കൊൽക്കത്ത: ബിരുദപഠനത്തിനുള്ള പ്രവേശനപട്ടികയിൽ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പേരും. കൊൽക്കത്തയിലെ അശുതോഷ് കോളേജിന്റെ ഇംഗ്ലീഷ് ബിഎ(ഓണേഴ്സ്) പ്രവേശനത്തിന്റെ മെറിറ്റ് ലിസ്റ്റിലാണ് സണ്ണിയുടെ പേര് പ്രഥമസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടത്.

അപേക്ഷയുടെ ഐ.ഡിയും റോൾ നമ്പറും സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പട്ടികയിൽ ചേർത്തിരുന്നു. പ്ലസ് ടു പരീക്ഷയിൽ പ്രധാനപ്പെട്ട നാല് വിഷയങ്ങളിൽ കരസ്ഥമാക്കിയ മുഴുവൻ മാർക്കും(400) പേരിനൊപ്പം രേഖപ്പെടുത്തിയിരുന്നു.

ആരോ മനഃപൂർവമൊപ്പിച്ച തമാശയാണിതെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. തെറ്റായ അപേക്ഷയോടൊപ്പം താരത്തിന്റെ പേര് ചേർത്ത് നൽകിയതാണെന്നും തെറ്റ് തിരുത്താൻ പ്രവേശനവിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു. ഓൺലൈനിലൂടെ നടക്കുന്ന പ്രവേശനനടപടികളെ കുറിച്ച് ആശങ്കകളുയർത്തിയിരിക്കുകയാണ് ഈ സംഭവം.