മലപ്പുറം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെല്ലാം ഇന്നു സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കുന്നതിനിടെ നിലമ്പൂരിൽ ഒന്ന് ചരിത്രമായി. ഉൾവനത്തിൽ താമസിക്കുന്ന ചോലനായ്ക്ക ആദിവാസി വിഭാഗത്തിലെ ആദ്യജനപ്രതിനിധിയായി നിലമ്പൂർ ബ്ളോക്ക് പഞ്ചായത്തിന്റെ വഴിക്കടവ് ഡിവിഷനിൽ നിന്ന് വിജയിച്ചു കയറിയ സി. സുധീഷ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

തങ്ങളുടെ വിഭാഗമായ ആദിവാസികളെ മുഖ്യധാരയിലേക്കെത്തിക്കാനാണ് താൻ പ്രഥമ പരിഗണന നൽകുകയെന്ന് സത്യപ്രതിജ്ഞക്ക് ശേഷം പറഞ്ഞു. വഴിക്കടവിൽനിന്നും 12കിലോമീറ്റർ അകലെയുള്ള ഉൾവനത്തിലെ അളക്കൽ കോളനിയിലാണ് സുധീഷിന്റെ വീട്. കോളനിയിലുള്ളവർക്ക് കുടിവെള്ളമെത്തിക്കുക, കോളനിയിലെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസമൊരുക്കുക, കോളനിയിലേക്ക് പുഞ്ചക്കൊല്ലി പുഴയ്ക്ക് പാലം നിർമ്മിക്കുക, വനത്തിൽ ഓരോ ആദിവാസി കുടുംബത്തിനും കൃഷി ചെയ്യാനുള്ള സ്ഥലം അനുവദിപ്പിക്കുക, റോഡ് സൗകര്യമൊരുക്കുക, കോളനിയിലെ മുഴുവൻ വയോജനങ്ങൾക്കും പെൻഷൻ നൽകുക തുടങ്ങിയ കാര്യങ്ങൾ നേടിയെടുക്കാനായിരിക്കും കൂടുതൽ ശ്രമിക്കുകയെന്നും സുധീഷ് പറഞ്ഞു.

ഏഷ്യയിലെ തന്നെ ഏറ്റവും പുരാതനമായ ആദിവാസി വിഭാഗമാണ് ചോലനായ്ക്കർ. അടുത്ത കാലം വരെ ഗുഹകളിൽ മാത്രമായിരുന്നു ഈ വിഭാഗം താമസിച്ചിരുന്നത്. മറ്റു ആദിവാസി വിഭാഗങ്ങളിൽ നിന്ന് ഒട്ടേറെ വേറിട്ട ജീവിത രീതി പുലർത്തി വരുന്നവരാണ് ചോലനായ്ക്കർ. സുധീഷിന്റെ കോളനിയിലേക്ക് യാത്രാ മാർഗമില്ല. വികസനം എത്തിയിട്ടുമില്ല. എല്ലാത്തിനും മാറ്റം വേണമെന്ന തോന്നലിൽ നിന്നാണ് സുധീഷ് സ്ഥാനാർത്ഥിയാകാം എന്ന തീരുമാനമെടുത്തത്. ഇടതുപക്ഷ സ്ഥാനാർത്ഥിയായാണ് സുധീഷ് മത്സരരംഗത്തെത്തിയത്. പ്ലസ്ടു യോഗ്യതനേടിയ സുധീഷിന് മണ്ഡലം പട്ടികവർഗ ജനറൽ ഡിവിഷനായതോടെയാണ് അവസരമൊരുങ്ങിയത്.