക്കാർ സഹായമോ, മറ്റ് സന്നദ്ധ സംഘടനകളുടെ സേവനമോ സ്വീകരിക്കുന്നതിൽ നിന്നും വിലക്കും ഉണ്ട്. ഉണ്ടായിരുന്ന പാർട്ട് ടൈം ജോലി കോവിഡ് പ്രതിസന്ധിയിൽ നഷ്ടപ്പെട്ടു. പലർക്കും കുടുംബാംഗങ്ങളുടെ സഹായം പോലും കിട്ടാത്ത അവസ്ഥയിലാണ്. കൃത്യമായി ഫീസ് കൊടുത്തില്ലെങ്കിൽ യു കെ യിൽ തുടരാനാകില്ല എന്നതുകൊണ്ട് പല വിദ്യാർത്ഥികളും ഭക്ഷണം പോലും ഉപേക്ഷിക്കുന്ന ഘട്ടത്തിൽ എത്തി നിൽക്കുകയാണ്.

നോ റികോഴ്സ് ടു പബ്ലിക് ഫണ്ട്സ് (എൻ ആർ പി എഫ്) പോളിസി മൂലം ഇവർക്ക് സർക്കാർ സഹയമോ മറ്റ് സന്നദ്ധ സംഘടനകളുടെ സഹായമോ സ്വീകരിക്കാൻ ആകില്ല. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. മാത്രമല്ല, സർക്കാരിനോട് ഏതെങ്കിലും വിധത്തിലുള്ള സഹായം ആവശ്യപ്പെടാനും ആകില്ല.

ഇത്തരത്തിൽ ദുരിതത്തിലായ വിദ്യാർത്ഥികൾക്ക് അർഹമായ സഹായം ലഭിക്കുവാനുള്ള വഴികൾ തുറക്കണമെന്ന് സർക്കാരിന് മേൽ ശക്തിയായ ആവശ്യം ഉയരുന്നുണ്ട്. ഫീസ് അടക്കാൻ ആകാത്തതിനാൽ പഠനത്തിൽ നിന്നും സസ്പെൻഡ് ചെയ്യുന്നത് തടയണമെന്ന ആവശ്യവുമുയരുന്നു. നൂറുകണക്കിന് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും അദ്ധ്യാപകരും, എം പി മാരും, ട്രേഡ് യൂണിയൻ നേതാക്കളും കുടിയേറ്റക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുവാനായി പ്രവർത്തിക്കുന്ന സംഘടനകളുമൊക്കെ എൻ പി ആർ എഫ് താത്ക്കാലികമായി പിൻവലിക്കണമെന്ന് പ്രീതി പട്ടേലിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

യൂണിവേഴ്സിറ്റീസ് മന്ത്രി മൈക്കൽ ഡോൺലീനിന് എഴുതിയ മറ്റൊരു കത്തിൽ കൊറോണ പ്രതിസന്ധിമൂലം ദുരിതമനുഭവിക്കുന്ന വിദേശ വിദ്യാർത്ഥികളുടെ ഫീസ് ഇളവ് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരിൽ പലരും മാനസിക സമ്മർദ്ദത്താൽ ആത്മഹത്യയുടെ വക്കിലാണെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. വിദ്യാർത്ഥികൾക്കിടയിൽ ചില സംഘടനകൾ നടത്തിയ സർവ്വേയിൽ, ഇവരിൽ പകുതിയിൽ അധികം പേരും തെരുവിലാവുകയോ, ഉടൻ തെരുവിലേക്കിറങ്ങേണ്ട അവസ്ഥയിലോ ആണെന്നും കത്തിൽ സൂചിപ്പിക്കുന്നു.

ചില വിദ്യാർത്ഥികൾ ഫീസിനുള്ള പണം മിച്ചം പിടിക്കാൻ ആഹാരം പോലും ഉപേക്ഷിക്കുകയാണ്. മറ്റുചിലർ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാതെ നടന്നുപോയി കിട്ടിയ എന്തെങ്കിലും ജോലികൾ ചെയ്യുവാൻ ശ്രമിക്കുന്നു. യൂണിവേഴ്സിറ്റി ഫീസ് അടയ്ക്കുക, താമസസ്ഥലത്തിന്റെ വാടക നൽകുക ഇതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും അതുകഴിഞ്ഞേ ഭക്ഷണക്കാര്യത്തെ പറ്റി ചിന്തിക്കുന്നുള്ളു എന്നുമാണ് ഒരു വിദ്യാർത്ഥി പറഞ്ഞത്.

