ചെന്നൈ: കോളജ് സ്ഥാപകന്റെ പ്രതിമയുടെ തലയിൽവച്ച് കേക്ക് മുറിച്ച എട്ട് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. കടലൂരിലെ അണ്ണാമലൈ സർവകാലാശയുടെ ഭാഗമായുള്ള രാജാ മുത്തയ്യ ഡെന്റൽ കോളജിലെ വിദ്യാർത്ഥികളെയാണ് സസ്‌പെൻഡ് ചെയ്തത്.

ജന്മദിനാഘോഷം 'വ്യത്യസ്തമാക്കാൻ' കോളജിലെ രണ്ടാം ഗേറ്റിന് മുൻപിലെ, കോളജ് സ്ഥാപകനും അണ്ണാമലൈ സർവകലാശാല സഹ സ്ഥാപകനുമായ രാജാ സർ മുത്തയ്യ ചെട്ടിയാരുടെ അർധകായ പ്രതിമയുടെ തലയിൽ കേക്ക് മുറിച്ചതിനാണ് നടപടി. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് കോളജ് അധികൃതരുടെ നടപടിയുണ്ടായത്.

എ.ഗിരിധരൻ, ജെ.കാർത്തിക്, എസ്.കൃഷ്ണൻ, എ.ഗിരിധരൻ, പി.നവീൻ കുമാർ, ആർ.അരിസ്റ്റോട്ടിൽ, ആർ.വിശ്വ, ഡി.അതിയാമൻ എന്നിവരെയാണു സസ്‌പെൻഡ് ചെയ്തത്. ബുധനാഴ്ച രാത്രിയാണ് സംഭവം. പ്രതിമയുടെ തലയിൽവച്ച് കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങൾ കൂട്ടത്തിലുള്ള ഒരാൾ ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

ബാങ്കറും രാഷ്ട്രീയ നേതാവും വിദ്യഭ്യാസ പ്രവർത്തകനുമായിരുന്നു രാജാ മുത്തയ്യ. പഴയ മദ്രാസ് പ്രവിശ്യയിൽ വിദ്യഭ്യാസ, എക്‌സൈസ് മന്ത്രിയും, മദ്രാസ് മേയറുമായിരുന്ന മുത്തയ്യയെ അപമാനിക്കുന്നതാണ് വിദ്യാർത്ഥികളുടെ നടപടിയെന്നു വ്യാപക വിമർശനം ഉയർന്നിരുന്നു.