ലണ്ടൻ: കോവിഡിന്റെ ആദ്യനാളുകളിൽ ബ്രിട്ടൻ ദർശിച്ച് തിക്കുംതിരക്കും വീണ്ടും സൂപ്പർമാർക്കറ്റുകളിൽ ദൃശ്യമാകുവാൻ തുടങ്ങി. ഭക്ഷണസാധനങ്ങൾ മുതൽ ടോയ്ലറ്റ് റോളുകൾ വരെ വാങ്ങിക്കൂട്ടാനുള്ള തത്രപ്പാടിലാണ് ജനം. ജീവിതചെലവ് വർദ്ധിക്കുകയും ഇന്ധനക്ഷാമ തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ മുതിർന്നവരിൽ ആറിൽ ഒരാൾക്ക് വീതം അത്യാവശ്യ ഭക്ഷ്യവസ്തുക്കൾ ആവശ്യത്തിന് ലഭ്യമല്ലാതാകുന്നു എന്നാണ് ഏറ്റവും പുതിയ ഒരു സർവ്വേയിൽ തെളിഞ്ഞത്.

മാഞ്ചസ്റ്ററിലെ കോസ്റ്റ്കോ സ്റ്റോർ തുറന്ന ഉടൻ തന്നെ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ പഠനം വെളിവാക്കുന്നത് 17 ശതമാനം പേർക്ക് ആവശ്യമുള്ള വസ്തുക്കൾ ലഭ്യമായില്ല എന്നാണ്. അത്യാവശ്യവസ്തുക്കളല്ലാത്തവയുടെ കാര്യത്തിലും ക്ഷാമം അനുഭവപ്പെടുന്നു എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉപഭോക്താക്കളിൽ മൂന്നിൽ രണ്ടു ഭാഗവും ക്രിസ്ത്മസ്സ് നാളുകളിൽ അത്യാവശ്യ വസ്തുക്കളുടേ ലഭ്യതയെ ഓർത്ത് ആശങ്കപ്പെടുന്നു എന്ന് റീടെയിൽ മാഗസിൻ ദി ഗ്രോസർ നടത്തിയ സർവ്വേയിൽ പറയുന്നു.

പല ചില്ലറവില്പന ശാലകളും ക്രിസ്ത്മസ്സ് സ്പെഷ്യൽ സാധനങ്ങളെല്ലാം നേരത്തേ വാങ്ങി ശേഖരിക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടുകയാണ്. ഭക്ഷണ പദാർത്ഥങ്ങൾ വാങ്ങി ഡീപ് ഫ്രീസറിൽ സൂക്ഷിക്കുവാനാണ് ഇവർ ആവശ്യപ്പെടുന്നത്. ടെസ്‌കോ, സെയിൻസ്ബറി, അസ്ഡ, മോറിസ്ൺസ് എന്നീ നാലു പ്രധാന സൂപ്പർമാർക്കറ്റുകളേയും ഭക്ഷ്യക്ഷാമം പ്രതികൂലമായി ബാധിച്ചു. ഈവർഷം ഇതുവരെ 2 ബില്ല്യൺ പൗണ്ടിന്റെ കുറവാണ് വില്പനയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആവശ്യ സാധനങ്ങൾ ലഭ്യമല്ലാത്തതാണ് വില്പന കുറയുവാൻ കാരണമായിരിക്കുന്നത്.

അതേസമയം ടുമാറ്റോ സോസിനും ബേക്ക്ഡ് ബീൻസിനും പ്രസിദ്ധമായ ക്രാഫ്റ്റ് ഹീൻസ്, പല രാജ്യങ്ങളിലും തങ്ങളുടേ ഉദ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചതായി അറിയിച്ചു. പലയിടങ്ങളിലും നാണയപെരുപ്പം അതിരുവിട്ട് വർദ്ധിച്ചതാണ് ഇതിന് കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്. ബ്രിട്ടനിലും ഉദ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചേക്കും.

ഒന്നിലധികം പ്രതിസന്ധികളാണ് കോവിഡാനന്തര കാലത്ത് ബ്രിട്ടൻ അഭിമുഖീകരിക്കുന്നത്. ഹെവി ഗുഡ്സ് ഡ്രൈവർമാരുടെ ക്ഷാമം, താറുമാറായ വിതരണ ശൃംഖല, നാണയപ്പെരുപ്പം, ഇന്ധന വിലവർദ്ധനവും ക്ഷാമവും തുടങ്ങിയ പ്രതിസന്ധികൾക്കിടയിൽ സാധാരണക്കാരന്റെ നട്ടെല്ല് ഒടിക്കുന്ന നികുതിവർദ്ധനവും സാധാരണക്കാരുടേ ജീവിതം ദുരിതപൂർണ്ണമാക്കും എന്നതിൽ സംശയമൊന്നുമില്ല.

