തിരുവനന്തപുരം: ഫേസ്‌ബുക്ക് ലൈവിലെത്തി ആത്മഹത്യക്ക് ശ്രമിച്ച് 42കാരൻ. സുഹൃത്തുക്കളുടെ സമയോചിതമായ ഇടപെടലിലൂടെ ജീവൻ രക്ഷിക്കാനായി. തിരുവനന്തപുരം മാധവപുരം സ്വദേശിയായ 42 കാരനാണ് തൂങ്ങി മരിക്കാൻ ശ്രമിച്ചത്. പ്രവർത്തനം അവസാനിപ്പിച്ച കൊച്ചുവേളി ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ കമ്പനിയിലെ തൊഴിലാളിയായിരുന്നു ഇദ്ദേ​ഹം. ജോലി നഷ്‌ടപ്പെട്ടതോടെ മാനേജ്മെന്റിനെതിരെ രൂ​ക്ഷ വിമർശനമുയർത്തിയ ശേഷമാണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചത്. 15 വർഷമായി കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്ററായിരുന്ന ഇയാളെ പിരിച്ചുവിട്ടതായി ചൂണ്ടിക്കാട്ടി ഒരു മാസം മുൻപ് കമ്പനി നോട്ടീസ് നൽകിയിരുന്നു.

ജോലി നഷ്ടമായതിനെ തുടർന്നായിരുന്നു ഇയാൾ ആത്മഹത്യാശ്രമം നടത്തിയത്. ഫെയ്‌സ് ബുക്ക് ലൈവിൽ വന്ന് മാനേജ്‌മെന്റിനെതിരേ ആരോപണങ്ങൾ ഉന്നയിച്ച ശേഷം ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. മാനേജ്‌മെന്റാണ് തന്നെ കൊന്നത്, മറ്റ് തൊഴിലാളികൾക്ക് വേണ്ടിയാണ് താൻ മരിക്കുന്നതെന്നും ഫേസ്‌ബുക്ക് ലൈവിൽ ഇയാൾ പറഞ്ഞിരുന്നു. എന്നാൽ ലൈവ് ശ്രദ്ധയിൽപെട്ട സുഹൃത്തുക്കൾ അറിയിച്ചതനുസരിച്ചെത്തിയ് വീട്ടുകാർ രക്ഷപ്പെടുത്തി. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

നേരത്തെ കമ്പനിക്കകത്ത് മരിച്ച നിലയിൽ പ്രഫുല്ല കുമാർ എന്ന തൊഴിലാളിയെ കണ്ടെത്തിയിരുന്നു. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഹേശ്വരി രംഗത്ത് വന്നിരുന്നു. പ്രഫുല്ല കുമാറിന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും മഹേശ്വരി പറഞ്ഞു. വേളി മാധവപുരം സ്വദേശി പ്രഫുല്ല കുമാറിനെ (50) കമ്പനിക്കുള്ളിലെ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. രാവിലെ സമരത്തിനെത്തിയ തൊഴിലാളികളാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മാസങ്ങളായി കമ്പനി പൂട്ടിയിട്ടിരിക്കുകയാണ്. നിരവധി ചർച്ചകൾ നടത്തിയിട്ടും ഇനിയും കമ്പനി തുറന്നിട്ടില്ല. തൊഴിലാളികൾ അന്നുമുതൽ ഇവിടെ സമരത്തിലാണ്. പ്രഫുല്ല ചന്ദ്രൻ പട്ടിണി മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് തൊഴിലാളികൾ പറയുന്നു. സുരക്ഷാ സംവിധാനമുള്ള കമ്പനിക്കുള്ളിൽ തൊഴിലാളിക്ക് രാത്രി കയറാനാവില്ല. ഫാക്ടറിയിലെ ഉപകരണങ്ങൾ കമ്പനി അധികൃതർ കടത്തിയത് തൊഴിലാളി കണ്ടിരിക്കാം. ഇത് കണ്ട പ്രഫുല്ലചന്ദ്രനെ ആരോ അപകടപ്പെടുത്തിയതാണെന്നാണ് ഐഎൻടിയുസി ആരോപണം. സംഭവം വൻ വിവാദമായിരിക്കെയാണ് മറ്റൊരു തൊഴിലാളിയുടെ ആത്മഹത്യാശ്രമം.

കളിമൺ ഖനനം കോടതി വിലക്കിയപ്പോൾ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇടപെടലിൽ മന്തി ഇ പി ജയരാജനുമായി ചർച്ച നടത്തി പ്രശ്നം പരിഹരിച്ചു. എന്നാൽ അതിൽ തൃപ്തരാകാതെ കമ്പനി പൂർണമായി സംസ്ഥാനത്തു നിന്നും മാറ്റാനുള്ള നീക്കമാണ് മാനേജ്മെന്റിന്റെ ഭാ​ഗത്തെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഒരു യൂണിറ്റ് പ്രവർത്തിപ്പിക്കാൻ ഇവർ തയ്യാറായിരുന്നു. എന്നാൽ ഇതിന്റെ പ്രവർത്തനവും അവസാനിപ്പിക്കാനാണ് ശ്രമം. തൊഴിലാളികൾക്ക് ആനുകൂല്യം നൽകണമെന്ന് ലേബർ ഓഫീസർ കഴിഞ്ഞ യോഗത്തിൽ ആവശ്യപ്പെട്ടിട്ടുപോലും മാനേജ്മെന്റ് തയ്യാറായിട്ടില്ല.