നിലമ്പൂർ: നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് വഴിക്കടവ് ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുധീഷ് ചോലനായ്ക്ക് വിഭാഗത്തിൽ നിന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ സ്ഥാനാർത്ഥിയാണ്. വഴിക്കടവ് പഞ്ചായത്തിലെ വനത്തിനുള്ളിൽ പുഞ്ചക്കൊല്ലി അളക്കൽ കോളനയിൽ താമസിക്കുന്ന സുധീഷ് തെരഞ്ഞെടുപ്പിന്റെ പ്രചരണ പ്രവർത്തനങ്ങളിലേക്ക് പ്രവേശിച്ചു.

പ്രാക്തന ഗോത്രവിഭാഗമായ ചോലനായ്ക്ക വിഭാഗത്തിൽ നിന്നും ആദ്യമായിട്ടാണ് ഒരാൾ ഒരു പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഏഷ്യയിലെ പ്രാക്തന ഗോത്രവിഭാഗങ്ങളിൽ ഗുഹകളിൽ താമസിക്കുന്നവരാണ് ചോലനായക്കർ. കാടിനുള്ളിലെ സുധീഷിന്റെ താമസ സ്ഥലമുൾപ്പെടെ എട്ട് വാർഡുകൾ അടങ്ങുന്നതാണ് വഴിക്കടവ് ബ്ലോക്ക് ഡിവിഷൻ. ഡിവിഷൻ എസ്ടി ജനറൽ റിസർവേഷൻ സീറ്റായതോടെ എൽഡിഎഫ് സ്ഥാനാർത്ഥിയായി സുധീഷിനെ തീരുമാനിക്കുകയായിരുന്നു. 21 വയസ്സ് മാത്രമാണ് സുധീഷിന്റെ പ്രായം.