വാഷിങ്ടൺ: ഒരാളല്ല, ഇന്ത്യൻ വേരുകളുള്ള രണ്ടു പേരാണ് നവംബർ മൂന്നിന് നടക്കുന്ന യു എസ് തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായി കമല ഹാരിസും പാർട്ടി ഫോർ സോഷ്യലിസം ആൻഡ് ലിബറേഷൻ സ്ഥാനാർത്ഥിയായി സുനിൽ ഫ്രീമാനും. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പലപ്പോഴും സോഷ്യലിസ്റ്റ് എന്ന നിലയിൽ കമല ഹാരിസിനെ ആക്ഷേപിക്കുന്നതുകൊണ്ടു തന്നെ അവർ ഇതിനകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ, ശക്തമായ റാഡിക്കൽ സോഷ്യലിസ്റ്റ് അജൻഡയുള്ള സ്ഥാനാർത്ഥിയാണ് ഫ്രീമാൻ.

സുനിൽ ഫ്രീമാന്റെ അമ്മ ഫ്‌ളോറ നവിത ഇന്ത്യയിൽ നിന്നുള്ളയാളാണ്. ഇന്ത്യാ വിഭജനത്തിനു ശേഷം വാരണാസിയിലെ അഭയാർത്ഥി ക്യാംപിൽ ഫ്‌ളോറ അദ്ധ്യാപികയായി പ്രവർത്തിക്കുന്നതിനിടയിൽ ആണ് ചാൾസ് ഫ്രീമാനെ കണ്ടുമുട്ടുന്നത്. അമേരിക്കൻ സമാധാന സംഘത്തിലെ അംഗമായി ഇന്ത്യ സന്ദർശിക്കാൻ എത്തിയത് ആയിരുന്നു ചാൾസ് ഫ്രീമാൻ.

അതേസമയം, തന്റെ അമ്മ എല്ലായ്‌പ്പോഴും സാരി ആയിരുന്നു ഉടുത്തിരുന്നതെന്ന് IANS ന് അനുവദിച്ച അഭിമുഖത്തിൽ സുനിൽ ഫ്രീമാൻ വെളിപ്പെടുത്തി. പതിറ്റാണ്ടുകളായി യു എസിൽ താമസിക്കുകയാണെങ്കിലും ഇന്ത്യൻ പൗരത്വം അമ്മ നിലനിർത്തിയെന്നും സുനിൽ വെളിപ്പെടുത്തി. ന്യൂഡൽഹിയിലും ലഖ്‌നൗവിലുമായി വളർന്ന അവർ ലഖ്‌നൗവിലെ ഇസബെൽ തോബൺ കോളേജിൽ നിന്നാണ് ബിരുദം സ്വന്തമാക്കിയത്.

വാഷിങ്ടൺ മേഖലയിലാണ് സുനിൽ ഫ്രീമാൻ വളർന്നുവന്നത്. പത്താം വയസിൽ ഇന്ത്യ സന്ദർശിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും ശക്തമായ അനുഭവമായാണ് സുനിൽ വിശേഷിപ്പിക്കുന്നത്. പാർട്ടി ഫോർ സോഷ്യലിസം ആൻഡ് ലിബറേഷനെ കമ്മ്യൂണിസ്റ്റ് എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. പക്ഷേ, സർക്കാരിനെ അക്രമാസക്തമായി അട്ടിമറിക്കുന്നതിൽ അദ്ദേഹം വിശ്വസിക്കുന്നില്ല.ഞങ്ങൾ ഒരു കമ്മ്യൂണിസ്റ്റ് സംഘടനയാണ്. സോഷ്യലിസത്തെ കമ്മ്യൂണിസ്റ്റ് സമൂഹത്തിലേക്കുള്ള ചുവടുവെപ്പായി ഞങ്ങൾ കാണുന്നു. പക്ഷേ ഇത് വളരെ നീണ്ട ഒരു പ്രക്രിയയാണ്' - സുനിൽ ഫ്രീമാൻ പറഞ്ഞു.