തൃശൂർ: സിപിഐ സർവീസ് സംഘടനയുടെ സമ്മേളനത്തിൽ സംഘപരിവാറിനെ വിമർശിച്ച വി എസ് സുനിൽകുമാറിനെ ചോദ്യം ചെയ്ത് കെആർഡിഎസ്എ പ്രവർത്തകൻ. ശബരിമല വിഷയത്തിലെ തെറ്റായ പ്രചരണങ്ങളെ പറ്റി പറയുമ്പോഴാണ് ജോയിന്റ് കൗൺസിൽ സുൽത്താൻ ബത്തേരി മേഖലാ പ്രസിഡന്റ് പി.രവി എതിർ ശബ്ദവുമായി എഴുന്നേറ്റത്.

വിമർശനം ഉയർത്തിയതോടെ പ്രതിനിധിയെ നേതാക്കൾ ഇടപെട്ട് പുറത്താക്കി. ഇന്നലെയും ഇന്നുമായി തൃശൂരിൽ നടന്ന കെആർഡിഎസ്എ സംസ്ഥാന സമ്മേളനത്തിലാണ് സംഭവം.

സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചാണ് നേതാക്കൾ പ്രശ്നം അവസാനിപ്പിച്ചത്. ചോദ്യമുന്നയിച്ചയാളെ പുറത്താക്കിയതിനാൽ കൂടുതൽ ചോദ്യങ്ങൾ സമ്മേളനത്തിൽ ഉയർന്നില്ല.

അനിഷ്ടസംഭവത്തിൽ കെആർഡിഎസ്എ നേതാക്കൾ വേദിയിൽവെച്ചുതന്നെ സുനിൽകുമാറിനോട് ഖേദം പ്രകടിപ്പിച്ചു. സിപിഐയുടെ സജീവ പ്രവർത്തകരുള്ള കെആർഡിഎസ്എയുടെ സമ്മേളനത്തിലെ സംഘപരിവാർ അനുകൂല ചോദ്യം പാർട്ടി നേതാക്കളെ ഞെട്ടിച്ചു. സർവീസ് സംഘടനകൾക്ക് രാഷ്ട്രീയ ഉള്ളടക്കം നഷ്ടപ്പെടുന്നുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.