മുംബൈ: ഹ്രസ്വമായ തന്റെ ആയുസ്സിനിടെ ഉപരിപഠനത്തിലൂടെ ഏറ്റവും യോഗ്യതയുള്ള ഇന്ത്യക്കാരൻ എന്ന വിശേഷണം നേടിയ ആളാണ് മഹാരാഷ്ട്രക്കാരനായ ഡോ.ശ്രീകാന്ത് ജിച്കർ. ഇന്ത്യയിലെ റെക്കോർഡുകൾ രേഖപ്പെടുത്തുന്ന ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ അദ്ദേഹത്തിന്റെ പേരുണ്ട്.

ഇരുപതു ബിരുദങ്ങൾ കരസ്ഥമാക്കിയ ഇന്ത്യക്കാരൻ. എംബിബിഎസിലൂടെയാണു ജിച്കർ തന്റെ ഉപരിപഠനം തുടങ്ങിയത്. പിന്നെ എംഡിയെടുത്ത് സ്‌പെഷലിസ്റ്റ് ഡോക്ടറായി. നിയമത്തിൽ എൽഎൽബി, എൽഎൽഎം, ബിസിനസ് മേഖലയിൽ എംബിഎ അങ്ങനെ സംസ്‌കൃതത്തിൽ ഡി.ലിറ്റ് വരെ.

അദ്ദേഹത്തിന്റെ ബിരുദയാത്രകൾ തുടങ്ങുന്നത് 19ാം വയസ്സിലാണ്. പിന്നീടുള്ള 17 വർഷം സർവകലാശാലാ പരീക്ഷകൾക്കായി തന്റെ സമയമത്രയും മാറ്റിവച്ചു. എന്നിട്ടും വിജ്ഞാനദാഹം തീർന്നില്ല. 1978ൽ സിവിൽ സർവീസ് പരീക്ഷയെഴുതി ഐപിഎസ് നേടി. രാജി വച്ച് 1980ൽ വീണ്ടും പരീക്ഷയെഴുതി; അത്തവണ ഐഎഎസ്. 4 മാസത്തിനു ശേഷം രാജിവച്ചു രാഷ്ട്രീയത്തിലിറങ്ങി. 1980ൽ 25ാം വയസ്സിൽ മഹാരാഷ്ട്ര നിയമസഭയിൽ അംഗമായി.

14 വകുപ്പുകൾ വരെ കൈകാര്യം ചെയ്ത മന്ത്രിയുമായി. തീർന്നില്ല; 199298 കാലയളവിൽ രാജ്യസഭാ അംഗവുമായിരുന്നു അദ്ദേഹം. അരലക്ഷത്തിലേറെ പുസ്തകങ്ങളുമായി ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ലൈബ്രറികളിലൊന്നിന്റെ ഉടമയുമായിരുന്നു ജിച്കർ. 2004ൽ 49ാം വയസ്സിൽ കാറപകടത്തിൽ മരിക്കും വരെ അദ്ദേഹം പഠനം തുടർന്നു കൊണ്ടേയിരുന്നു.

താരതമ്യേന ഹ്രസ്വമായ തന്റെ ആയുസ്സിൽ ജിച്കർ എങ്ങനെ ഇത്രയധികം നേട്ടങ്ങൾ കൈവരിച്ചു? അദ്ദേഹം തന്റെ സമയം സമർഥമായി വിനിയോഗിച്ചു എന്നതാണു കാരണം. ജിച്കർക്കും നമുക്കും ഭൂമിയിലെ എല്ലാ മനുഷ്യർക്കും ഒരു ദിവസത്തിൽ കിട്ടുന്നത് 24 മണിക്കൂർ തന്നെയാണ്. ചിലർ ഓരോ നിമിഷവും ഭാവി ജീവിതത്തിലേക്കുള്ള ചെറുനിക്ഷേപങ്ങളാക്കുന്നു.

മനസ്സു വച്ചാൽ ആർക്കും നേടാവുന്ന, എന്നാൽ ഏറെ പ്രയാസകരമായ നേട്ടമാണ് ഡോ.ശ്രീകാന്ത് ജിച്കറിന്റേത്. വിദ്യാർത്ഥികളുടെ പുതുവർഷത്തിൽ, അതായത് ഈ പുതിയ അധ്യയനവർഷത്തിന്റെ തുടക്കത്തിൽ തന്നെ അത്തരമൊരു ധീരമായ തീരുമാനം നാം എടുക്കണം എന്നുമാത്രം. സമയം കൃത്യമായി വിഭജിച്ച് വിനിയോഗിച്ചാണ് അദ്ദേഹം ഈ നേട്ടങ്ങൾ കരസ്ഥമാക്കിയത്.

