തിരുവനന്തപുരം: ഹലാൽ ഭക്ഷണ വിവാദത്തിൽ എ.എ. റഹീമിനെ പരിഹലിക്കുന്ന ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് റീട്വീറ്റ് ചെയ്തതിൽ സിപിഎം പിബി അംഗം സുഭാഷിണി അലി ഖേദം പ്രകടിപ്പിച്ചു. സംഘികൾക്ക് ആഘോഷിക്കാനും, സഖാക്കൾ വിഷമിക്കാനും ഇട വന്നതിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു എന്നാണ് ട്വീറ്റ്. ഹലാൽ ഭക്ഷണ വിവാദത്തിൽ സംഘികളുടെ വിദ്വേഷ പ്രചാരണത്തിന് എതിരെ, ഫുഡ് ഫെസ്റ്റിവൽ ഡിവൈഎഫ്‌ഐ നടത്തിയത് ഉഗ്രൻ ഇടപെടലാണെന്നും സുഭാഷിണി അലി ട്വീറ്റിൽ പറഞ്ഞു.

ഏതായാലും ശ്രീജിത്ത് പണിക്കരും വിട്ടില്ല. ഡിവൈഎഫ്ഐ നേതാവ് സഖാവ് എ എ റഹിമിനോടുള്ള എന്റെ ട്വീറ്റ് അർത്ഥം മനസ്സിലാക്കാതെ റീട്വീറ്റ് ചെയ്ത് സഖാക്കൾക്ക് നാണക്കേട് ഉണ്ടാക്കിയെന്ന അപരാധത്തിന് ഇതാ സിപിഎം പോളിറ്റ്ബ്യുറോ അംഗം സഖാവ് സുഭാഷിണി അലിയുടെ ലേലു അല്ലു. പണിക്കരെ ചർച്ചയിൽ ബഹിഷ്‌കരിച്ചിട്ടും അങ്ങോട്ട് മെനയാകുന്നില്ലല്ലോ സജീ- ശ്രീജിത്ത് പണിക്കർ ഫേസ്‌ബുക്കിൽ കുറിച്ചു.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനെ ഹലാൽ ബോർഡിന്റെ പേരിൽ പരിഹസിക്കുന്ന ശ്രീജിത്ത് പണിക്കരുടെ ട്വീറ്റാണ് സിപിഎം പിബി അംഗം സുഭാഷിണി അലി റീട്വീറ്റ് ചെയ്തത്.. 'ഭക്ഷണത്തിന് മതമില്ല' എന്ന പേരിൽ പ്രതിഷേധ ഫുഡ് സ്ട്രീറ്റ് നടത്തിയിട്ട് ഭക്ഷ്യ കൗണ്ടറിൽ ഹലാൽ ഭക്ഷണം എന്ന് എഴുതി വച്ചത് എന്തിന് എന്ന് ശ്രീജിത്ത് പണിക്കർ തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ ചോദിച്ചിരുന്നു. ഭക്ഷ്യ കൗണ്ടറിൽ നിന്ന് ഡിവൈഎഫ്ഐ നേതാക്കൾ ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ഫേസ്‌ബുക്ക് കുറിപ്പ്. അങ്ങനെ ബോർഡ് വെക്കാൻ ആണെങ്കിൽ 'ഭക്ഷണത്തിന് മതമില്ല' എന്ന് സഖാവ് റഹിം തലേന്ന് പറഞ്ഞത് എന്തിനാവും? അതോ നവംബർ 23ന് ഭക്ഷണത്തിന് മതമില്ലെന്നും 24ന് ഉണ്ടെന്നും ആണോ മനസ്സിലാക്കേണ്ടത് എന്നും ശ്രീജിത്ത് പണിക്കർ ചോദിച്ചു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

സഖാവ് റഹിമിന് മറുപടിയുണ്ടോ?

നവംബർ 23ന് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ എ എ റഹിം ഫേസ്‌ബുക്കിൽ എഴുതിയത് 'ഭക്ഷണത്തിന് മതമില്ല' എന്നായിരുന്നു. തൊട്ടടുത്ത ദിവസം അദ്ദേഹം പോസ്റ്റ് ചെയ്ത ഫുഡ് ഫെസ്റ്റിവൽ ചിത്രമാണ് ഇതോടൊപ്പം. ഇതിൽ ഭക്ഷ്യ കൗണ്ടറിൽ കാണുന്നത് 'ഹലാൽ ഭക്ഷണം' എന്നാണ്. അതല്ലാത്ത കൗണ്ടറും ഉണ്ടായിരുന്നിരിക്കാം. മതപരമായ വിശ്വാസങ്ങളും പ്രമാണങ്ങളും പ്രകാരം ഭക്ഷണം തയ്യാറാക്കുന്ന രീതിയാണ് ഹലാൽ. ആ പേരിൽ ഒരു കൗണ്ടർ വെക്കാൻ തീരുമാനിച്ചത് എന്തിനാവും? അങ്ങനെ ബോർഡ് വെക്കാൻ ആണെങ്കിൽ 'ഭക്ഷണത്തിന് മതമില്ല' എന്ന് സഖാവ് റഹിം തലേന്ന് പറഞ്ഞത് എന്തിനാവും? അതോ നവംബർ 23ന് ഭക്ഷണത്തിന് മതമില്ലെന്നും 24ന് ഉണ്ടെന്നും ആണോ ഞാൻ മനസ്സിലാക്കേണ്ടത്?

സുഭാഷിണിയുടെ റീട്വീറ്റ് വാർത്താ അവതാകരൻ വിനു വി ജോണും, ശങ്കു ടി ദാസും ഒക്കെ ഷെയർ ചെയ്തു. ഡിവൈഎഫ്ഐ സെക്രട്ടറിയെ പരിഹസിക്കുന്ന ട്വീറ്റ് സിപിഎം പിബി അംഗം സുഭാഷിണി അലി റീട്വീററ് ചെയ്തു ..വൗവ് എന്നായിരുന്നു വിനുവിന്റെ കുറിപ്പ്.

ശങ്കു ടി ദാസിന്റെ കുറിപ്പ് ഇങ്ങനെ:

മത രഹിത ഭക്ഷണത്തിൽ എന്തിനാണ് ഹലാൽ ബോർഡ് എന്ന ചോദ്യം ഏറ്റെടുത്ത് സിപിഐ.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി.ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ. റഹീമിനോടുള്ള ശ്രീജിത്ത് പണിക്കരുടെ ചോദ്യമാണ് സുഭാഷിണി അലി റീട്വീറ്റ് ചെയ്തത്.
എന്തായാലും റീട്വീററ് സോഷ്യൽ മീഡിയ വൈറലാക്കിയതോടെ സുഭാഷിണി അലി അത് പിൻവലിച്ചു.