കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും വിമർശിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ കവി സച്ചിദാനന്ദനെ ഫേസ്‌ബുക്ക് വിലക്കിയ സംഭവത്തിൽ പ്രതികരിച്ച് എഴുത്തുകാരൻ സുനിൽ പി. ഇളയിടം. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം സച്ചിദാനന്ദന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

'സച്ചി മാഷിന് ഐക്യദാർഢ്യം, സുഹൃത്തുക്കളെ, മലയാളികളുടെ പ്രിയ കവി പ്രൊഫസർ കെ. സച്ചിദാനന്ദന് ഫേസ്‌ബുക്ക് വിലക്ക് ഏർപ്പെടുത്തി. പ്രതിഷേധിക്കുക,' എന്ന പ്രതികരണത്തേടൊപ്പം സച്ചിദാനന്ദൻ എഴുതിയ കുറിപ്പും അദ്ദേഹം പങ്കുവെച്ചു.

ഡിവൈഎഫ്ഐയും സച്ചിദാനന്ദന് പന്തുണയുമായി എത്തിയിരുന്നു. ലോകത്തെവിടെയുമുള്ള സാഹിത്യ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട മഹാ പ്രതിഭയാണ് സച്ചിദാനന്ദൻ. അദ്ദേഹത്തിന് നേരെ പോലും ഇത്തരത്തിൽ ജനാധിപത്യവിരുദ്ധ നീക്കമുണ്ടായത് ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യം അത്രമേൽ ഭീഷണി നേരിടുന്നു എന്നതിന്റെ തെളിവാണാണെന്നുമായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞത്.

ഫേസ്‌ബുക്ക് വിലക്കിനെ തുടർന്ന് സച്ചിദാനന്ദൻ ഇന്നലെ എഴുതിയ കുറിപ്പ്:

ഇന്നലെ രാത്രിയാണ് എനിക്ക് ഫേസ്‌ബുക്ക് വിലക്ക് വന്നത്. അമിത് ഷായെയും കേരളത്തിലെ ബിജെപി.യുടെ പരാജയത്തെയും കറിച്ചുള്ള നർമ്മം കലർന്ന ഒരു വീഡിയോയും മോദിയെ ക്കുറിച്ച് ' കണ്ടവരുണ്ടോ' എന്ന ഒരു നർമ്മരസത്തിലുള്ള പരസ്യവും. രണ്ടും എനിക്ക് വാട്സ്ആപ്പിൽ അയച്ചു കിട്ടിയതാണ്. പോസ്റ്റു ചെയ്തപ്പോഴാണു് ഇതുണ്ടായത്.

ഏപ്രിൽ 21ന് ഒരു താക്കീത് കിട്ടിയിരുന്നു. അത് ഒരു ഫലിതം നിറഞ്ഞ കമന്റിനായിരുന്നു. അതിനും മുമ്പും പല കമന്റുകളും അപ്രത്യക്ഷമാകാറുണ്ട്. താക്കീത് നേരിട്ട് ഫേസബുക്കിൽ നിന്നാണ് വന്നത്. അടുത്ത കുറി റെസ് ട്രൈൻ ചെയ്യുമെന്ന് അതിൽ തന്നെ പറഞ്ഞിരുന്നു.

നമ്മുടെ രാഷ്ട്രീയത്തിന് സെൻസെർഷിപ്പ് ഏർപ്പെടുത്താൻ അനുവദിക്കരുത്; ഫേസ്‌ബുക്കിനെതിരെ വിമർശനവുമായി തരൂർ
മെയ് 7ന്റെ അറിയിപ്പിൽ പറഞ്ഞത് 24 മണിക്കൂർ ഞാൻ പോസ്റ്റ്ചെയ്യുന്നതും കമന്റ് ചെയ്യുന്നതും ലൈക് ചെയ്യുന്നതുമെല്ലാം 24 മണിക്കൂർ നേരത്തെയ്ക്ക് വിലക്കിയിരിക്കുന്നു എന്നും 30 ദിവസം ഫേസ്‌ബുക്കിൽ ലൈവ് ആയി പ്രത്യക്ഷപ്പെടരുതെന്നുമാണ്. അവരുടെ കമ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘിച്ചു എന്നാണ് പരാതി.

ഇന്ന് പാതിരാത്രിക്ക് വിലക്കു തീരും. ഇനി ഇടയ്ക്കിടയ്ക്ക് ഇതു പ്രതീക്ഷിക്കാമെന്നു തോന്നുന്നു. ഇങ്ങിനെ വിമർശനങ്ങളെ അടിച്ചമർത്തുന്നതിനെതിരെ ലാൻസെറ്റിൽ വന്ന ഒരു ലേഖനം പോസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ മറ്റ് ആളുകൾ മോശമായി കണ്ടെത്തിയത് താങ്കൾ പോസ്റ്റുചെയ്യാൻ നിങ്ങൾ ശ്രമിക്കുന്നു എന്ന മെസേജ് ഇപ്പോൾ ഫേസ്‌ബുക്കിൽ നിന്നു കിട്ടി. ഇതിനർത്ഥം ഒരു നിരീക്ഷക സംഘം എന്നെപ്പോലുള്ള വിമർശകർക്കു പിറകേ ഉണ്ടെന്നാണ്.