തിരുവനന്തപുരം: താൽക്കാലിക ഷെഡ് പൊളിച്ചു മാറ്റാൻ ഉദ്യോ​ഗസ്ഥർ എത്തിയതോടെ തീകൊളുത്തി ഗൃഹനാഥന്റെ ആത്മഹത്യാശ്രമം. നെയ്യാറ്റിൻകരയിലാണ് സംഭവം. വെൺപകൽ സ്വദേശി രാജനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജനെ തടയാൻ ശ്രമിച്ച ഭാര്യയ്ക്കും പൊലീസ് ഉദ്യോഗസ്ഥനും പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ രാജനെയും ഭാര്യയെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നെയ്യാറ്റിൻകര കോടതിയിൽ അയൽവാസിയായ വസന്തവുമായി രാജന് ഭൂമിസംബന്ധമായ തർക്കം നിലനിന്നിരുന്നു. ഇവിടെ അടുത്തിടെ രാജൻ കെട്ടിയ താൽക്കാലിക ഷെഡ് പൊളിച്ചു മാറ്റാൻ കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥർ ഷെഡ് പൊളിക്കാൻ എത്തിയപ്പോഴാണ് രാജൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവസമയത്ത് പിടിച്ചുമാറ്റാൻ ശ്രമിച്ച ഗ്രേഡ് എസ്‌ഐ അനിൽകുമാറിനും സാരമായി പൊള്ളലേറ്റു.