സ്വകാര്യമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമല്ലെന്ന് പറഞ്ഞ് ബോറിസ് ജോൺസൺ കൈക്കഴുകിക്കഴിഞ്ഞു. ഫാസ്റ്റ്ട്രാക്ക് സിസ്റ്റം വിപുലീകരിച്ച് 5000 പേർക്ക് കൂടി എച്ച് ജി വി ഡ്രൈവർമാരാകാനുള്ള പരിശീലനം നൽകുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി നദിം സഹാവി പറഞ്ഞെങ്കിലും അടുത്തമാസം മുതൽ മാത്രമായിരിക്കും പരിശീലനം തുടങ്ങുക. അതായത്, ക്രിസ്ത്മസ്സ് കാലത്തേക്ക് വിതരണ ശൃംഖലയെ നേർവഴിക്കാക്കാൻ ഇവരുടേ സേവനം ലഭ്യമാകില്ല എന്നുറപ്പ്.

ഈ പ്രതിസന്ധിക്ക് ആഴം കൂട്ടിക്കൊണ്ട് ക്രിസ്ത്മസ്സിന് ടർക്കികളെ വിതരണം ചെയ്യുന്നത് നിർത്തിവയ്ക്കുമെന്ന് ഫ്രാൻസിന്റെ ഭീഷണിയും ഉയർന്നുകഴിഞ്ഞു. ബ്രെക്സിറ്റാനന്തര കാലത്ത് ബ്രിട്ടീഷ് സമുദ്രാതിർത്തിയിൽ മത്സ്യബന്ധനം നടത്തുവാൻ ഫ്രഞ്ച് മത്സ്യത്തൊഴിലാളികൾക്ക് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഇത്തരമൊരു ഭീഷണിയിൽ കലാശിച്ചിരിക്കുന്നത്. ലൈസൻസ് വിഷയത്തിൽ ഒരു തീരുമാനമെടുക്കാൻ ബ്രിട്ടന് രണ്ടാഴ്‌ച്ച സമയം നൽകിയിരിക്കുകയാണ്. അതുകഴിഞ്ഞാൽ, ബ്രിട്ടനിലേക്ക് ഉദ്പന്നങ്ങൾ എത്തിക്കുന്ന കലായ്സ് തുറമുഖവും ചാന ടണലും തടയും എന്ന് മത്സ്യത്തൊഴിലാളികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബ്രിട്ടനിലെ ഇന്ധന പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ തുടങ്ങിയതോടെ പല ഉദ്പാദന ശാലകളും രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ അടച്ചുപൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി വ്യാവസായിക രംഗത്തെ വിദഗ്ദർ രംഗത്തെത്തി. ഊർജ്ജം ധാരാളമായി ഉപയോഗിക്കുന്ന നിർമ്മാണ കേന്ദ്രങ്ങൾ താത്ക്കാലികമായി അടച്ചിടുവാനാണ് ഉടമകൾ ആലോചിക്കുന്നത്. കുതിച്ചുയരുന്ന ഇന്ധനവില, നിർമ്മാണചെലവ് കണക്കില്ലാതെ ഉയർത്തുന്നതിനാലാണിതെന്ന് അവർ പറയുന്നു.

പ്രകൃതി വാതക വിലയിലെ വർദ്ധനവ് ഏറ്റവും അധികം പ്രതികൂലമായി ബാധിച്ച ഉരുക്കു നിർമ്മാണ ശാലകൾ സർക്കാർ അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടണമെന്ന ആവശ്യം ഉയർത്തിക്കഴിഞ്ഞു. ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞാൽ ഉദ്പാദനം ലാഭകരമാകില്ലെന്ന് ഗ്ലാസ്സ് നിർമ്മാതാക്കളും തിരിച്ചറിഞ്ഞുകഴിഞ്ഞു. ഈ പ്രതിസന്ധിയെ നേരിടാൻ ക്വാസി ക്വാർടെംഗ് ഋഷി സുനാകിനോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ടേക്കും എന്ന വാർത്ത പുറത്തുവന്നിട്ടുണ്ട്.

ഏതാനും ആഴ്‌ച്ചകൾ കൂടി ഇന്ധനപ്രതിസന്ധി തുടർന്നാൽ എല്ലാ മേഖലകളും അടച്ചുപൂട്ടേണ്ടതായി വരുമെന്നാണ് മറ്റൊരു വ്യവസായ പ്രമുഖൻ പറഞ്ഞത്. അങ്ങനെ സംഭവിച്ചാൽ അത് വൻ തൊഴിൽ നഷ്ടത്തിലായിരിക്കും കലാശിക്കുക. ഉത്സവകാലമെത്തുമ്പോഴേക്കും ഇനിയും ധാരാളം പേർ തൊഴിലില്ലാത്തവരായി മാറും.