വിദേശ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പാർട്ടൈം ജോലികൾ ചെയ്താണ് യൂണിവേഴ്സിറ്റി ഫീസും മറ്റ് ചെലവുകൾക്കുള്ള പണവും കണ്ടെത്തിയിരുന്നത്. കോവിഡ് പ്രതിസന്ധിയിൽ സ്ഥാപനങ്ങൾ ഒന്നൊന്നായി അടയാൻ തുടങ്ങിയതോടെ പലർക്കും ഉള്ള ജോലി നഷ്ടപ്പെട്ടു. മറ്റൊന്ന് കണ്ടുപിടിക്കുക എന്നത് തീർത്തും അസാദ്ധ്യവും ആയി മാറി. കോവിഡ് പ്രതിസന്ധി ആഗോള തലത്തിൽ തന്നെ ബാധിച്ചതിനാൽ, നാട്ടിൽ, സാമ്പത്തിക ദുരിതത്തിൽ നട്ടം തിരിയുന്ന രക്ഷിതാക്കളോട് പണം ചോദിക്കാനും നിവർത്തിയില്ലാതെയായി.

തികച്ചും അന്യായമായ ശിക്ഷയാണ് വിദേശ വിദ്യാർത്ഥികൾക്ക് വിധിച്ചതെന്നാണ് എം. പിമാർ ഉൾപ്പടെയുള്ള പല രാഷ്ട്രീയ നേതാക്കളും പറയുന്നത്. ഇത്തരത്തിലൊന്ന് സംഭവിക്കാൻ പാടില്ലാത്തതാണ്. അത് സംഭവിക്കുന്നത് ഒരു ആഗോള പ്രതിസന്ധിയുടെ കാലഘട്ടത്തിലാവുമ്പോൾ അത് വളരെ ക്രൂരവും നിന്ദ്യവും ആയിരിക്കുകയാണ്. അവർ ചൂണ്ടിക്കാട്ടുന്നു. എൻ പി ആർ എഫ് എത്രയും പെട്ടെന്ന് പിൻവലിക്കണം എന്നും വിദ്യാർത്ഥികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.

പ്രമുഖ സാമൂഹ്യ പ്രവർത്തകയും യൂനിസ് റെസിസ്റ്റ് ബോർഡർ കൺട്രോൾസ് സ്ഥാപകയുമായ സനാസ് റാജി പറയുന്നത് ട്യുഷൻ ഫീസ് മാത്രം ഉന്നം വയ്ക്കുന്ന ഒരു കച്ചവടമാക്കി വിദ്യാഭ്യാസത്തെ മാറ്റിയിരിക്കുന്നു എന്നാണ്. വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ അനുഭാവ പൂർവ്വം ഇടപെടാൻ മടിക്കുന്ന യൂണിവേഴ്സിറ്റികളെ അവർ കുറ്റപ്പെടുത്തുന്നു. കൂനിൻ മേൽ കുരു എന്നപോലെ ഒരു നിയമവും കൂടി ആയപ്പോൾ വിദേശ വിദ്യാർത്ഥികളുടെ കാര്യം കഷ്ടത്തിലായി എന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ കോവിഡ് പ്രതിസന്ധി മൂലം ഒരാൾ പോലും തെരുവിൽ വരരുത് എന്നതാണ് സർക്കാരിന്റെ നയമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. യഥാർത്ഥത്തിൽ കഷ്ടപ്പെടുന്ന വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് ഹാർഡ്ഷിപ് ഫണ്ടിന് അപേക്ഷിക്കാം. സ്വദേശ-വിദേശ വിദ്യാർത്ഥികളെ അടിയന്തര ഘട്ടങ്ങളിൽ സഹായിക്കുന്നതിനായി എല്ലാ യൂണിവേഴ്സിറ്റികളിലും ഹാർഡ്ഷിപ് ഫണ്ട് ഉണ്ടെന്നും സർക്കാർ വക്താവ് അറിയിച്ചു.മാത്രമല്ല, സർക്കാരിന്റെ മറ്റ് ആനുകൂല്യങ്ങളും ഇവർക്ക് ലഭ്യമാക്കുവാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു .