കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി സംസ്‌കരിച്ചു.കുന്ദമംഗംലം പാണരുകണ്ടിയിൽ സുന്ദരൻ എന്ന വ്യക്തിയുടെ മൃതദേഹത്തിന് പകരം കോഴിക്കോട് കക്കോടി സ്വദേശിയായ കൗസല്യ എന്ന സ്ത്രീയുടെ മൃതദേഹമാണ് ഇന്ന് സുന്ദരന്റെ ബന്ധുക്കൾക്ക് വിട്ടു നൽകിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സുന്ദരന്റെ ബന്ധുക്കൾ ഇന്ന് രാവിലെ കക്കോടി സ്വദേശിയായ സ്ത്രീയുടെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

എന്നാൽ പിന്നീട് കൗസല്യയുടെ ബന്ധുക്കൾ മൃതദേഹം പരിശോധിച്ചപ്പോഴാണ് മൃതദേഹം മാറിയതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുന്ദന്റേതെന്ന് പറഞ്ഞ് സുന്ദരന്റെ ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം കൗസല്യയുടേതാണെന്ന് കണ്ടെത്തുകയും ചെയ്തു.സുന്ദരന്റെ മൃതദേഹം ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. സുന്ദരന്റെ മൃതദേഹം നാളെ ലഭിക്കുമെന്ന് സഹോദരൻ അനീഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. സുന്ദരന്റേതെന്ന് പറഞ്ഞ് മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ച മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുകയായിരുന്നു. സംസ്‌കാരം നടത്തിയതിന് ശേഷമാണ് മൃതദേഹം മാറിപ്പോയതാണെന്ന് അറിയിച്ചത്. കോവിഡ് ബാധിച്ച് മരിച്ചതായതിനാൽ തന്നെ മുഖം തുറന്ന് നോക്കാൻ അനുവദിച്ചിരുന്നില്ല എന്നും അനീഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് സുന്ദരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് സുന്ദരന്റേത് എന്ന പേരിൽ കൗസല്യുടെ മൃതദേഹം സുന്ദരന്റെ ബന്ധുക്കൾക്ക് നൽകിയത്. കോവിഡ് ബാധിച്ച് മരിച്ചതായതിനാൽ തന്നെ എത്രയും പെട്ടെന്ന് സംസാകരവും നടത്തി. സംസ്‌കാരം പൂർത്തിയായതിന് ശേഷമാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്. ഇനി നാളെ യഥാർത്ഥ മൃതദേഹം വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷയെന്നും സുന്ദരന്റെ ബന്ധുക്കൾ പറഞ്ഞു.

അതേ സമയം സംഭവത്തിൽ അനാസ്ഥ കാണിച്ച ഉദ്യാഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ജില്ല പഞ്ചായത്ത് കുന്ദമംഗലം ഡിവിഷൻ അംഗം എം ധനീഷ് ലാൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ഒരേ സമയം രണ്ട് മൃതദേഹങ്ങളോട് കോഴിക്കോട് മെഡിക്കൽ കോളേജിലെ ജീവനക്കാർ അനാദരവ് കാണിച്ചതെന്നും കാരണക്കാരായ ജീവനക്കാർക്കെതിരെ നടപടി വേണമെന്നും ധനീഷ് ലാൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പ്രതികരിക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല.