തിരുവനന്തപുരം: പ്രതിദിന കോവിഡ് നിരക്കിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകില്ല. അതേ സമയം ഞായറാഴ്ച ലോക്ഡൗൺ പുനഃസ്ഥാപിച്ചു. കഴിഞ്ഞ രണ്ടാഴ്ചകളായി സംസ്ഥാനത്ത് ഞായറാഴ്ചത്തെ ലോക്ഡൗൺ ഒഴിവാക്കിയിരുന്നു. സ്വാതന്ത്ര്യ ദിനത്തിലും മൂന്നാം ഓണത്തിനുമാണ് ലോക് ഡൗൺ ഒഴിവാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ലോക്ഡൗൺ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്.

നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കും. കടകൾക്കും പൊതുസ്ഥലങ്ങളിലും നൽകിയിരുന്ന ഇളവുകൾ അതുപോലെ തുടരും. ആൾക്കൂട്ടം ഉണ്ടാകുന്നില്ല, നിലവിലെ നിയന്ത്രണങ്ങൾ ലംഘിക്കപ്പെടുന്നില്ല എന്നത് ഉറപ്പാക്കാനുള്ള കർശന പരിശോധനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

അടുത്ത ഞായറാഴ്ച മുതൽ എല്ലാ ഞായറാഴ്ചകളിലും സംസ്ഥാനത്ത് ലോക്ഡൗൺ തന്നെ ആയിരിക്കും. നിലവിലെ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുക എന്ന പൊതു തീരുമാനമാണ് അവലോകന യോഗത്തിൽ കൈക്കൊണ്ടിരിക്കുന്നത്.

പ്രാദേശിക അടിസ്ഥാനത്തിൽ നിയന്ത്രണം ശക്തമാക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. തെരുവുകൾ, മാർക്കറ്റ്, ഹാർബർ, ഫിഷിങ് വില്ലേജ്, മാൾ, റസിഡൻഷ്യൽ ഏരിയ, ഫാക്ടറി, എംഎസ്എംഇ യൂണിറ്റ്, ഓഫിസ്, ഐടി കമ്പനി, ഫ്‌ളാറ്റ്, വെയർഹൗസ്, വർക്ഷോപ്, 10 പേരിലധികമുള്ള കുടുംബം എന്നിവ ഉൾപ്പെടെ മൈക്രോ കണ്ടെയ്ന്മെന്റ് സോണിന്റെ നിർവചനത്തിൽ വരുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണം.

100 മീറ്റർ പരിധിയിൽ അഞ്ചിലധികം കേസുകൾ ഒരു ദിവസം റിപ്പോർട്ടു ചെയ്താൽ അതിലുൾപ്പെടുന്ന സ്ഥാപനങ്ങളും വീടുകളും മൈക്രോ കണ്ടെയ്ന്മെന്റ് സോണിലാകും. അഞ്ചിൽ താഴെ കേസുകളാണെങ്കിലും സാഹചര്യങ്ങൾക്കനുസരിച്ച് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിക്ക് തീരുമാനമെടുക്കാം. 7 ദിവസത്തേക്കായിരിക്കും നിയന്ത്രണം. ട്രിപ്പിൾ ലോക്ഡൗണായിരിക്കും ഏർപ്പെടുത്തുന്നത്.

രോഗവ്യാപനം കൂടുതലുള്ള സ്ഥലത്തുനിന്ന് 100 മീറ്റർ പരിധിയായിരിക്കും നിയന്ത്രണത്തിനായി കണക്കാക്കുക. 100 മീറ്റർ പരിധി കണക്കാക്കുമ്പോൾ റോഡിന് ഇരുവശവുമുള്ള കച്ചവട സ്ഥാപനങ്ങളും വീടുകളും ഉൾപ്പെടുത്തും. ഒരു ഭാഗം മാത്രം അടച്ചിടുന്നത് ഗുണകരമാകില്ല എന്നതിനാലാണിത്.

ആരോഗ്യവകുപ്പ് നേരത്തെ നിർദ്ദേശിച്ചത് പോലെ വാക്‌സിനേഷൻ വർധിപ്പിക്കുക, പരിശോധന വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ കോവിഡ് അവലോകന യോഗത്തിൽ ചർച്ച ചെയ്തു. നിലവിലെ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കിക്കൊണ്ട് കോവിഡ് വ്യാപനം ഒഴിവാക്കാനുള്ള ശ്രദ്ധപുലർത്തണമെന്നുള്ള നിർദ്ദേശം കൂടി വകുപ്പുകൾക്ക് നൽകി.

സംസ്ഥാനത്ത് അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓണക്കാലത്ത് പലയിടങ്ങളിലും ആൾത്തിരക്ക് ഉണ്ടായിട്ടുണ്ട്. ഇളവ് നൽകിയ വ്യാപാര സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിൽ പലയിടത്തും ആൾക്കൂട്ടം ഉണ്ടായി. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നെങ്കിലും എല്ലായിടത്തും അത് പാലിക്കപ്പെട്ടില്ലെന്നും ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം ഇറക്കിയ വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തിയിരുന്നു.

അതീവ വ്യാപനശേഷിയുള്ള ഡെൽറ്റ വൈറസിന്റെ ഭീഷണിയിലാണ് സംസ്ഥാനത്തെ പല പ്രദേശങ്ങളും. കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

പരമാവധി പേർക്ക് വാക്സീൻ നൽകി സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. വാക്സീൻ എടുത്തു എന്ന് കരുതി ആരും ജാഗ്രത കൈവിടരുതെന്നും ആരോഗ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. വാക്സീൻ എടുത്തവർ മുൻകരുതലുകളെടുത്തില്ലെങ്കിൽ അവരിലൂടെ ഡെൽറ്റ വകഭേദം കൂടുതലായി വ്യാപിക്കുമെന്നാണ് അടുത്ത കാലത്തുണ്ടായ പഠനങ്ങൾ സൂചിപ്പിക്കുന്നത്.