സുൽത്താൻബത്തേരി: കഴിഞ്ഞ മാസം 22ന് സുൽത്താൻബത്തേരി കാരക്കണ്ടിയിൽ ആളൊഴിഞ്ഞ കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വിദ്യാർത്ഥികളും മരണപ്പെട്ടെങ്കിലും സംഭവത്തെ കുറിച്ചുള്ള അന്വേഷണം വഴി മുട്ടി നിൽക്കുന്നു. വർഷങ്ങളായി അടഞ്ഞുകിടക്കുന്ന കെട്ടിടത്തിൽ എങ്ങനെയാണ് സ്ഫോടകവസ്തു എത്തിയതെന്നോ എന്ത് തരത്തിലുള്ള സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്നോ കണ്ടെത്താൻ ഇതുവരെയും പൊലീസിന് ആയിട്ടില്ല.

സ്ഫോടകവസ്തു സംബന്ധിച്ചുള്ള ആകെയുള്ള വിവരം സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്നലെ മരണപ്പെട്ട ഫെബിൻഫിറോസ് നൽകിയ മൊഴി മാത്രമാണ്. കറുത്ത നിറത്തിലുള്ള ഒരു പൊടിയിൽ തീപ്പെട്ടി ഉരച്ച് കത്തിക്കാൻ ശ്രമിച്ചപ്പോൾ പൊട്ടിത്തെറിച്ചതാണ് എന്നായിരുന്നു ഫെബിൻ ഫിറോസ് അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ഈ വിവരം മാത്രമാണ് ഇപ്പോഴും അന്വേഷണ സംഘത്തിന്റെ ആകെ കണ്ടെത്തൽ. കറുത്ത നിറത്തിലുള്ള പൊടി എന്തായിരുന്നു എന്നോ, അത് എങ്ങനെയാണ് ഈ കെട്ടിടത്തിൽ എത്തിയതെന്നോ എന്നതിനെ കുറിച്ച് യാതൊരു വിവരവും കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. സ്ഫോടനം നടന്ന് രണ്ടാഴ്ച കഴിയുകയും അപകടത്തിൽ പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികൾ മരണപ്പെടുകയും ചെയ്തിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഇല്ലാത്തത് സംബന്ധിച്ച് ജനങ്ങൾക്ക് ആക്ഷപമുണ്ട്.

മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ പ്രവാസിയുടേതാണ് അപകടമുണ്ടായിട്ടുള്ള കെട്ടിടം. സ്ഫോടനം നടന്ന ഉടൻ തന്നെ ഫോറൻസിക് വിദഗ്ധരും ബോംബ്സ്‌ക്വാഡുമെല്ലാം സംഭവ സ്ഥലത്തെത്തി പരിശോധ നടത്തിയിരുന്നു. സ്ഫോടകവസ്തു വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘവും പരിശോധന നടത്തിയിരുന്നു. പടക്കം പൊട്ടിയല്ല അപടകടമുണ്ടായതെന്ന് അന്നു തന്നെ പരിശോധന നടത്തിയവർ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ഉഗ്രസ്ഫോടന ശേഷിയുള്ള വസ്തുക്കളല്ല പൊട്ടിത്തെറിച്ചതെന്നും അവർ പറഞ്ഞിരുന്നു. വെടിമരുന്നാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം.

എന്നാൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന, കാടുമൂടിയ കെട്ടിടത്തിൽ ആരാണ് വെടിമരുന്ന് സൂക്ഷിച്ചത് എന്ന് കണ്ടെത്താൻ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ല. ക്വാറികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. വെടിമരുന്ന് കൈകാര്യം ചെയ്യുന്ന എല്ലാതരം തൊഴിൽ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. ബത്തേരി ടൗണിൽ പടക്കശാല നടത്തിയിരുന്നവർ ഈ കെട്ടിടം വാടകക്ക് ഉപയോഗിച്ചിരുന്നെങ്കിലും അവർ രണ്ട് വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ കെട്ടിടം ഒഴിവാക്കിയിരുന്നു. സ്ഥലത്തിന്റെ ഉടമയും വർഷങ്ങളായി ഇങ്ങോട്ട് വരാറില്ല. ഈ സാഹചര്യത്തിൽ എങ്ങിനെയാണ് കാടുമൂടിക്കിടന്ന ഈ കെട്ടിടത്തിൽ സ്ഫോടകവസ്തുക്കൾ എത്തിയത് എന്നാണ് പൊലീസിനെ കുഴക്കുന്ന ചോദ്യം.

