തിരുവനന്തപുരം: എ ഗ്രൂപ്പിനെ തകർത്തു. വിശാല ഐയെ ഛിന്നഭിന്നമാക്കി. ഇനി സമ്പൂർണ്ണ സുധാകര ആധിപത്യം. സംഘടനാ തെരഞ്ഞെടുപ്പിലൂടെ പുതിയ നേതൃത്വത്തെ കൊണ്ടു വരാനുള്ള ദൗത്യം ഏറ്റെടുക്കുമെന്ന് സുധാകരൻ പ്രഖ്യാപിക്കുമ്പോൾ തിരിച്ചടിക്കാൻ അവസരം കിട്ടുമെന്ന പ്രതീക്ഷയിൽ ഗ്രൂപ്പ് മാനേജർമാരും. എന്നാൽ അനുസരണക്കേടിന് അച്ചടക്ക നടപടി ഉറപ്പെന്ന് സുധാകരൻ വ്യക്തമാക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമാകും ഗ്രൂപ്പുകളുടെ പ്രവർത്തനം.

കണ്ണൂർ മോഡലിൽ കെപിസിസി ഓഫീസും സുധാകരൻ സ്വന്തമാക്കുകയാണ്. ഇനി കേഡർ സ്വഭാവത്തോടെ കോൺഗ്രസ് മുമ്പോട്ട് പോകും. എല്ലാ പിന്തുണയും ഹൈക്കമാണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന ആദ്യ കടമ്പ മറികടക്കാനായാൽ സുധാകരന് നിയമസഭയിലും പാർട്ടിയെ നയിക്കാം. വിഡി സതീശനൊപ്പം കെസി വേണുഗോപാലും തന്ത്രമൊരുക്കുന്നതിൽ നിർണ്ണായകമാകും.

സമ്മർദങ്ങളും വിവാദങ്ങളും പുകയുമ്പോൾ തന്നെ പുനഃസംഘടനാ പ്രക്രിയ ലക്ഷ്യമിട്ട നിലയിൽ മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം. കെപിസിസി ഭാരവാഹി പട്ടികയിലും സുധാകരന്റെ താൽപ്പര്യങ്ങൾ അംഗീകരിക്കും. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമായി ആലോചിക്കുമെങ്കിലും തീരുമാനം ഹൈക്കമാണ്ടിന്റേത് മാത്രമാകും. അതായത് സുധാകരൻ പറയുന്നവരെ അംഗീകരിക്കുന്ന രീതി തുടരും.

കെപിസിസി വൈസ് പ്രസിഡന്റുമാരെയും ജനറൽ സെക്രട്ടറിമാരെയും നിശ്ചയിക്കാനുള്ള ചർച്ച സംസ്ഥാന തലത്തിൽ നടക്കുന്നതിനു സമാന്തരമായി ജില്ലകളിൽ പുതിയ ഡിസിസി ഭാരവാഹികളെ നിശ്ചയിക്കാനുള്ള കൂടിയാലോചനയും നടക്കും. അതേസമയം കാത്തിരുന്നു കാണാമെന്ന തീരുമാനത്തിലാണ് എഐ വിഭാഗങ്ങൾ.

എ.കെ. ആന്റണി-കെ. കരുണാകരൻ കാലത്തിന് ശേഷം 18 വർഷത്തോളമായി ഉമ്മൻ ചാണ്ടി-രമേശ് ചെന്നിത്തല ദ്വന്ദമാണ് സംസ്ഥാന കോൺഗ്രസ് നിയന്ത്രിച്ചിരുന്നത്. എന്നാൽ അധികാരമാറ്റത്തോടെ എ, ഐ ഗ്രൂപ്പുകളിൽനിന്നുള്ള പല പ്രമുഖരും കെപിസിസി. പ്രസിഡന്റ് കെ. സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും ഒപ്പംകൂടി. കെ.സി. വേണുഗോപാലിന്റെ നീക്കങ്ങൾ എ ഗ്രൂപ്പിനെ തകർത്തു. ഐ ഗ്രൂപ്പിനെ തനിക്കൊപ്പവുമാക്കി. പ്രമുഖ നേതാക്കളെല്ലാം ചെന്നിത്തലയെ കൈവിടുമെന്ന സൂചനകളുണ്ട്.

ഐ. ഗ്രൂപ്പിന്റെ ഭാഗമായിരുന്നവരാണ് സുധാകരനും സതീശനം. കെ. മുരളീധരനും ഔദ്യോഗിക പക്ഷത്തോടൊപ്പമാണ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയെ കൈവിട്ടു. ടി. സിദ്ദിഖിനെയും ഷാഫി പറമ്പിലിനെയും പരമ്പരാഗത എ വിഭാഗത്തിന് നഷ്ടമായി. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് താത്പര്യമുണ്ടായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ അതിന് മുൻകൈയെടുക്കാത്ത ഗ്രൂപ്പ് നിലപാടിൽ പ്രതിഷേധിച്ചാണ് ക്യാമ്പ് വിട്ടത്. പിടി തോമസും എ ഗ്രൂപ്പിൽ ഇല്ല.കൊടിക്കുന്നിലും പഴയ എ വിഭാഗമാണെങ്കിലും നിലവിൽ അകൽച്ചയിലാണ്.

ഉമ്മൻ ചാണ്ടിയുടെയും രമേശിന്റെയും വാദങ്ങളെ പഴയ അനുയായികളെക്കൊണ്ടുതന്നെ എതിർക്കാൻ കഴിയുന്നത് ഔദ്യോഗികപക്ഷത്തിന് നേട്ടമാണ്. അതുകൊണ്ട് തന്നെ കെപിസിസി പുനഃസംഘടനയിലും മറ്റും ഗ്രൂപ്പുകളെ വെട്ടാൻ ഇവർക്ക് കഴിയുകയും ചെയ്യും.