പുതുവർഷത്തിൽ ചുവടുവയ്ക്കാം, ആ നേട്ടത്തിലേക്ക്

പുതിയ ബാഗും പുസ്തകങ്ങളുമായി പുതിയ ക്ലാസിൽ ചെന്നിരിക്കാനുള്ള അവസരം കോവിഡ് മൂലം നഷ്ടമായല്ലോ എന്നു സങ്കടപ്പെടേണ്ട. വീട്ടിൽ തന്നെ അങ്ങനെ ഒരു ക്ലാസ് റൂം ഒരുക്കിയാലോ? റൂം പോലും വേണമെന്നില്ല. ഒരു ചെറിയ മൂലയായാലും മതി. അവിടെ പുസ്തകങ്ങൾ, പേന, പെൻസിൽ തുടങ്ങിയവ മാത്രം മതി. ദിവസവും നിശ്ചിത സമയം ക്ലാസിലെന്ന പോലെ നിങ്ങളുടെ 'പഠനോപകരണ'വുമായി അവിടെ ചെന്നിരിക്കുക. പഠനോപകരണം ഏതാണെന്നു മനസ്സിലായോ ? ഓൺലൈൻ ക്ലാസുകൾ കാണാനും കേൾക്കാനുമുള്ള മൊബൈലോ ടാബ്ലറ്റോ തന്നെ. ആ ക്ലാസ് റൂമിലിരിക്കുമ്പോൾ പഠനം മാത്രം മതി മനസ്സിലും മൊബൈലിലുമെല്ലാം

സമയം വിലപ്പെട്ടത്, പാഴാകാതെ നോക്കാം

ഇത്തവണ ക്ലാസിൽ കൂട്ടുകാരെ നിയന്ത്രിക്കാൻ അദ്ധ്യാപകരൊന്നുമില്ല. സ്‌കൂളിലെപ്പോലെ പീരിയഡുകളുമില്ല. സമയനിയന്ത്രണം നമ്മുടെ കയ്യിൽത്തന്നെയാണെന്നു ചുരുക്കം. ടൈം നമ്മുടെ കയ്യിൽ നിൽക്കണമെങ്കിൽ ഒരു 'ടൈം ടേബിൾ' തന്നെ വേണം. വ്യത്യസ്തമായ ഒരു ടൈം ടേബിൾ തയാറാക്കിയാലോ? ദിവസം മുഴുവൻ ഉപയോഗിക്കാവുന്ന തരത്തിലാകണം ഇത്. ചാർട്ട് പേപ്പറിൽ ഒരു ക്ലോക്ക് വരച്ചെടുക്കുക. സാധാരണ കാണുന്ന 12 മണിക്കൂർ ക്ലോക്കല്ല. 24 മണിക്കൂർ ക്ലോക്ക്.

ചാർട്ട് പേപ്പറിൽ വലിയൊരു വട്ടം വരച്ച് അതിനെ 24 ആയി വിഭജിക്കുക. ഓരോ ഭാഗവും ഓരോ മണിക്കൂറാണ്. അതായത്, തലേന്നു പുലർച്ചെ 12 മുതൽ ഇന്നു രാത്രി 12 വരെയുള്ള ഒരു ദിവസം. ഓരോ മണിക്കൂറിലും ചെയ്യാനുദ്ദേശിക്കുന്ന പ്രധാന കാര്യങ്ങൾ ക്ലോക്കിൽ നിറങ്ങളിൽ അടയാളപ്പെടുത്താം. ഉദാഹരണം രാത്രി 10 മുതൽ രാവിലെ 6 വരെ ഉറക്കം, 6 മുതൽ 7 വരെ പത്രം വായന, വൈകിട്ട് 7 മുതൽ 10 വരെ പഠനം.. നിങ്ങളുടെ 'ക്ലാസ് റൂമിൽ' കാണാവുന്ന സ്ഥലത്തു തന്നെ അത് ഒട്ടിച്ചു വയ്ക്കുക.

ഹാബിറ്റ് സ്റ്റാക്കിങ് എന്നു കേട്ടിട്ടുണ്ടോ? നല്ല ശീലങ്ങൾ പതിവാക്കാനുള്ള തന്ത്രമാണത്. ഹാബിറ്റ് സ്റ്റാക്കിങ് എന്നതിന്റെ അർഥം ശീലങ്ങൾ അടുക്കി വയ്ക്കുക എന്നതു തന്നെ. അതായത്, പുസ്തകങ്ങളെപ്പോലെ ഒന്നിനു മുകളിൽ ഒന്നായി ശീലങ്ങളെ വയ്ക്കുക. ഇതിൽ ഇഷ്ടമുള്ള ശീലങ്ങളുണ്ടായിരിക്കും. അത്ര ഇഷ്ടമല്ലെങ്കിലും നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങളുണ്ടാകും. രാവിലെ എഴുന്നേറ്റ ഉടൻ ഞാൻ തലേന്നു പഠിച്ച കാര്യങ്ങളിൽ ഓർമയുള്ളത് ഒരു പേപ്പറിൽ എഴുതി നോക്കും, എന്നും പല്ലു തേച്ചതിനു ശേഷം ഞാൻ ഒരു ഗ്ലാസ് വെള്ളം കുടിക്കും. രാത്രി ഉറങ്ങാനായി കിടക്കും മുൻപ് ഒരു പുതിയ വാക്ക് പഠിക്കും. എന്നിങ്ങനെ നല്ല ശീലങ്ങളിലേക്ക് നമുക്ക് ചുവടുവയ്ക്കാം.