കഴിഞ്ഞ മാസം 22ന് ഉച്ചയോടെയാണ് സുൽത്താൻബത്തേരി കാരക്കണ്ടിയിൽ ജനവാസമേഖലയിലെ ആളൊഴിഞ്ഞ കെട്ടിടത്തിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള ഷെഡ്ഡിൽ ഉഗ്രസ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ശബ്ദം കേട്ട് ആളുകൾ ഓടിയെത്തിയപ്പോൾ കണ്ടത് മൂന്ന് കുട്ടികൾ ശരീരമാകെ തീപടർന്ന അവസ്ഥയിൽ ഷെഡ്ഡിൽ നിന്ന് പുറത്തേക്ക് ഓടിവരുന്നതാണ്. നിലവിളിച്ച് കൊണ്ട് ഓടിയെത്തിയ കുട്ടികൾ സമീപത്തെ മതിലുകൾ ചാടിക്കടന്ന് തൊട്ടടുത്തുണ്ടായിരുന്ന കുളത്തിലേക്ക് എടുത്ത് ചാടുകയും ചെയ്തു. മുരളി, അജ്മൽ, ഫെബിൻ ഫിറോസ് എന്നീ മൂന്ന് കുട്ടികളായിരുന്നു അത്. മൂന്ന് പേരും മരണപ്പെട്ടു.

പാലക്കാട് നിന്ന് അവധിക്ക് ബന്ധുവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു മുഹമ്മദ് അജ്മൽ. ഫെബിൻ ഫിറോസിന്റെ പിതാവ് ജലീലിന്റെ സഹോദരിയുടെ മകളുടെ മകനാണ് മുഹമ്മദ് അജ്മൽ.ഫെബിന്റെയും അജ്മലിന്റെയും സുഹൃത്താണ് മുരളി.സ്ഫോടനത്തിൽ മുരളിക്കും അജ്മലിനും 90 ശതമാനത്തോളവും ഫെബിന് 80 ശതമാനത്തോളവും പൊള്ളലേറ്റിരുന്നു. മൂന്ന് പേരും കളിക്കാൻ പോയി തിരിച്ചുരുന്നതിനിടയിൽ വാങ്ങിയ ശീതള പാനീയം കുടിക്കാനായി ആളൊഴിഞ്ഞ കെട്ടിടത്തോട് ചേർന്ന ഷെഡ്ഡിൽ കയറിയതാണ് എന്നാണ് ഫെബിൻഫിറോസ് ആശുപത്രി കിടക്കയിൽ വെച്ച് മൊഴി നൽകിയിട്ടുള്ളത്.

അവിടെ കൂട്ടിയിട്ടിരുന്ന കറുത്ത നിറത്തിലുള്ള പൊടിയിൽ തീപ്പെട്ടി ഉരച്ച് കത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ പൊട്ടിത്തെറിക്കുകയായിരുന്നു എന്നും ഫെബിൻഫിറോസ് മൊഴി നൽകി. അപകടം കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷമാണ് ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മുരളിയും അജ്മലും മരണപ്പെടുന്നത്. 15 മിനിറ്റിന്റെ വ്യത്യാസത്തിലാണ് ഇരുവരും മരണപ്പെട്ടത്. അപ്പോഴും ഫെബിൻ ഫിറോസ് ആരോഗ്യത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു നാട് മുഴുവൻ. എന്നാൽ വെള്ളിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ഫെബിൻ ഫിറോസും മരണപ്പെട്ടു.